വീടുനിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതിനാൽ മഞ്ജുവാര്യരുടെ തൃശ്ശൂരിലെ വീട്ടുപടിക്കൽ 13 മുതൽ കുടിൽകെട്ടി സത്യാഗ്രഹം നടത്തുമെന്ന് ഇന്ദിര വെള്ളൻ, മിനി കുമാരൻ, പാറ്റ വെള്ളൻ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.പനമരം ഗ്രാമപ്പഞ്ചായത്തിലെ പരക്കുനിയിൽ പണിയ വിഭാഗത്തിൽപ്പെട്ട 57 കുടുംബങ്ങൾക്ക് 1.88 കോടി ചെലവിൽ വീട് നിർമ്മിച്ച് നൽകാമെന്നും അടിസ്ഥാന സൗകര്യങ്ങളൊരുക്കാമെന്നുമാണ് മഞ്ജുവാര്യർ ഫൗണ്ടേഷൻ അറിയിച്ചിരുന്നത്

ആദിവാസികൾക്ക് വീട്: ആരെയും പറഞ്ഞ് പറ്റിച്ചിട്ടില്ലെന്ന് മഞ്ജു വാര്യർ

Published On: 2019-02-13T11:47:29+05:30
ആദിവാസികൾക്ക് വീട്: ആരെയും പറഞ്ഞ് പറ്റിച്ചിട്ടില്ലെന്ന് മഞ്ജു വാര്യർBy Irfan_kottaparamban - Own work, CC BY 3.0, https://commons.wikimedia.org/w/index.php?curid=66440275

കൊച്ചി: ആദിവാസികൾക്ക് വീട് നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്ന ആരോപണം തീർത്തും തെറ്റാണെന്ന് നടി മഞ്ജു വാര്യർ. പദ്ധതിക്ക് വേണ്ടി നടത്തിയ സർവെയിൽ അത് ഒരാൾക്ക് ഒറ്റയ്ക്ക് പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടിരുന്നു.

ഇക്കാര്യം അന്ന് തന്നെ അറിയിച്ചിരുന്നുവെന്നും സർക്കാരിന് ഇത് ബോധ്യപ്പെട്ടതാണെന്നും മഞ്ജു വാര്യർ പറഞ്ഞു. ഏതെങ്കിലും വ്യക്തികൾക്ക് അത്തരത്തില്‍ പദ്ധതി നടപ്പാക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും അവർ വിശദീകരിച്ചു. വാർത്ത പുറത്തുവന്ന തിങ്കളാഴ്ചതന്നെ മന്ത്രി എ.കെ.ബാലനെ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് കാര്യങ്ങൾ മനസിലായി. തന്റെ പേരിലുള്ള ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിയിലുള്ളതിനാൽ മറ്റ് വികസനപദ്ധതികളിൽനിന്ന് വയനാട്ടിലെ ആദിവാസികൾ ഒഴിവാക്കപ്പെട്ടു എന്ന പ്രചാരണം തെറ്റാണ്. അങ്ങനെ സർക്കാർ പദ്ധതികളിൽ നിന്ന് അവരെ ഒഴിവാക്കില്ലെന്ന് മന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ചിലർ ആദിവാസി സുഹൃത്തുക്കളെ ദുരുദ്ദേശ്യത്തോടെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരേ അണിനിരത്തുകയാണെന്നും അവര്‍ ആരോപിച്ചു. താൻ എന്നും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള ഏതു പരിപാടിയുടെയും മുൻനിരയിലുണ്ടാകുമെന്നും ഇക്കാര്യവും സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് അവരുടെ വിശദീകരണം.

വീടുനിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതിനാൽ മഞ്ജുവാര്യരുടെ തൃശ്ശൂരിലെ വീട്ടുപടിക്കൽ 13 മുതൽ കുടിൽകെട്ടി സത്യാഗ്രഹം നടത്തുമെന്ന് ഇന്ദിര വെള്ളൻ, മിനി കുമാരൻ, പാറ്റ വെള്ളൻ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.പനമരം ഗ്രാമപ്പഞ്ചായത്തിലെ പരക്കുനിയിൽ പണിയ വിഭാഗത്തിൽപ്പെട്ട 57 കുടുംബങ്ങൾക്ക് 1.88 കോടി ചെലവിൽ വീട് നിർമ്മിച്ച് നൽകാമെന്നും അടിസ്ഥാന സൗകര്യങ്ങളൊരുക്കാമെന്നുമാണ് മഞ്ജുവാര്യർ ഫൗണ്ടേഷൻ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് 2017 ജനുവരി 20-ന് കളക്ടർ, വകുപ്പ് മന്ത്രി, പനമരം ഗ്രാമപ്പഞ്ചായത്ത് എന്നിവയ്ക്ക് കത്തും നൽകിയിരുന്നു. തുടർന്ന് പട്ടികജാതി-വർഗ വകുപ്പ് പ്രവൃത്തിക്ക് അനുമതിയും നൽകി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു തുടർനടപടിയും ഉണ്ടായില്ലെന്നും അവർ വ്യക്തമാക്കുകയുണ്ടായി. തുടര്‍ന്നാണ് വിശദീകരണവുമായി മഞ്ജു രംഗത്ത് വന്നത്.

Top Stories
Share it
Top