മോദിക്കും ഷായ്ക്കുമെതിരെ പരാമര്‍ശം; ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നോട്ടീസ്

ഏഴു ദിവസത്തിനകം ഇര്‍ഫാന്‍ ഹബീബ് മറുപടി നല്‍കണമെന്നും മാപ്പ് പറയണമെന്നും ഹര്‍ജിക്കാന്‍ ആവശ്യപ്പെട്ടു.

മോദിക്കും ഷായ്ക്കുമെതിരെ പരാമര്‍ശം; ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ നടത്തിയ പ്രതികരണത്തില്‍ പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നോട്ടീസ്. പരാതിയുടെ അടിസ്ഥാനത്തില്‍ അലീഗഡ് സിവില്‍ കോടതിയാണ് നോട്ടീസ് അയച്ചത്. അലിഗര്‍ മുസ്‌ലിം സര്‍വകലാശാലയില്‍ നടന്ന പരിപാടിയിലാണ് ഹബീബ് മോദിയെയും ഷായെയും വിമര്‍ശിച്ചു സംസാരിച്ചത്.

ചരിത്രകാരന്റെ പ്രസംഗം ' ഇന്ത്യയുടെ അഖണ്ഡതയ്ക്കും വൈവിധ്യത്തിനും എതിരാണ് എന്നും രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നു' എന്നും അഭിഭാഷകന്‍ സന്ദീപ് കുമാര്‍ ഗുപ്ത എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു.

'നിങ്ങള്‍ അമിത് ഷായോട് സ്വന്തം പേരില്‍ നിന്ന് ഷാ എന്ന വാക്ക്, അതൊരു പേര്‍ഷ്യന്‍ വാക്കായതു കൊണ്ട് എടുത്തു കളയാന്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകളെ ആക്രമിക്കാനാണ് ആര്‍.എസ്.എസ് രൂപം കൊണ്ടത് എന്നു പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കുന്നു എന്നു പറഞ്ഞ് വീര്‍സവര്‍ക്കറിന്റെ ഹിന്ദുത്വ തത്വശാസ്ത്രത്തെ നിങ്ങള്‍ കുറ്റപ്പെടുത്തി. ദ്വിരാഷ്ട്ര ആശയം ജിന്നയാണ് മുമ്പോട്ടു വച്ചത്. സര്‍ക്കാറിന്റെ സ്വാച്ഛ് ഭാരത് പദ്ധതിക്കു വേണ്ടി ഗാന്ധിയുടെ കണ്ണട ഉപയോഗിച്ചത് ശരിയായില്ല എന്നു പറഞ്ഞു' - ഹര്‍ജിയില്‍ പറഞ്ഞു.

ഏഴു ദിവസത്തിനകം ഇര്‍ഫാന്‍ ഹബീബ് മറുപടി നല്‍കണമെന്നും മാപ്പ് പറയണമെന്നും ഹര്‍ജിക്കാന്‍ ആവശ്യപ്പെട്ടു. മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മുന്നറിയിപ്പുണ്ട്.

Read More >>