ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റു. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ 1-0ന് പിന്നില്‍

തകര്‍ന്നടിഞ്ഞ് ഇന്ത്യ; ന്യൂസിലാന്‍ഡിന് 80 റണ്‍സ് വിജയം

Published On: 2019-02-06T15:30:54+05:30
തകര്‍ന്നടിഞ്ഞ് ഇന്ത്യ;  ന്യൂസിലാന്‍ഡിന് 80 റണ്‍സ് വിജയം

വെല്ലിങ്ടന്‍: ന്യൂസീലാന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 യില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എടുത്തപ്പോള്‍ 19.2 ഓവറില്‍ 139 ന് ഇന്ത്യ ഓള്‍ ഔട്ടായി. ട്വന്റി20യില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് പിന്നിലായി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ആദ്യം മുതല്‍ പിഴച്ചു. 18 റണ്‍സ് എടുക്കുമ്പോഴേക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായി. 31 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്ത മഹേന്ദ്രസിങ് ധോണിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഋഷഭ് പന്ത് (10 പന്തില്‍ നാല്), ദിനേഷ് കാര്‍ത്തിക് (ആറു പന്തില്‍ അഞ്ച്), ഹാര്‍ദിക് പാണ്ഡ്യ (നാലു പന്തില്‍ നാല്), ഭുവനേശ്വര്‍ കുമാര്‍ (മൂന്നു പന്തില്‍ ഒന്ന്), യുസേവേന്ദ്ര ചഹല്‍ (മൂന്നു പന്തില്‍ ഒന്ന്) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍, ധോണിക്കു പുറമെ ഭേദപ്പെട്ടുനിന്നത് ടീമിലേക്ക് തിരിച്ചെത്തിയ ക്രുനാല്‍ പാണ്ഡ്യ മാത്രം. 18 പന്തില്‍ ഓരോ സിക്‌സും ബൗണ്ടറിയും സഹിതം 20 റണ്‍സെടുത്ത പാണ്ഡ്യ, ഏഴാം വിക്കറ്റില്‍ ധോണിക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുെകട്ടും (52) തീര്‍ത്തു. ഇന്ത്യന്‍ നിരയിലെ ഏക അര്‍ധസെഞ്ചുറി കൂട്ടുകെട്ട്. വെറും 10 റണ്‍സിനിടെയാണ് ഇന്ത്യയ്ക്ക് അവസാന നാലു വിക്കറ്റ് നഷ്ടമായത്. ന്യൂസിലാന്‍ഡിനായി ടിം സൗത്തി മൂന്നും ലോക്കി ഫെര്‍ഗൂസന്‍, ഇഷ് സോധി, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യന്‍ ബോളിംഗ് നിരയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് കിവീസ് പുറത്തെടുത്തത്. സിക്‌സുകളും ബൗണ്ടറികളും കൊണ്ട് വെല്ലിങ്ടന്‍ വെസ്റ്റ്പാക് സ്റ്റേഡിയം നിറച്ച ടിം സീഫര്‍ട്ടാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 43 പന്തില്‍ ഏഴു ബൗണ്ടറിയും ആറു പടുകൂറ്റന്‍ സിക്‌സും സഹിതം 84 റണ്‍സെടുത്താണ് സീഫര്‍ട്ട് പുറത്തായത്. ഇന്ത്യയ്‌ക്കെതിരെ ന്യൂസീലന്‍ഡ് താരം ട്വന്റി20യില്‍ നേടുന്ന ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ് സീഫര്‍ട്ടിന്റെ 84. കോളിന്‍ മണ്‍റോ (പുറത്താകാതെ 109), ബ്രണ്ടന്‍ മക്കല്ലം (91) എന്നിരും തിളങ്ങി.കോളിന്‍ മണ്‍റോ (20 പന്തില്‍ 34), കെയ്ന്‍ വില്യംസന്‍ (22 പന്തില്‍ 34), റോസ് ടെയ്ലര്‍ (14 പന്തില്‍ 23) സ്‌കോട്ട് കുഗ്ഗെലെയ്ന്‍ (ഏഴു പന്തില്‍ പുറത്താകാതെ 20) എന്നിവര്‍ ന്യൂസീലന്‍ഡ് നിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. ഓപ്പണിങ് വിക്കറ്റില്‍ കോളിന്‍ മണ്‍റോ ടിം സീഫര്‍ട്ട് സഖ്യം കൂട്ടിച്ചേര്‍ത്ത 86 റണ്‍സാണ് ന്യൂസീലന്‍ഡിന് മികച്ച സ്‌കോര്‍ ഉറപ്പാക്കിയത്. ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹിച്ച സഖ്യം വെറും 50 പന്തില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മണ്‍റോയെ വിജയ് ശങ്കറിന്റെ കൈകളിലെത്തിച്ച് ക്രുനാല്‍ പാണ്ഡ്യയാണ് ഈ കൂട്ടുകെട്ടു പൊളിച്ചത്. രണ്ടാം വിക്കറ്റില്‍ വില്യംസന്‍ സീഫര്‍ട്ട് സഖ്യം 48 റണ്‍സും മൂന്നാം വിക്കറ്റില്‍ വില്യംസന്‍ ഡാരില്‍ സഖ്യം 30 റണ്‍സും കൂട്ടിച്ചേര്‍ത്തു. പിന്നീട് ഇന്ത്യ മല്‍സരത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ടെയ്ലര്‍ ഗ്രാന്‍ഡ്‌ഹോം സഖ്യം 25 റണ്‍സും പിരിയാത്ത ഏഴാം വിക്കറ്റില്‍ സാന്റ്‌നര്‍ കുഗ്ഗെലെയ്ന്‍ സഖ്യം 11 പന്തില്‍ 28 റണ്‍സും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നിരയില്‍ രണ്ടു വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 51 റണ്‍സാണ് വിട്ടുകൊടുത്തത്. യുസ്വേന്ദ്ര ചാഹല്‍ (നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ്), ക്രുനാല്‍ പാണ്ഡ്യ (നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ്), ഭുവനേശ്വര്‍ കുമാര്‍ (നാല് ഓവറില്‍ 47 റണ്‍സ് ഒരു വിക്കറ്റ്), ഖലീല്‍ അഹമ്മദ് (നാല് ഓവറില്‍ 48 റണ്‍സ് ഒരു വിക്കറ്റ്) എന്നിവരെയും കിവീസ് കണക്കിന് ശിക്ഷിച്ചു.

Top Stories
Share it
Top