'അഞ്ചു വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയ കോര്‍പറേറ്റ് കടം ഏഴു ലക്ഷം കോടി'

ബാങ്കിലുള്ള ജനങ്ങളുടെ പണത്തിന്റെ സുരക്ഷയ്ക്ക് ആരാണ് ഉത്തരവാദി?

ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനിടെ വന്‍കിട കോര്‍പറേറ്റുകളുടെ ഏഴു ലക്ഷം കോടി രൂപ നരേന്ദ്രമോദി സര്‍ക്കാര്‍ എഴുതിത്തള്ളിയെന്ന് കോണ്‍ഗ്രസ്. ക്രഡിറ്റ് സ്യൂസ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഈ ആരോപണം ഉന്നയിച്ചത്.

'ക്രഡിറ്റ് സ്യൂസ് റിപ്പോര്‍ട്ട് വെളിച്ചത്തു കൊണ്ടുവന്ന കടം എഴുതിത്തള്ളലിന്റെയും നിഷ്‌ക്രിയ ആസ്തിയെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. 2014 മുതല്‍ മോദി സര്‍ക്കാര്‍ 7,77,800 കോടി രൂപയുടെ കടമാണ് എഴുതിത്തള്ളിയത്' - സുര്‍ജേവാല ആരോപിച്ചു. ഇതിന്റെ ഗുണഭോക്താക്കളുടെ പേരു വിവരങ്ങള്‍ എന്തു കൊണ്ടാണ് സര്‍ക്കാര്‍ പുറത്തുവിടാത്തത് എന്നും അദ്ദേഹം ചോദിച്ചു.

9,10,800 കോടിയാണ് ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി. സ്വകാര്യ ബാങ്കുകളുടെ വായ്പാ വളര്‍ച്ച 12 ശതമാനത്തിലേക്കും പൊതുമേഖലാ ബാങ്കുകളുടേത് നാലു ശതമാനത്തിലേക്കും താഴ്ന്നിരിക്കുന്നു. കോര്‍പറേറ്റ് സുഹൃത്തുക്കുളുടെ വായ്പകള്‍ മാത്രമാണ് എഴുതിത്തള്ളിയിട്ടുള്ളത്. കര്‍ഷക കടത്തില്‍ ഈ ആശ്വാസമില്ലേ? ബാങ്കിലുള്ള ജനങ്ങളുടെ പണത്തിന്റെ സുരക്ഷയ്ക്ക് ആരാണ് ഉത്തരവാദി?- അദ്ദേഹം ചോദിച്ചു.

Next Story
Read More >>