സ്വാതന്ത്ര്യ സമരം മാറ്റിയെഴുതേണ്ട സമയം അതിക്രമിച്ചു; അത് നമ്മുടെ ഉത്തരവാദിത്വം- അമിത് ഷാ

ആരെയും കുറ്റപ്പെടുത്താത്ത രീതിയില്‍ ഇന്ത്യയുടെ കാഴ്ചപ്പാടില്‍ നിന്ന് രാജ്യത്തെ ചരിത്രം മാറ്റിയെഴുതേണ്ടത് ആവശ്യമാണ്

സ്വാതന്ത്ര്യ സമരം മാറ്റിയെഴുതേണ്ട സമയം അതിക്രമിച്ചു; അത് നമ്മുടെ ഉത്തരവാദിത്വം- അമിത് ഷാ

വാരണാസി: ഇന്ത്യന്‍ 'കാഴ്ചപ്പാടില്‍' നിന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരം മാറ്റി എഴുതേണ്ടതുണ്ട് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വീര്‍സവര്‍ക്കര്‍ ഇല്ലായിരുന്നുവെങ്കില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം വെറും കലാപമായി ഒടുങ്ങുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ദ്വിദിന ഗുപ്തവംശക്-വീര്‍ സ്‌കന്ദ്ഗുപ്ത വിക്രമാദിത്യ അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണെന്ന വാഗ്ദാനം മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഷായുടെ പരാമര്‍ശങ്ങള്‍.

സവര്‍ക്കറാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് പോരാട്ടം (ക്രാന്തി) എന്ന പേര് നല്‍കുന്നത്. അല്ലെങ്കില്‍ കുട്ടികള്‍ ഇതൊരു കലാപം എന്ന രീതിയില്‍ മാത്രമാണ് പഠിക്കേണ്ടി വരിക- അദ്ദേഹം പറഞ്ഞു.

'ആരെയും കുറ്റപ്പെടുത്താത്ത രീതിയില്‍ ഇന്ത്യയുടെ കാഴ്ചപ്പാടില്‍ നിന്ന് രാജ്യത്തെ ചരിത്രം മാറ്റിയെഴുതേണ്ടത് ആവശ്യമാണ്. ഇത് എല്ലാവരോടുമുള്ള എന്റെ അപേക്ഷയാണ്. ചരിത്രത്തോടുള്ള നമ്മുടെ ഉത്തരവാദിത്വം കൂടിയാണിത്. ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തി നമുക്കെത്ര നാള്‍ പോകാന്‍ പറ്റും. ആരുമായും നമുക്ക് തര്‍ക്കമില്ല. സത്യം മാത്രം എഴുതൂ' - കേന്ദ്രമന്ത്രി പറഞ്ഞു.

കൃത്യമായ രേഖകള്‍ ഇല്ലാത്തതു കൊണ്ട് സ്‌കന്ദഗുപ്ത വിക്രമാദിത്യയുടെ സംഭാവനകളെ കുറിച്ച് പുതിയ തലമുറയ്ക്ക് വേണ്ടത്ര ബോദ്ധ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാഭാരത കാലഘട്ടത്തിന് ശേഷം വന്ന 800 വര്‍ഷത്തെ രണ്ട് പ്രധാന രാജവംശങ്ങള്‍- മൗര്യന്മാരും ഗുപ്തന്മാരും- ഇന്ത്യന്‍ സംസ്‌കാരത്തെ ലോകത്തിനു മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്‌കന്ദഗുപ്തയെയും ചന്ദ്രഗുപ്ത വിക്രമാദിത്യയെയും പോലുള്ളവരുടെ ചരിത്രങ്ങള്‍ എഴുതപ്പെടേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.

Read More >>