106 ദിവസം ജയിലില്‍ അടച്ചിട്ടും ഒരു കുറ്റം പോലും ചുമത്താനായില്ല: ചിദംബരം- വന്‍ സ്വീകരണമൊരുക്കി കോണ്‍ഗ്രസ്

മുന്‍ ധനമന്ത്രിയെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്

106 ദിവസം ജയിലില്‍ അടച്ചിട്ടും ഒരു കുറ്റം പോലും ചുമത്താനായില്ല: ചിദംബരം- വന്‍ സ്വീകരണമൊരുക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 106 ദിവസം തടവിലിട്ടിട്ടും തനിക്കെതിരെ ഒരു കുറ്റം പോലും ചുമത്താന്‍ ആയില്ലെന്ന് ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ജയില്‍ മോചിതനായ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം. തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് സുപ്രിം കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.

മുന്‍ ധനമന്ത്രിയെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്. മകന്‍ കാര്‍ത്തി ചിദംബരവും ജയിലിന് പുറത്തെത്തി. രാജ്യസഭാംഗമായ ചിദംബരം നാളെ പാര്‍ലമെന്റിലെത്തി. രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചിദംബരം സംസാരിക്കുമെന്ന് നേരത്തെ കാര്‍ത്തി അറിയിച്ചിരുന്നു.

106 ദിവസം അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലും ജയിലിലും കഴിഞ്ഞ ശേഷമാണ് ചിദംബരത്തിന് ജാമ്യം കിട്ടുന്നത്. കേസിന്റെ മെറിറ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ തെറ്റാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വലിയ അഴിമതിയുടെ സൂത്രധാരന്‍ എന്നാണ് ഡല്‍ഹി ഹൈക്കോടതി ചിദംബരത്തെ നിരീക്ഷിച്ചിരുന്നത്.

ഐ.എന്‍.എക്സ്. മീഡിയയുടെ 305 കോടി രൂപയുടെ ഇടപാടില്‍ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചിദംബരം ധനമന്ത്രിയായിരിക്കേ ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് അനുമതി നല്‍കി എന്നാണ് കേസ്. ഇതിലെ അഴിമതി സി.ബി.ഐ.യും കള്ളപ്പണം വെളുപ്പിക്കല്‍ ഇ.ഡി.യുമാണ് അന്വേഷിക്കുന്നത്. എയര്‍സെല്‍- മാക്സിസ് ഇടപാടിലും സമാനമായ ആരോപണമാണ് ചിദംബരത്തിനെതിരേയുള്ളത്. ഈ കേസിലും സി.ബി.ഐ.യും ഇ.ഡി.യും അന്വേഷണം നടത്തുന്നുണ്ട്.

ജയില്‍ മോചനത്തിന് പിന്നാലെ ചിദംബരത്തിന് പിന്തുണയുമായി നേതാക്കള്‍ എത്തിയിരുന്നു.

ചിദംബരത്തെ തടവിലാക്കിയത് പ്രതികാരവും പകപോക്കലുമാണെന്നാണ് പാര്‍ട്ടി മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്. സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതില്‍ സന്തുഷ്ടനാണെന്നും വിചാരണവേളയില്‍ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് ആത്മ വിശ്വസമുള്ളതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

Read More >>