ബി.ജെ.പിയുടെ വാദം പൊളിയുന്നു; ഷി ജിന്‍ പിങുമായുള്ള കൂടിക്കാഴ്ചയുടെ വേദി നിശ്ചയിച്ചത് ചൈന

നേരത്തെ, മോദിയുടെ ശക്തരായ വിമര്‍ശകരായ ഡി.എം.കെ അടക്കം മാമല്ലപുരത്തെ വേദിയായി തെരഞ്ഞെടുത്തതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചിരുന്നു.

ബി.ജെ.പിയുടെ വാദം പൊളിയുന്നു; ഷി ജിന്‍ പിങുമായുള്ള കൂടിക്കാഴ്ചയുടെ വേദി നിശ്ചയിച്ചത് ചൈന

ചെന്നൈ: ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് തമിഴ്‌നാട്ടിലെ മാമല്ലപുരം വേദിയായി തെരഞ്ഞെടുത്തിത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനപ്രകാരമെന്ന ബി.ജെപിയുടെ അവകാശ വാദം പൊളിയുന്നു. ചൈനയാണ് വേദി തെരഞ്ഞെടുത്ത് എന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടു മാസം മുമ്പ് ഇന്ത്യയിലെ ചൈനീസ് അംബാസഡറും ഇപ്പോള്‍ ചൈനീസ് വിദേശകാര്യ ഡപ്യൂട്ടി മന്ത്രിയുമായ ലൂ യോഹുയ് ആണ് വിദഗ്ദ്ധ നിര്‍ദ്ദേശ പ്രകാരം ചര്‍ച്ചയ്ക്കുള്ള വേദിയായി മാമല്ലപുരം തെരഞ്ഞെടുത്തത്.

മാമല്ലപുരത്തിന് ചൈനയുമായുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുത്തായിരുന്നു അത്തരമൊരു തീരുമാനം. വേദി നിശ്ചയിക്കാനുള്ള യോഗത്തില്‍ നിലവിലെ ചൈനീസ് അംബാസഡര്‍ സുന്‍ വീഡോങും പങ്കെടുത്തിരുന്നു. ഈ നിര്‍ദ്ദേശം പിന്നീട് ഇന്ത്യ അംഗീകരിക്കുകയായിരുന്നു.

>ബി.ജെ.പിയുടെ അവകാശവാദങ്ങള്‍

ഇന്ത്യന്‍ സനാതന സംസ്‌കാരം ആഗോളതലത്തില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ന്യൂഡല്‍ഹി വിട്ട് മറ്റു ഇടങ്ങള്‍ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കായി മോദി തെരഞ്ഞെടുക്കുന്നത് എന്നാണ് തമിഴ്‌നാട് ബി.ജെ.പി ട്വീറ്റ് ചെയ്തിരുന്നത്. പാണ്ഡ്യ, പല്ലവ, ചോള, ചേര രാജവംശങ്ങളുടെ മഹത്തായ പാരമ്പര്യമാണ് തമിഴ്‌നാട്ടിലുള്ളത്. ആ സനാതന മൂല്യത്തിന്റെ കാവല്‍ക്കാരാണ് നമ്മള്‍. ഓരോരുത്തും ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്- എന്നായിരുന്നു ട്വീറ്റ്.

മറ്റൊരു ട്വീറ്റില്‍ വരാണസിയില്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍, അഹമ്മദാബാദില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചിമിന്‍ നെതന്യാഹു, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ തുടങ്ങിയവരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും ബി.ജെ.പി ഓര്‍മിപ്പിക്കുന്നുണ്ട്.

നേരത്തെ, മോദിയുടെ ശക്തരായ വിമര്‍ശകരായ ഡി.എം.കെ അടക്കം മാമല്ലപുരത്തെ വേദിയായി തെരഞ്ഞെടുത്തതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചിരുന്നു.

>മാമല്ലപുരത്തെ ചൈനീസ് വിശേഷങ്ങള്‍

മഹാബലിപുരം എന്നു കൂടി അറിയപ്പെടുന്ന മാമല്ലപുരത്തിന് ചൈനയുമായി സംസ്‌കാരികമായ ചരിത്രബന്ധങ്ങളുണ്ട്. ഗുപ്തന്മാര്‍ക്ക് ശേഷം ദക്ഷിണേന്ത്യയില്‍ അധികാരത്തില്‍ വന്ന പല്ലവ രാജവംശത്തിന് ചൈനയുമായി വ്യാപാര-പ്രതിരോധ ബന്ധങ്ങളുണ്ടായിരുന്നു.

ചൈനയിലെ വിഖ്യാത ബുദ്ധ സന്യാസിയായ ബോധി ധര്‍മ്മ ഒരു പല്ലവ രാജാവിന്റെ മൂന്നാമത്തെ മകനായാണ് വിശ്വസിക്കപ്പെടുന്നത്. കാഞ്ചിപുരത്തു നിന്ന് മാമല്ലപുരം വഴി എ.ഡി 527ലാണ് ഇദ്ദേഹം ചൈനയിലേക്ക് പോയത് എന്നും വിശ്വസിക്കപ്പെടുന്നു.

ചൈന, ശ്രീലങ്ക, ദക്ഷിണ-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളള്‍ തുടങ്ങിയവയുമായി മാമല്ലപുരത്തിന് വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു എന്ന് ചരിത്രരേഖകള്‍ പറയുന്നു. ചൈന, പേര്‍ഷ്യ, റോം എന്നിവിടങ്ങളില്‍ നിന്നുള്ള നാണയങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ചൈനീസ് യാത്രികന്‍ ഹിയുന്‍ സാങ് അദ്ദേഹത്തിന്റെ എഴുത്തുകളില്‍ മാമല്ലപുരത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

Read More >>