ജോണ്‍സണൊപ്പം ജോളി തിരുപ്പതിയിലും കോയമ്പത്തൂരും പല തവണ പോയി, രാത്രി വൈകിയും ദീര്‍ഘനേരം സംഭാഷണത്തില്‍ മുഴുകി-കൂടത്തായിയില്‍ പുതിയ അറസ്റ്റുകള്‍ ഉടന്‍

ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, പിതാവ് സഖറിയാസ്, ജോളിയുടെ സുഹൃത്ത് ബി.എസ്.എൻ.എൽ ജീവനക്കാരൻ ജോൺസൺ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം

ജോണ്‍സണൊപ്പം ജോളി തിരുപ്പതിയിലും കോയമ്പത്തൂരും പല തവണ പോയി, രാത്രി വൈകിയും ദീര്‍ഘനേരം സംഭാഷണത്തില്‍ മുഴുകി-കൂടത്തായിയില്‍ പുതിയ അറസ്റ്റുകള്‍ ഉടന്‍

ആർ രോഷിപാൽ

വടകര: കൂടത്തായി കൊലപാതക പരമ്പരക്കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സൂചന. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, പിതാവ് സഖറിയാസ്, ജോളിയുടെ സുഹൃത്ത് ബി.എസ്.എൻ.എൽ ജീവനക്കാരൻ ജോൺസൺ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. പരാതിക്കാരനായ പൊന്നാമറ്റത്ത് റോജോയും റെഞ്ചിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരേയും അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

രണ്ട് ദിവസമായി വടകരയിലെ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടക്കുന്ന മാരത്തോൺ മൊഴിയെടുപ്പിൽ നിർണായകമായ ചില വിവരങ്ങളും രേഖകളും റോജോ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.

ഷാജു തന്റെ ഭാര്യ ലിസിയെ വകവരുത്താൻ ജോളിയെ സഹായിച്ചതായി പൊലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് സൂചന. പൊന്നാമറ്റത്ത് നടന്ന ആറ് കൊലപാതകങ്ങളെ കുറിച്ച് ഷാജുവിനും സഖറിയാസിനും അറിയാമായിരുന്നുവെന്നാണ് സൂചന. അടുത്ത ദിവസം ഇരുവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം.

ടോം തോമസിന്റെ മരണശേഷം ജോൺസൺ, എം.എം.മാത്യു എന്നിവർ പൊന്നാമറ്റത്ത് നിത്യസന്ദർശകരായിരുന്നുവെന്നാണ് പ്രദേശവാസികളുടെ മൊഴി. അടുത്ത സുഹൃത്തായ ജോൺസനൊപ്പം തിരുപ്പതി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ജോളി പലതവണ യാത്ര ചെയ്തിരുന്നതായും തെളിഞ്ഞിട്ടുണ്ട്. രാത്രി വൈകിയും ടെലിഫോണിൽ ഇരുവരും തമ്മിൽ ദീർഘസംഭാഷണം നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ജോൺസണുമായി ബന്ധം ദൃഢമായതോടെ ഷാജുവിനെ വകവെരുത്താൻ ആലോചിച്ചിരുന്നതായി ജോളി നേരത്തെ തന്നെ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. തുടർന്നാണ് ജോൺസണിന്റെ മൊഴി രേഖപ്പെടുത്തിയത്.

അനുമതി ലഭിക്കാതെ പ്രദേശം വിട്ടുപോകാൻ പാടില്ലെന്ന് ജോൺസണിന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം കട്ടപ്പനയിലെ ജോത്സ്യൻ രാമകൃഷ്ണനെ അന്വേഷണ സംഘത്തലവൻ റൂറൽ എസ്.പി കെ.ജി സൈമൺ ചോദ്യം ചെയ്തു. ശാസ്ത്രീയ പരിശോധനയുടെ ചുമതലയുള്ള എസ്.പി ദിവ്യ ഗോപിനാഥ് ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചുപോയി.

Read More >>