നവി: കാൻസറിനെ പിഴുതെറിഞ്ഞവള്‍

വൈറലായി ബ്രൈഡൽ ഫോട്ടോഷൂട്ട്

നവി: കാൻസറിനെ   പിഴുതെറിഞ്ഞവള്‍

നവി എന്ന വൈഷ്ണവി ഇന്ദ്രൻ പിള്ളൈ വധുവിന്റെ വേഷത്തിൽ ഒരുങ്ങിയിറങ്ങിയപ്പോൾ എല്ലാവരും ഇമ വെട്ടാതെ നോക്കിനിന്നു. അതീവ സുന്ദരിയായിരിക്കുന്നു നവി. ഇൻസ്റ്റഗ്രാമിലെ ജനപ്രിയ പ്രൊഫൈലുകളിൽ ഒന്നായി മാറിയ നവി ഇന്ദ്രൻ പിള്ളൈ.

വൈഷ്ണവി ഭുവനേന്ദ്രൻ എന്ന ധീരയായ പെൺകുട്ടിയുടേതാണ് ഈ പ്രൊഫൈൽ. അർബുദത്തോട് പോരാടി തന്റെ സ്വപ്നങ്ങൾ ഓരൊന്നായി സാക്ഷാത്ക്കരിക്കുന്നതിന്റെ തിരക്കിലാണ് നവി ഇപ്പോൾ.'ദി ബോൾഡ് ഇന്ത്യൻ ബ്രൈഡ്' എന്ന പേരിൽ അടുത്തിടെ നവി നടത്തിയ ഒരു ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.


ഇന്ത്യൻ വംശജയായ നവി മലേഷ്യയിലാണ് ജീവിക്കുന്നത്. ഏതൊരു പെൺകുട്ടിയേയും പോലെ വിവാഹ ദിവസത്തെക്കുറിച്ച് നവിയ്ക്കുമുണ്ടായിരുന്നു സ്വപ്നങ്ങൾ.'അർബുദ ചികിത്സ ഞങ്ങൾക്ക് ഒരുപാട് പരിധികൾ തീർത്തു.

ഞങ്ങളുടെ സൗന്ദര്യത്തെ കവർന്നെടുക്കുകയും ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്തു. ഓരോ കീമോ കഴിയുമ്പോഴും കൊഴിഞ്ഞു പോകുന്ന മുടി എന്റെ എല്ലാ ആത്മവിശ്വാസവും തകർത്തു. ചെറിയ കുട്ടിയായിരിക്കുമ്പോൾ വിവാഹ ദിവസത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ നമുക്കൊക്കെ ഉണ്ടായിരുന്നിരിക്കും. ആ ദിവസം എങ്ങനെ അണിഞ്ഞൊരുങ്ങാം എന്നതിനെ കുറിച്ചൊക്കെ,' തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൊന്നിൽ അവർ കുറിച്ചു.'എന്നാൽ അർബുദം ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്നും ഞങ്ങളെ പിന്നോട്ട് വലിച്ചു. അർബുദത്തെ അതിജീവിച്ച പലരും തങ്ങളുടെ വിവാഹം നീട്ടി വയ്ക്കുകയോ വേണ്ടെന്നു വയ്ക്കുകയോ പോലും ചെയ്തിട്ടുണ്ട്,' നവിയുടെ വാക്കുകൾ.


സ്തനാർബുദമായിരുന്നു നവിയ്ക്ക്. ചികിത്സകൾക്കു ശേഷം പൂർണ്ണമായും രോഗവിമുക്തയായി എന്നു കരുതിയിരിക്കുമ്പോഴാണ് 2018ൽ വീണ്ടും രോഗം തിരിച്ചു വരുന്നത്. അത് കരളിലേക്കും നട്ടെല്ലിലേക്കും പടർന്നു. തുടർച്ചയായ കീമോതെറാപ്പിയ്ക്കു ശേഷം ഒടുവിൽ നവി വിജയിച്ചു. അവൾ കാൻസറിനെ തോൽപിച്ചു.

പലരേയും പോലെ ആത്മവിശ്വാസം നഷ്ടപ്പെട്ട് നവിയും ഇരുന്നിട്ടുണ്ട്. എന്നാൽ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും പിന്തുണയോടെ നവി തിരിച്ചു വന്നു. 'കാൻസർ നല്ലതോ ചീത്തയോ ആയ പല തരത്തിലും നമ്മെ ബാധിച്ചേക്കാം. പക്ഷെ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ അതിനെ നമ്മൾ അനുവദിക്കരുത്,' നവി എഴുതുന്നു.

ഇത്തരം ഒരു ഫോട്ടോ ഷൂട്ടിനായി നവിയെ അണിയിച്ചൊരുക്കിയത് ബ്ലഷ്, ബ്യൂട്ടി ആൻഡ് ബിയോണ്ട് ആണ്.

ഏറെ വെല്ലുവിളികൾ നേരിട്ടെങ്കിലും നവിയുടെ ആഗ്രഹം പോലെ ഭംഗിയായി ചെയ്തു തീർക്കാൻ സാധിച്ചെന്ന ആത്മവിശ്വാസം അവർക്കുമുണ്ട്. ഇത് ഓരോ പെൺകുട്ടികൾക്കും പ്രചോദനമായിരിക്കട്ടെയെന്ന് ആശംസിക്കുന്നതായും നവി പറഞ്ഞു.

Read More >>