നെഹ്‌റുവിന്റെ ഇന്ത്യ നരേന്ദ്ര മോദി കുഴിച്ചു മൂടി: പാക് വിദേശകാര്യമന്ത്രി

കശ്മീര്‍ പ്രശ്നം വിശദമായി ചര്‍ച്ച ചെയ്തുവെന്നും ഖുറേഷി പറഞ്ഞു.

നെഹ്‌റുവിന്റെ ഇന്ത്യ നരേന്ദ്ര മോദി കുഴിച്ചു മൂടി: പാക് വിദേശകാര്യമന്ത്രി

ലാഹോര്‍: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിഭാവനം ചെയ്ത ഇന്ത്യയെ നരേന്ദ്രമോദി കുഴിച്ചുമൂടിയെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട് ഇസ്‌ലാമാബാദില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഖുറേഷിയുടെ പരാമര്‍ശം.

'ഡോവല്‍ (അജിത് ഡോവല്‍) തത്വങ്ങളെ പിന്തുടര്‍ന്നാണ് ഇപ്പോള്‍ ഇന്ത്യയുടെ നയങ്ങള്‍ ഉരുത്തിരിയുന്നത്' എന്നും അദ്ദേഹം ആരോപിച്ചു.

ആഗസ്റ്റ് ആറിന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ രൂപവത്കരിച്ച ഉന്നതാധികാരസമിതിയുടെ ആദ്യ യോഗമാണ് ശനിയാഴ്ച ചേര്‍ന്നത്. കശ്മീര്‍ പ്രശ്നം വിശദമായി ചര്‍ച്ച ചെയ്തുവെന്നും ഖുറേഷി പറഞ്ഞു.

പാക് വിദേശകാര്യാലയത്തില്‍ കശ്മീരിനു വേണ്ടി മാത്രമായി സെല്‍ രൂപീകരിക്കുമെന്ന് ഖുറേഷി പറഞ്ഞു. ലോകത്തുള്ള എല്ലാ പാക് എംബസികളും ഇതിന്റെ ഉപകാര്യാലയങ്ങള്‍ ഉണ്ടാകും. പാകിസ്താന്റെ നിലപാടിനോട് അനുകൂലമായാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷനും (ഒ.ഐ.സി) യു.എന്‍ രക്ഷാ സമിതിയും പ്രതികരിച്ചിട്ടുള്ളത്. കശ്മീരിലെ നിരോധനാജ്ഞ അടിയന്തരമായി ഒഴിവാക്കാന്‍ ഒ.ഐ.സി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്- ഖുറേഷി വ്യക്തമാക്കി.

അതിനിടെ, അമ്പത് വര്‍ഷത്തിനുള്ളില്‍ ആദ്യമായി വെള്ളിയാഴ്ച യു.എന്‍ രക്ഷാസമിതി കശ്മീരിനു വേണ്ടി മാത്രം യോഗം ചേര്‍ന്നു. യോഗത്തിന് ശേഷം സമിതി പരസ്യപ്രസ്താവനകള്‍ നടത്തിയിട്ടില്ലെങ്കിലും ചൈന പാകിസ്താനെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, യു.എസ് തുടങ്ങി 15 രാഷ്ട്രങ്ങളാണ് പങ്കെടുത്തത്. അടച്ചിട്ട മുറിയിലെ ചര്‍ച്ചയായതിനാല്‍ വിവരങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തില്ല. വിവരങ്ങള്‍ രഹസ്യമായി തുടരുകയും ചെയ്യും. തുറന്ന ചര്‍ച്ച വേണമെന്നായിരുന്നു പാകിസ്താന്റെ നിലപാട്.

Read More >>