കണ്ണീരുണങ്ങാതെ ഉമ്മ കാത്തിരിക്കുന്നു

ഇന്നോനാളെയോ അവന്‍ ഈ വീടിന്റെ പടികടന്നുവരുമെന്നു നല്ല പ്രതീക്ഷയുണ്ട് ഞങ്ങള്‍ക്ക്. നിസാമിനെ കാണാതായതിനുശേഷമാണ് അവന്റെ പത്താം ക്ലാസ് ഫലം വന്നത്. അവന്‍ ജയിച്ചു.പക്ഷേ, ആ സന്തോഷം പങ്കിടാന്‍ ഞങ്ങളുടെ മോന്‍ ഞങ്ങള്‍ക്കൊപ്പമില്ല, നീറുന്ന മനസ്സുമായി അവനുമൊപ്പമുള്ള അവസാന നിമിഷങ്ങള്‍ റൈഹാനത്ത് ഓര്‍ത്തെടുക്കവേ കണ്ണുനീര്‍ ഒഴുകുകയായിരുന്നു

കണ്ണീരുണങ്ങാതെ   ഉമ്മ കാത്തിരിക്കുന്നു

ഷെഫീഫ യൂസഫ്

ഉമ്മയോട് യാത്ര പറഞ്ഞു വീടിന്റെ പടികടന്നു ഉത്സവംകാണാന്‍ പോയ ഒരു പത്താം ക്ലാസുകാരന്റെ തിരോധാന വാര്‍ത്ത സമൂഹത്തെ ഞെട്ടിച്ചിരുന്നു, അത്രവേഗം നമുക്ക് ആ കുട്ടിയെ ഓര്‍മ്മയുടെ പുസ്തകത്താളുകളിലേക്ക് എഴുതിചേര്‍ക്കാന്‍ സാധിക്കുമോ? അവനില്‍ നിന്നും നമ്മളിലേക്കും നമ്മുടെ കുട്ടികളിലേക്കുമുള്ള ദൂരം എത്രയാണ്? എവിടെയാണ് എന്റെ പൊന്നുമോനെന്ന ആ ഉമ്മയുടെയും ഉപ്പയുടെയും ചോദ്യത്തിന് ഇന്നും ഉത്തരം നല്‍കാന്‍ നമുക്ക് സാധിച്ചില്ലയെന്നതാണ് സത്യം.ഓരോ പ്രഭാതത്തിലും വലിയ പ്രതീക്ഷയോടെ വീടിന്റെ വാതില്‍ തുറക്കുന്ന ഒരുഉമ്മയും ഉപ്പയും കൂടി ആലപ്പുഴയിലുണ്ട്. രാഹുലിന്റെ തിരോധാനത്തിന് പിന്നാലെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ് പാണാവള്ളി പഞ്ചായത്തില്‍ തോട്ടത്തില്‍ വീട്ടില്‍ താജുദ്ദീന്‍-റൈഹാനത്ത് ദമ്പതികളുടെ മകന്‍ നിസാമുദ്ദീന്റെ കാണാതാവല്‍.

വീടിനടുത്ത ക്ഷേത്രത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ഉത്സവം കാണാന്‍ പോയ പതിനഞ്ചുകാരനായ നിസാമുദ്ദീന്‍ ഇന്നേവരെ വീട്ടിലേക്ക് തിരികെ വന്നിട്ടില്ല. കനലെരിയുന്ന ഹൃദയവും നിര്‍വികാരമായൊരു മുഖവുമായി മാതാപിതാക്കള്‍ കാത്തിരിക്കുകയാണ് ഉപ്പയെന്നോ ഉമ്മയെന്നോ വിളിച്ച് ഓടിയണയുന്ന മകനെ കെട്ടിപ്പുണരാന്‍... ഇവരുടെ കണ്ണില്‍നിന്ന് ഇനി ഒരിറ്റുകണ്ണീര്‍ വീഴില്ല, കാരണം, കഴിഞ്ഞ രണ്ടുവര്‍ഷമായി പൊന്നുമോനെ ഓര്‍ത്ത്. അത്രയേറെ കണ്ണീര്‍ പൊഴിച്ചിട്ടുണ്ട് അവര്‍. 2017 ഏപ്രില്‍ ഏഴിന് രാത്രി വീട്ടില്‍ നിന്നിറങ്ങിയ മകന്റെ വരവും കാത്ത് തോട്ടത്തില്‍ വീട്ടില്‍ റൈഹാനത്തും താജുദ്ദീനും രാത്രി വീട്ടിനുള്ളില്‍ ഉറങ്ങാറില്ല. 'എന്റെ മകന്‍ വന്ന് വാതിലില്‍ മുട്ടിയാല്‍ ഞാന്‍ കേട്ടില്ലെങ്കിലോ'യെന്ന ഉമ്മയുടെ വാക്കുകളില്‍ നിശബ്ദമായി പോയ ഉപ്പയുടെ ദുഃഖം കാണാതെ പോകാനാകില്ല. അടക്കിപിടിക്കാന്‍ പറ്റാത്ത സങ്കടവും പേറി നിസാമിന്റെ തിരിച്ചുവരവും കാത്ത് പ്രതീക്ഷ കൈവിടാതെ ജീവിക്കുകയാണ് അവരിന്ന്....


മറക്കില്ല, അവന്‍ തിരിച്ചുവരും

ഇന്നോനാളെയോ അവന്‍ ഈ വീടിന്റെ പടികടന്നുവരുമെന്നു നല്ല പ്രതീക്ഷയുണ്ട് ഞങ്ങള്‍ക്ക്.നിസാമിനെ കാണാതായതിനുശേഷമാണ് അവന്റെ പത്താം ക്ലാസ് ഫലം വന്നത്. അവന്‍ ജയിച്ചു.പക്ഷേ, ആ സന്തോഷം പങ്കിടാന്‍ ഞങ്ങളുടെ മോന്‍ ഞങ്ങള്‍ക്കൊപ്പമില്ല, നീറുന്ന മനസ്സുമായി അവനുമൊപ്പമുള്ള അവസാന നിമിഷങ്ങള്‍ റൈഹാനത്ത് ഓര്‍ത്തെടുക്കവേ കണ്ണുനീര്‍ ഒഴുകുകയായിരുന്നു.

അവന് ആഗ്രഹിക്കുന്നത് വരെ പഠിക്കാന്‍ വിടണം എന്നായിരുന്നു ഞങ്ങളുടെ ആശ. ഇനി വേറെ ആഗ്രഹങ്ങളൊന്നുമില്ല. അവനെയൊന്ന് കാണണം, പിന്നെ നന്നായി വളര്‍ത്തണം. ഇതു പറയുന്നതിനിടെ റൈഹാനത്ത് തളര്‍ന്നുപോയി. നിസാം ഇല്ലാത്ത ഓരോ ദിനവും അടക്കിപിടിക്കാന്‍ പറ്റാത്ത സങ്കടവും പേറിയാണ് അവര്‍ ജീവിക്കുകയാണ്. ഇളയ മകനായ അഞ്ചാം ക്ലാസുകാരന്‍ ഫായിസും ഇക്കാക്കയെ ഓര്‍ക്കാത്ത ദിവസങ്ങളില്ല. ഉമ്മയോട് എന്നും നിസാമിനെ കുറിച്ച് സംസാരിക്കുകയും ചെയ്യും. കേള്‍വിശക്തി നഷ്ടമായ പിതാവ് താജുവിന്റെ ഏക വരുമാന മാര്‍ഗമായ വാച്ച് നന്നാക്കലില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോയിരുന്നത്.

ലോകം ചുറ്റിക്കാണണമെന്ന വലിയൊരു ആഗ്രഹവും നിസാമിന്റെ ഉള്ളില്‍ ഉണ്ടായിരുന്നതായി ഉമ്മ പറയുന്നു. എന്നാല്‍,വിധി മറ്റൊന്നാണ് ഈ കുടുംബത്തിന് സമ്മാനിച്ചത്. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നിടയിലും ബുദ്ധിമുട്ടുകള്‍ ഒന്നും അറിയിക്കാതെയാണ് മക്കളെ വളര്‍ത്തിയത്. മക്കളുടെ പഠനം കാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കുകയും അവരുടെ ആഗ്രഹത്തിന് ഒപ്പം സഞ്ചരിക്കുകയും ചെയ്തിരുന്നു. കഷ്ടപ്പാടുകള്‍ സഹിച്ചു വലിയ പ്രതീക്ഷകളോടെയാണ് മൂത്തമകനെ വളര്‍ത്തിയത്. പാതിവഴിയില്‍ അവനെ കാണാതായത് കുടുംബത്തിന് താങ്ങാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. ഇന്ന് മോനെ കാണാനാകും എന്ന പ്രതീക്ഷയിലാണ് ഓരോ ദിവസവും ഉണര്‍ന്നെഴുന്നേല്‍ക്കുന്നത്.

അന്ന് സംഭവിച്ചത്

അടുത്തുള്ളൊരു ചെമ്മീന്‍ ഷെഡില്‍ ജോലിക്ക് പോകുന്നുണ്ട് ഞാന്‍. അന്നു വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടില്‍ വരുമ്പോള്‍ നിസാം വീട്ടിലില്ല. വീടിനടുത്തുള്ള പാടത്ത് കുട്ടികള്‍ ഫുട്ബോള്‍ ഗ്രൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. അവിടെ എന്നും പോയി കളിക്കുന്ന ശീലമുണ്ട് അവന്. വൈകുന്നേരം ആറ് മണിയോടെയാണ് അവന്‍ വീട്ടില്‍ തിരികെ വരാറുള്ളത്. വീട്ടില്‍ എത്തി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വേലിക്കു പുറത്തുകൂടെ ഫോണില്‍ സംസാരിച്ചു പോകുന്ന നിസാമിനെയാണ് ഞാന്‍ കണ്ടത്. ആ പോക്ക് നേരെ ഞങ്ങളുടെ അടുത്ത ബന്ധുവിന്റെ മകന്‍ ഇര്‍ഫാന്റെ വീട്ടിലേക്കായിരുന്നു. ഇര്‍ഫാനെയും കൂട്ടി പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തിനു സമീപമുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്കാണ് നിസാം പോയതെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. ഇര്‍ഫാന്റെ സൈക്കിളില്‍ ആയിരുന്നു യാത്ര. ഫോണും കൈയിലുണ്ടായിരുന്നു. പുറത്ത് എവിടെ പോയാലും രാത്രിയില്‍ വീട്ടില്‍ വരുന്ന പതിവുണ്ട് നിസാമിന്. പക്ഷേ അന്ന് രാത്രി വൈകിയിട്ടും അവന്‍ എത്തിയില്ല. ഫോണിലേക്ക് വിളിച്ചിട്ട് റിങ് അടിക്കുന്നതല്ലാതെ എടുക്കുന്നില്ല. എനിക്ക് മനസില്‍ കുറേശ്ശെ ഭയം കയറാന്‍ തുടങ്ങി.

കൂട്ടുകാര്‍ക്കൊപ്പം സിനിമ കാണാന്‍ പോകാന്‍ വിടാത്തതിന് വീട്ടില്‍ ചെറിയൊരു വഴക്ക് ഉണ്ടാക്കിയിരുന്നു. അന്നു പറഞ്ഞിരുന്നു തളിയാപറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തിനു പോകുമെന്നും അന്നു കൂട്ടുകാരുടെ ആരുടെയെങ്കിലും വീട്ടില്‍ കിടന്നുറങ്ങിയിട്ട് പിറ്റേദിവസമെ വരികയുള്ളൂവെന്നും. ആ ഒരു സമാധാനത്തില്‍ അന്നത്തെ രാത്രി ഞാന്‍ കഴിച്ചു കൂട്ടി. പിറ്റേദിവസം പുലര്‍ന്നപ്പോഴേ ഞാന്‍ ഇര്‍ഫാന്റെ വീട്ടില്‍ ചെന്നു. അപ്പോഴാണ് അറിയുന്നത് നിസാമിന്റെ ഫോണ്‍ ഇര്‍ഫാന്റെ കൈയിലുണ്ടെന്ന്. സൈലന്റായിരുന്നതുകൊണ്ടാണ് ഞാന്‍ വിളിച്ചതൊന്നും അറിയാതിരുന്നത്.

അന്നു വൈകുന്നേരം എന്റെ സൈക്കിളിലാണ് നിസാമുമായി പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തിനു സമീപത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ ചെല്ലുന്നതെന്ന് ഇര്‍ഫാന്‍ പറയുന്നു. എന്നെ വേലിക്കു പുറത്തു നിര്‍ത്തി ഫോണും കൈയില്‍ തന്നിട്ടാണ് നിസാം അവന്റെ വീട്ടിലേക്കു പോയതെന്നും ഇര്‍ഫാന്‍ പറഞ്ഞു. കുറെ സമയം കഴിഞ്ഞും കാണാഞ്ഞിട്ടു ഞാന്‍ ചെന്നു ചോദിച്ചപ്പോള്‍ വീടിന്റെ പിറകുവശത്തു കൂടി പോയെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. അതോടെ ഞാന്‍ നേരെ വീട്ടിലേക്കു തിരിച്ചു. ഫോണ്‍ വീട്ടില്‍ തന്നെ വച്ചു. പിറ്റേദിവസം നിസാം വന്നു വാങ്ങിക്കോളുമെന്നാണ് കരുതിയത്. ഇതോടെയാണ് നിസാമിനെ കാണാനില്ലെന്ന് ബോധ്യമായതെന്ന് റൈഹാനത്ത് പറഞ്ഞു.

തുടര്‍ന്ന് അവന്റെ കൂട്ടുകാരെ പലരെയും വിളിച്ചു ചോദിച്ചു. ആര്‍ക്കും അറിയില്ല. അങ്ങനെ ഞായറാഴ്ച രാത്രിയോടെയാണു പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കുന്നത്. സ്വന്തമായി പുറപ്പെട്ടു പോകാനുള്ള സാധ്യത കുറവാണെന്നാണു റൈഹാനത്ത് പറയുന്നത്. അതിനുള്ള പണമൊന്നും അവന്റെ കൈയില്‍ ഇല്ല. ഒരു പേഴ്സ് ഉണ്ടായിരുന്നത് വീട്ടില്‍ വച്ചിട്ടാണു പോയത്. മുമ്പൊരിക്കല്‍ കൂട്ടുകാര്‍ക്കൊപ്പം കാറ്ററിങ് പണിക്കു പോയിട്ടുണ്ട്. പക്ഷേ ഇപ്പോഴങ്ങനെയൊന്നും പോകാറില്ല. അതുകൊണ്ട് തന്നെ സ്വന്തമായി കാശ് കൈയില്‍വരാന്‍ സാധ്യതയില്ല. മാത്രമല്ല, വീട്ടില്‍ ഇട്ടിരുന്ന വേഷത്തിലാണ് അന്നു പോയതും. എവിടെയെങ്കിലും പോകാനുള്ള തയ്യാറെടുപ്പൊന്നും തന്നെ നടത്തിയിരുന്നില്ല.

പൊലീസ് അന്വേഷണം


ബന്ധുക്കളും മാതാപിതാക്കളും ചേര്‍ന്ന് പരാതി നല്‍കിയ ശേഷം ഏറെ വൈകിയാണ് ലോക്കല്‍ പൊലീസ് നിസാമുദ്ദീനായി അന്വേഷണം ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നിസാമുദ്ദീന്റെ കൂട്ടുകാരെയും ബന്ധപ്പെട്ട എല്ലാവരെയും വിശദമായി ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായാതൊന്നും കണ്ടെത്താനായില്ല. നിസാമുദ്ദീന്റെ ഫോണ്‍ പൊലീസിന്റെ പക്കലുണ്ട്. ഇതില്‍ നിന്ന് ഒരുവിവരവും ലഭിച്ചില്ല. വീട്ടുകാര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെല്ലാം അന്വേഷിച്ചെങ്കിലും അവിടെയെങ്ങും എത്തിയിട്ടില്ല. പൊലീസ് അന്വേഷണത്തിനും ഇതുവരെയും ഫലമുണ്ടാക്കിയിട്ടില്ല. നിസാമുദ്ദീനുമായി ബന്ധപ്പെട്ട എല്ലാവരോടും പൊലീസ് അന്വേഷിച്ചു. സൈബര്‍ സെല്‍ മുഖാന്തരവും അന്വേഷിച്ചു. ഒന്നിനും തുമ്പുണ്ടായിട്ടില്ല. കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം നിയോഗിച്ച സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എസ്.പി. ജെ.ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള ആറ് പ്രത്യേക അന്വേഷണസംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ബംഗളൂരു, മൂന്നാര്‍ എന്നിവിടങ്ങള്‍ കേന്ദ്രികരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. മൂന്നാറില്‍ നിസാമിനെ കണ്ടെതായും ഇല്ലെന്നും അവിടെത്തെ നാട്ടുകാര്‍ പറഞ്ഞിരുന്നു. കേസില്‍ ആദ്യഘട്ടത്തില്‍ 150 പേരെ ചോദ്യംചെയ്യുകയും ആയിരത്തഞ്ഞൂറോളം പോസ്റ്ററുകള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി പൊലീസ് പതിക്കുകയും ചെയ്തിരുന്നു.പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. വിഷയത്തില്‍ അരൂര്‍ എം.എല്‍.എ എ.എം ആരിഫ്, കെ.സി. വേണുഗോപാല്‍ എം.പി എന്നിവരും വിഷയത്തില്‍ ഇടപെട്ടിരുന്നു.


പ്രതീക്ഷ കൈവിടാതെ

പുറത്ത് വാതില്‍ മുട്ടുകേള്‍ക്കുമ്പോഴോ പുറത്തു വിളിയൊച്ച കേള്‍ക്കുമ്പോഴോ ഞാന്‍ ഓടിവന്നു കതകു തുറക്കുന്നത് എന്റെ നിസാമായിരിക്കുമെന്നോര്‍ത്താണ്. പക്ഷെ,നിരാശയായിരിക്കും ഫലം. നെഞ്ചുപൊട്ടുന്ന വേദനയോടെയാണ് ഓരോ ദിനവും തള്ളിനീക്കുന്നത്.ഒരാപത്തും പറ്റാതെ എവിടെയെങ്കിലും ഉണ്ടാകണേയെന്നാണ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. ഒരുപക്ഷേ പൊലീസും നാട്ടുകാരുമൊക്കെ തന്നെ അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ് എവിടെയെങ്കിലും പേടിച്ചിരിക്കുകയാണോ? വീട്ടില്‍ വന്നാല്‍ ഞങ്ങള്‍ വഴക്കിടുമെന്നു കരുതിക്കാണുമോ? രാഹുലിന്റെ 'അമ്മ പറഞ്ഞത് പോലെ റൈഹാനത്തും പറഞ്ഞു.''ആരൊക്കെ മറക്കാന്‍ ശ്രമിച്ചാലും ഞങ്ങള്‍ക്ക് അവനെ മറക്കാന്‍ സാധിക്കില്ല'' പറയുന്നത് എല്ലാം അതേപടി വിശ്വസിക്കുന്ന നിസാമിനെ ആരോ ചതിച്ചതാണെന്ന സംശയത്തിലാണ് പിതാവ് താജുദ്ദീന്‍.

Read More >>