ബിഗ് സല്യൂട്ട്; ചിറകുകള്‍ പോലെ വിരിച്ച ക്രച്ചുമായി കിളിമഞ്ചാരോ കീഴടക്കി ആലുവക്കാരന്‍- പിന്നിട്ടത് 19,341 അടി ഉയരം!

ക്രച്ചസിന്റെ സഹായത്തോടെ 19,341 അടിയാണ് നീരജ് കയറിയത്

ബിഗ് സല്യൂട്ട്; ചിറകുകള്‍ പോലെ വിരിച്ച ക്രച്ചുമായി കിളിമഞ്ചാരോ കീഴടക്കി ആലുവക്കാരന്‍- പിന്നിട്ടത് 19,341 അടി ഉയരം!

ഭിന്നശേഷിക്കാർക്ക് അവരുടെ സ്വപ്‌നങ്ങൾ പിന്തുടരാൻ ഒന്നും തടസമാവില്ലെന്ന് തെളിയിച്ചിരിക്കുകയാണ് 32കാരനായ ആലുവക്കാരൻ നീരജ് ജോർജ് ബേബി. മഞ്ഞുവീഴ്ചയുള്ള ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കിളിമഞ്ചാരോ പർവതത്തെയാണ് നീരജ് തന്റെ ദൃഢ നിശ്ചയം ഒറ്റക്കാലിൽ കീഴടക്കിയത്. ക്രച്ചസിന്റെ സഹായത്തോടെ 19,341 അടിയാണ് നീരജ് കയറിയത്.ചിറകുകൾ പോലെ വിരിച്ച ക്രച്ചുസുമായി കിളിമഞ്ചാരോ പർവതമുകളിൽ നിൽക്കുന്ന പടം നീരജ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്റെ ജീവിതത്തിലെ അവിസ്മരണീയ നിമിഷമാണ്, വളരെയധികം വേദനയോടെ നേടിയ സ്വപ്നം,'' നീരജ് ഫേസ്ബുക്കിൽ പോസ്റ്റുചെയ്തു. എട്ടാം വയസിൽ അർബുദം ബാധിച്ചാണു നീരജിന്റെ കാൽ, മുട്ടിനു തൊട്ടു മുകളിൽ വച്ചു മുറിച്ചു മാറ്റിയത്. അന്ന് മുതൽ ഈ ശാരീരിക അവസ്ഥയെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു നീരജിന്റെ യാത്രകൾ.

2015ൽ ജർമനിയിൽ നടന്ന പാരാ ബാഡ്മിന്റൻ ലോക ചാംപ്യൻഷിപ്പിൽ നീരജ് പങ്കെടുത്തിട്ടുണ്ട്. ഫ്രാൻസിൽ 2012ൽ നടന്ന ഓപ്പൺ പാരാ ബാഡ്മിന്റൻ ടൂർണമെന്റിൽ ഗോൾഡ് മെഡൽ നേടി. സ്‌കൂബാ ഡൈവിങ്, ട്രക്കിങ്, ഹൈക്കിങ്, റോക്ക് ക്ലൈമ്പിങ് എന്നിവ ഹരമാണെന്നു നീരജ് പറഞ്ഞു. നൈനിറ്റാളിലെ നൈന പീക്, കോയമ്പത്തൂരിലെ വെള്ളാങ്കിരി മല, വയനാട്ടിലെ ചെമ്പ്ര മല, പക്ഷിപാതാളം എന്നിവ ഇതിനകം കയറിയിട്ടുണ്ട്.

എംഎസ്സി ബയോ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ നീരജ് അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിൽ അസിസ്റ്റന്റാണ്. ആലുവയിലെ പ്രഫ. സി.എം. ബേബിയുടെയും പ്രഫ. ഷൈല പാപ്പുവിന്റെയും മകനാണ്. യുസി കോളജിലെ അധ്യാപികയായ നിനോ രാജേഷാണു സഹോദരി.

Read More >>