മൂന്നാറിലെ ഭൂമി വിവാദം: സബ്കളക്ടര്‍ രേണുരാജിനെ അനുകൂലിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്

പഴയ മൂന്നാറിലെ മുതിരപ്പുഴയാറിന്റെ തീരത്ത് മൂന്നാർ പഞ്ചായത്ത് നിർമ്മിക്കുന്ന വനിതാവ്യവസായകേന്ദ്രത്തിന്റെ നിർമ്മാണം അനധികൃതമാണെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു

മൂന്നാറിലെ ഭൂമി വിവാദം: സബ്കളക്ടര്‍ രേണുരാജിനെ അനുകൂലിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്

ഇടുക്കി: ദേവികുളം സബ്കളക്ടർ ഡോ. രേണുരാജിന് അനുകൂലമായി ജില്ലാ കളക്ടറുടെ റിപ്പോർട്ട്. പഴയ മൂന്നാറിലെ മുതിരപ്പുഴയാറിന്റെ തീരത്ത് മൂന്നാർ പഞ്ചായത്ത് നിർമ്മിക്കുന്ന വനിതാവ്യവസായകേന്ദ്രത്തിന്റെ നിർമ്മാണം അനധികൃതമാണെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ സബ് കളക്ടർ സ്വീകരിച്ച നടപടിയെ പൂർണ്ണമായും പിന്തുണയ്ക്കുന്ന റിപ്പോർട്ടാണ് കളക്ടർ കെ.ജീവൻബാബു നൽകിയത്. റവന്യൂവകുപ്പിന്റെ അനുമതിയില്ലാത്ത കെട്ടിടനിർമ്മാണം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയ രേണുരാജിനെ സ്ഥലം എം.എൽ.എ എസ്.രാജേന്ദ്രൻ അധിക്ഷേപിച്ചത് വിവാദമായിരുന്നു.

അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് എം.എൽ.എക്കെതിരെ വനിത കമ്മിഷൻ സ്വമേധയ കേസെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കളക്ടറുടെ റിപ്പോർട്ട്. സർക്കാർ പാട്ടത്തിനു നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കരുതെന്ന നിർദ്ദേശം ലംഘിക്കപ്പെട്ടു.

പുഴയുടെ ഇരുഭാഗത്തും 50 യാർഡ് വിട്ടേ നിർമ്മാണം അനുവദിക്കാവൂ എന്ന നിബന്ധനയും പാലിച്ചില്ല. മുതിരപ്പുഴയാറിൽനിന്ന് ആറു മീറ്റർ മാത്രം വിട്ടാണ് പഞ്ചായത്തിന്റെ കെട്ടിടനിർമ്മാണം. പാർക്കിങ് ഗ്രൗണ്ടിന്റെ ഒരുവശത്ത് 10 മുറിയുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. മറുഭാഗത്ത് 10 മുറികളോടെ കെട്ടിടത്തിന്റെ പണി തുടങ്ങി. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി, പുഴപുറമ്പോക്കിൽനിന്ന് ദൂരപരിധി പാലിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കുന്നത് കോടതികളിൽ നിലനിൽക്കുന്ന കേസുകളിൽ സർക്കാർ ഭാഗം ദുർബലപ്പെടുത്തുമെന്നും കളക്ടർ ചൂണ്ടിക്കാട്ടുന്നു. പൊതുജനമദ്ധ്യത്തിൽ തന്നെക്കുറിച്ച് എം.എൽ.എ മോശമായി സംസാരിച്ചെന്നും ഉദ്യോഗസ്ഥ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അവഹേളിച്ചെന്നും സബ്കളക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പാട്ടത്തിനു നൽകിയ ഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു നിയമവിധേയമല്ല. മൂന്നാറിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ റവന്യൂ, തദ്ദേശം, പൊലീസ്, വനംവകുപ്പുകളുടെ അനുമതി ആവശ്യമാണ്. നിർമ്മാണം നിർത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

Read More >>