മുസ്തഫാബാദില്‍ ഉറക്കമിളച്ച് ശിവക്ഷേത്രത്തിന് കാവലിരുന്ന് മുസ്‌ലിംകള്‍; ഇതാ വീണ്ടുമൊരു സ്‌നേഹക്കഥ

ചുറ്റും റോന്തു ചുറ്റി നടന്ന കലാപകാരികളില്‍ നിന്ന് ക്ഷേത്രത്തെ രക്ഷിക്കാനായി രാത്രി മുഴുവന്‍ ഉറക്കമിളച്ച് കാവലിരുന്നത് മുസ്‌ലിംകളായിരുന്നു.

മുസ്തഫാബാദില്‍ ഉറക്കമിളച്ച് ശിവക്ഷേത്രത്തിന് കാവലിരുന്ന് മുസ്‌ലിംകള്‍; ഇതാ വീണ്ടുമൊരു സ്‌നേഹക്കഥ

'അവിടെയും ഇവിടെയുമൊക്കെ ചില പൊലീസുകാരേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ ഞങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയത് മുസ്‌ലിംകളാണ്. ക്ഷേത്രം സംരക്ഷിച്ചതും അവര്‍ തന്നെ. പ്രദേശവാസികളുടെ ഈ ജാഗ്രതയില്ലായിരുന്നുവെങ്കില്‍ എന്താകുമെന്ന് തന്നെ അറിയില്ലായിരുന്നു' - മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മുസ്തഫാബാദിലെ ശിവക്ഷേത്രത്തിലെ പൂജാരി ഇന്ദ്രദേവ് ശാസ്ത്രിയുടെ മകന്‍ ഹരികാന്ത് ശര്‍മ്മയുടെ വാക്കുകളാണിത്.

കലാപം കത്തിയൊടുങ്ങുമ്പോള്‍ അതിന്റെ കനലില്‍ നിന്ന് ഉയിരെടുത്തുവരുന്ന മറ്റൊരു സ്‌നേഹക്കഥയാണ് മുസ്തഫാബാദിലേത്.

ഇവിടത്തെ മങ്കമേശ്വര്‍ മന്ദിര്‍ എന്ന ശിവക്ഷേത്രം മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ്. ചുറ്റും റോന്തു ചുറ്റി നടന്ന കലാപകാരികളില്‍ നിന്ന് ക്ഷേത്രത്തെ രക്ഷിക്കാനായി രാത്രി മുഴുവന്‍ ഉറക്കമിളച്ച് കാവലിരുന്നത് മുസ്‌ലിംകളായിരുന്നു.

അശോക് വിഹാറില്‍ പള്ളിക്കു നേരെ ആക്രമണമുണ്ടായ വാര്‍ത്ത പരക്കുന്ന വേളയില്‍ തദ്ദേശവാസികള്‍ക്കിടയില്‍ രോഷത്തോടെയുള്ള പ്രതികരണമുണ്ടായി. എന്നാല്‍ അതിന്റെ പേരില്‍ ക്ഷേത്രത്തെ തൊടാന്‍ ഒരാളെയും ഞങ്ങള്‍ അനുവദിച്ചില്ല എന്ന് കാവല്‍ക്കാരില്‍ ഒരാളായ മുഹമ്മദ് ഖാലിദ് പറയുന്നു. 'ഇവിടെ അക്രമമുണ്ടാക്കിയവരില്‍ മിക്കവരും ഇവിടത്തുകാരല്ല, പുറത്തുനിന്നുള്ളവരാണ്. അക്രമികളില്‍ നിന്ന് ഹിന്ദു സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും സംരക്ഷണം നല്‍കേണ്ടത് ഞങ്ങളുടെ കടമയായിരുന്നു' - അദ്ദേഹം പറയുന്നു.

മുസ്തഫാബാദില്‍ മിഠായിക്കട നടത്തുന്ന മുകേഷ് കുമാര്‍ ഇവിടത്തെ മുസ്‌ലിംകളുടെ ജാഗ്രതയെ കുറിച്ച് പറയുന്നതിങ്ങനെ;

'ഇതുപോലെ ഒന്ന് നേരത്തെ കണ്ടിട്ടേയില്ല. എങ്ങനെയാണ് ഇതെല്ലാം ആരംഭിച്ചത് എന്ന് എനിക്കിപ്പോള്‍ ചിന്തിക്കാനേ കഴിയുന്നില്ല. നന്ദ്ഗിരിയിലെ വീട്ടിലേക്ക് എത്താന്‍ സഹായിച്ചത് മുസ്‌ലിം സഹോദരങ്ങളായിരുന്നു'

സമാനമായ ജാഗ്രതയാണ് കലാപം ദുരിതം വിതച്ച മൗജ്പൂരിന് അടുത്തുള്ള ബാബര്‍പൂര്‍ ഗ്രാമത്തിനും പറയാനുള്ളത്. കലാപം പൊട്ടിപ്പുറപ്പെട്ട വേളയില്‍ അക്രമം ഒരിക്കലും തങ്ങളുടെ പ്രദേശത്ത് ഉണ്ടാകരുത് എന്ന് മുതിര്‍ന്ന ഗ്രാമവാസികള്‍ തീരുമാനിക്കുകയായിരുന്നു.

'തിങ്കളാഴ്ച, മൗജ്പൂരില്‍ കല്ലേറുണ്ടായ വാര്‍ത്ത വന്നയുടന്‍ ഗ്രാമത്തിലെ കാരണവന്മാര്‍ യോഗം വിളിച്ച് ഗ്രാമത്തിന് പുറത്തു നിന്നുള്ളവരെ ഇങ്ങോട്ട് കയറ്റരുത് എന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. സംശയം തോന്നുന്നെ ആരെയെങ്കിലും കണ്ടാല്‍ പിടിച്ച് റസിഡന്റ് വെല്‍ഫയര്‍ അസോസിയേഷനെയോ ലോക്കല്‍ പൊലീസിനെയോ എല്‍പ്പിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു' - പ്രദേശവാസിയായ അജയ് ശര്‍മ്മ പറഞ്ഞു.

ശര്‍മ്മയുടെ ബാല്യകാല സുഹൃത്തും അയല്‍വാസിയുമായ വസീം ഖാന്‍ പറയുന്നതിങ്ങനെ;

'വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി എന്നും പ്രതിഷേധം നടത്തണമെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ അത്തരം സംസാരങ്ങള്‍ക്ക് ഞങ്ങള്‍ ഇടംകൊടുത്തില്ല. പകരം വീട്ടില്‍ തന്നെ നിന്നു'

Next Story
Read More >>