എന്‍.സി.പിയെ മുക്തകണ്ഠം പ്രശംസിച്ച് മോദി; അവരില്‍ നിന്ന് തന്റെ പാര്‍ട്ടിക്കും പഠിക്കാനുണ്ട്- രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പ്‌

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് എന്‍.സി.പി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കെയാണ് മോദിയുടെ പ്രസ്താവന

എന്‍.സി.പിയെ മുക്തകണ്ഠം പ്രശംസിച്ച് മോദി; അവരില്‍ നിന്ന് തന്റെ പാര്‍ട്ടിക്കും പഠിക്കാനുണ്ട്- രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പ്‌

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ നാടകങ്ങള്‍ക്കിടെ ശരദ് പവാറിന്റെ നാഷണലിസ്റ്റ് പാര്‍ട്ടി(എന്‍.സി.പി)യെ മുക്തകണ്ഠം പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രശംസ.

സഭയിലെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച പാര്‍ട്ടികള്‍ക്കെതിരെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

'ഇന്ന് രണ്ട് പാര്‍ട്ടികളെ ഞാന്‍ അഭിനന്ദിക്കുന്നു. എന്‍.സി.പിയെയും ബി.ജെ.ഡിയെയും. ഈ കക്ഷികള്‍ കര്‍ശനമായി പാര്‍ലമെന്ററി ചടങ്ങള്‍ പാലിക്കുന്നു. അവര്‍ നടുത്തളത്തിലേക്ക് പോകുന്നില്ല. അവര്‍ അവരുടെ കാര്യങ്ങള്‍ ഫലപ്രദമായി ഉന്നയിക്കുന്നുണ്ട്. മറ്റു പാര്‍ട്ടികള്‍, എന്റെ പാര്‍ട്ടി അടക്കം അവരില്‍ നിന്ന് പഠിക്കേണ്ടതുണ്ട്' - എന്നായിരുന്നു മോദിയുടെ പ്രസ്താവന.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് എന്‍.സി.പി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കെയാണ് മോദിയുടെ പ്രസ്താവന. ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ സേനയുമായുള്ള എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും ധാരണകള്‍ അന്തിമ ഘട്ടത്തിലാണ്.

രാജ്യസഭയുടെ 250-ാം സമ്മേളനത്തിലായിരുന്നു മോദിയുടെ അഭിസംബോധന. രണ്ടാം സഭ ആയല്ല രാജ്യസഭയെ കാണുന്നതെന്നും ദേശവികസനത്തില്‍ ക്രിയാത്മമായ സംഭാവനകള്‍ നല്‍കാന്‍ ഉപരിസഭയ്ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഈ സഭയില്‍ ഒരുപാട് ചരിത്രമുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദീര്‍ഘവീക്ഷണമുള്ള സഭയാണിത്. മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാകില്ല എന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതു പാസായി. ജി.എസ്.ടി പോലും രാജ്യസഭ പാസാക്കിയ ശേഷമാണ് യാഥാര്‍ത്ഥ്യമായത്. 370, 35 (എ) വകുപ്പുകളില്‍ ഇതിന്റെ പങ്ക് വിസ്മരിക്കാവതല്ല' - പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More >>