നിറകണ്ണുകളോടെ മുത്തലിബ് പിതാവിന്റെ ഖബറിടത്തില്‍

നിപയില്‍ നഷ്ടമായത് ഉറ്റവരായ നാലു പേരെ

നിറകണ്ണുകളോടെ മുത്തലിബ് പിതാവിന്റെ ഖബറിടത്തില്‍

കോഴിക്കോട്: കഴിഞ്ഞ റമദാനില്‍ പിതാവും സഹോദരങ്ങളും വിട്ടുപോയ നിപ കാലത്തിന്റെ നീറുന്ന ഓര്‍മകളുമായി മുത്തലിബ്. നാടിനെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയ്ക്ക് ഒരാണ്ട് പിന്നിടുമ്പോൾ പ്രിയ പിതാവിന്റെ ഖബറിടം സന്ദർശിക്കാൻ മുത്തലിബെത്തി. ഉറ്റവരായ നാലുപേരെ നഷ്ടപ്പെട്ട പേരാമ്പ്ര സൂപ്പിക്കടയിലെ മൂസ മുസ്‌ലിയാരുടെ മകൻ മുത്തലിബാണ് കണ്ണംപറമ്പ് ശ്മശാനത്തിലെ പിതാവിന്റെ ഖബറിടത്തിൽ പ്രാർത്ഥനക്കായി എത്തിയത്. ഉറ്റവരെ പരിചരിച്ചിട്ടും മരണത്തിനു കീഴടങ്ങാതെ മഹാ ദുരന്തം ബാക്കിവെച്ച മുത്തലിബ് പിതാവിനു വേണ്ടി നിറകണ്ണുകളോടെ മനസ്സുരുകി പ്രാർത്ഥിച്ചു.

കഴിഞ്ഞ റമദാനിലായിരുന്നു നിപ ബാധിച്ച് മുത്തലിബിന്റെ സഹോദരൻ വളച്ചുക്കെട്ടി മൂസ്സയുടെ മകൻ സാബിത്ത് മരണത്തിന് കീഴടങ്ങുന്നത്. സാബിത്തിന് പിന്നാലെ സ്വാലിഹും മരിച്ചു. ശേഷമായിരുന്നു മുത്തലിബിന്റെ പിതാവും മരണപ്പെടുന്നത്. മൂസ്സയുടെ സഹോദരനും നിപ ബാധിച്ച് മരിച്ചിരുന്നു. ഉറ്റവരായ നാലുപേരെയായിരുന്നു നിപ ഇവരുടെ കുടുംബത്തിൽ നിന്നു കൊണ്ടുപോയത്. സഹോദരങ്ങളുടെ മൃതദേഹം നാട്ടിലായിരുന്നു അടക്കം ചെയ്തതെങ്കിൽ മുത്തലിബിന്റെ പിതാവ് മൂസ്സയുടെ മൃതദേഹം കണ്ണംപറമ്പ് ശ്മശാനത്തിലായിരുന്നു സംസ്ക്കരിച്ചത്. സുരക്ഷാ നിർദ്ദേശങ്ങള്‍ കാരണമാണ് മൂസ്സയുടെ മൃതദേഹം ഇവിടെ സംസ്ക്കരിക്കാൻ തീരുമാനിച്ചത്. പേരാമ്പ്ര ജബൽന്നൂർ കോളജിൽ ഫൈസി ബിരുദ വിദ്യാർത്ഥിയാണ് മുത്തലിബ്. ഉറ്റവരുടെ വേർപാടിനു ശേഷം പന്തിരിക്കര സൂപ്പിക്കട മദ്രസ സ്റ്റോപ്പിന് സമീപം കുയ്യണ്ടം പുത്തനിടയിൽ പുതുതായി വാങ്ങിച്ച വീട്ടിൽ മാതാവ് മറിയത്തോടൊപ്പമാണ് മുത്തലിബിന്റെ താമസം.

Read More >>