മോദിക്ക് പുരസ്‌കാരം നല്‍കരുത്; ഗേറ്റ് ഫൗണ്ടഷന് അഭ്യര്‍ത്ഥനയുമായി നൊബേല്‍ ജേതാക്കള്‍

2002ലെ ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അദ്ദേഹത്തിന് കൈ കഴുകാനാകില്ല

മോദിക്ക് പുരസ്‌കാരം നല്‍കരുത്; ഗേറ്റ് ഫൗണ്ടഷന് അഭ്യര്‍ത്ഥനയുമായി നൊബേല്‍ ജേതാക്കള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുരസ്‌കാരം നല്‍കാനുള്ള ബില്‍ മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൊബേല്‍ സമ്മാന ജേതാക്കള്‍ ഫൗണ്ടേഷന് കത്തയച്ചു. സ്വച്ഛ് ഭാരത് പദ്ധതിക്കാണ് ഫൗണ്ടേഷന്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നത്.

1976ല്‍ സമാധാനത്തിന് പുരസ്‌കാരം നേടിയ ഐറിഷ് ആക്ടിവിസ്റ്റ് മൈറീഡ് മാഗ്വിര്‍, 2011ല്‍ സമാധാന നൊബേല്‍ നേടിയ യമനി സന്നദ്ധ പ്രവര്‍ത്തക തവക്കുല്‍ കര്‍മാന്‍, 2003ല്‍ പുരസ്‌കാരം നേടിയ ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഷീരീന്‍ ഇബാദി എന്നിവരാണ് ഗേറ്റ്‌സ്ഫൗണ്ടേഷന് കത്തയച്ചത്.

എല്ലാ ജീവിതങ്ങള്‍ക്കും തുല്യമൂല്യം എന്നതാണ് ഗേറ്റ്‌സ്ഫൗണ്ടേഷന്‍ ഉയര്‍ത്തിപ്പിടിക്കുന്നു മുദ്രാവാക്യം. ജീവകാരുണ്യ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഫൗണ്ടേഷന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ നരേന്ദ്രമോദിക്ക് പുരസ്‌കാരം നല്‍കാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ച വിവരം തങ്ങളെ ആകുലപ്പെടുത്തുന്നു. അദ്ദേഹത്തിന് കീഴില്‍ ജനാധിപത്യവും മനുഷ്യാവകാശവും ചവിട്ടിയരക്കപ്പെടുകയാണ് ഇന്ത്യയില്‍. 2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയ മുതല്‍ ഇന്ത്യയിലെ മുസ്‌ലിം, ക്രൈസ്തവ, ദളിത് വിഭാഗങ്ങള്‍ക്കെതിരെ നിരന്തരം അക്രമം നടന്നു കൊണ്ടിരിക്കുന്നു. അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതു മൂലം 19 ലക്ഷം പേരാണ് രാജ്യത്ത് ഇടമില്ലാതെ നില്‍ക്കുന്നത്- കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.

കശ്മീര്‍ കുട്ടികള്‍ക്ക് പള്ളിക്കൂടത്തില്‍ പോകാന്‍ പോലും പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അദ്ദേഹത്തിന് കൈ കഴുകാനാകില്ലെന്നും കത്ത് പറയുന്നു. ഇതിന്റെ പേരില്‍ യു.എസ്, യു.കെ, കനഡ എന്നീ രാഷ്ട്രങ്ങളിലേക്ക് മോദിക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്- നൊബേല്‍ ജേതാക്കള്‍ ചൂണ്ടിക്കാട്ടി.

അതിനിടെ, യു.എസ് സന്ദര്‍ശന വേളയില്‍ മോദി പുരസ്‌കാരം സ്വീകരിക്കും. മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ പലവേളയില്‍ ബില്‍ ഗേറ്റ്‌സ് പ്രശംസിച്ചിട്ടുണ്ട്.

Read More >>