കശ്മീര്‍ വിഭജനം: ബില്‍ കൊണ്ടുവന്നത് തിടുക്കപ്പെട്ട്, ഉണ്ടായിരുന്നത് 52 തെറ്റുകള്‍!

ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് മൂന്നു പേജ് വരുന്ന രേഖ തയ്യാറാക്കിയത്.

കശ്മീര്‍ വിഭജനം: ബില്‍ കൊണ്ടുവന്നത് തിടുക്കപ്പെട്ട്, ഉണ്ടായിരുന്നത് 52 തെറ്റുകള്‍!

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞ ശേഷം കേന്ദ്രആഭ്യന്തര മന്ത്രാലയം കൊണ്ടുവന്ന ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്ലില്‍ ഉണ്ടായിരുന്നത് 52 തെറ്റുകള്‍. തിടുക്കപ്പെട്ട് തയ്യാറാക്കിയതു കൊണ്ടാണ് ഇത്രയും തെറ്റുകള്‍ ഉണ്ടായിരുന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

' പ്രധാനപ്പെട്ട ഒരു നിയമമാണിത്. എത്ര തിടുക്കപ്പെട്ടാണ് സര്‍ക്കാര്‍ തയ്യാറാക്കിയത് എന്ന് ഈ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥത്തില്‍ തെറ്റുകളുടെ കോമഡി തന്നെയാണ് ബില്ലില്‍' - ബില്ലിനെ കുറിച്ച് ഒരു ഉദ്യോഗസ്ഥന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

ജമ്മു കശ്മീരിനെ വിഭജിച്ച് ജമ്മു-കശ്മീര്‍, ലഡാക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കാനുള്ള തീരുമാനത്തിനായി തയ്യാറാക്കിയ രേഖ സെപ്തംബര്‍ 12ന് വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയത്. ഓഗസ്റ്റ് അഞ്ചിന് അവതരിപ്പിച്ച ബില്‍ ഏഴിനാണ് സര്‍ക്കാര്‍ പാസാക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരത്തിന് ശേഷം പിന്നീട് ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് മൂന്നു പേജ് വരുന്ന രേഖ തയ്യാറാക്കിയത്.

administrator എന്നതിന് adminstrator എന്നും article എന്നതിന് artcle എന്നുമാണ് രേഖയിലുള്ളത്. territories എന്നത് Tterritories ആയും Shariat എന്നത് Shariet എന്നുമായി.

അക്ഷരത്തെറ്റുകള്‍ മാത്രമല്ല, വസ്തുപരമായ പിശകുകളും രേഖയിലുണ്ട്. Union territory of Jammu and Kashmir എന്നത് State of Jammu and Kashmir എന്നും Institutions Act, 2004 എന്നത് Institute's Act, 2004 എന്നുമായിട്ടുണ്ട്. 1909 എന്ന് വേണ്ടിടത്ത് വന്നത് 1951 എന്നാണ്.

സര്‍ക്കാര്‍ തീരുമാനം ഒക്ടോബര്‍ 31നാണ് പ്രാബല്യത്തില്‍ വന്നത്. കശമീരികളോട് ചോദിക്കാതെയാണ് സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് എന്ന വ്യാപക വിമര്‍ശനങ്ങള്‍ കേന്ദ്രത്തിനെതിരെ അന്താരാഷ്ട്ര തലത്തിലുണ്ട്.

കേന്ദ്രതീരുമാനത്തിന് ശേഷം അതീവ സുരക്ഷയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. പലയിടത്തും ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും തടങ്കലിലാണ്.

Next Story
Read More >>