ചരിത്രത്തിലെ ഏറ്റവും വലിയ ലോക്ക് ഡൗണിന് ഒരുങ്ങാന്‍ വെറും നാലു മണിക്കൂര്‍- മോദിക്കെതിരെ രൂക്ഷവിമര്‍ശനം

മോദിയുടെ പ്രഖ്യാപനം നടന്ന എട്ടു മണിയില്‍ നിന്ന് ലോക്ക്ഡൗണ്‍ നടപ്പാകുന്ന 12 മണിയിലേക്ക് നാലു മണിക്കൂറേ ഉണ്ടായിരുന്നുള്ളൂ.

ചരിത്രത്തിലെ ഏറ്റവും വലിയ ലോക്ക് ഡൗണിന് ഒരുങ്ങാന്‍ വെറും നാലു മണിക്കൂര്‍- മോദിക്കെതിരെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേക്ക് രാജ്യം മുഴുവന്‍ അടച്ചിടാനുള്ള (ലോക്ക് ഡൗണ്‍) തീരുമാനം വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെ എന്ന് വിമര്‍ശം. ഇന്നലെ രാത്രി എട്ടു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

മോദിയുടെ പ്രഖ്യാപനം നടന്ന എട്ടു മണിയില്‍ നിന്ന് ലോക്ക്ഡൗണ്‍ നടപ്പാകുന്ന 12 മണിയിലേക്ക് നാലു മണിക്കൂറേ ഉണ്ടായിരുന്നുള്ളൂ. 130 കോടി ജനങ്ങള്‍ക്ക് മൂന്നാഴ്ച നീണ്ട നിയന്ത്രണങ്ങളിലേക്ക് ഒരുങ്ങാന്‍ വേണ്ടത്ര സമയം കിട്ടയില്ല എന്ന് വ്യക്തം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മിക്ക നഗരങ്ങളിലും അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൊറോണ മുന്‍കരുതലിന്റെ ഭാഗമായുള്ള മാനദണ്ഡലങ്ങള്‍ പാലിക്കാതെയാണ് മിക്കയിടത്തും ആളുകള്‍ കൂട്ടം കൂടി നിന്നത്.

ഇതുമാത്രമല്ല, അഞ്ചു ലക്ഷത്തോളം ട്രക്ക് ഡ്രൈവര്‍മാര്‍ പ്രഖ്യപനത്തോടെ റോഡില്‍ കുടുങ്ങി. മരുന്ന്, പാല്‍, പഴം, പച്ചക്കറി അടക്കമുള്ള ചരക്കുകള്‍ കൊണ്ടു പോകുന്ന ട്രക്കുകളാണ് പെരുവഴിയിലായത്. ചരക്കു തീവണ്ടികളും കുടുങ്ങി. റെയില്‍വേയെ അവശ്യ സര്‍വീസില്‍ പെടുത്താത്തതാണ് വിനയായത്. അയ്യായിരത്തോളം ചരക്കു തീവണ്ടികളാണ് ഇന്നലെ രാത്രി ഓടിയിരുന്നത്.

ബിഹാര്‍ ഉപമുഖ്യമന്ത്രി സുഷീല്‍ മോദിയും വിതരണ ശൃംഖലയില്‍ തടസ്സമുണ്ടായതായി സമ്മതിച്ചു. 'പശ്ചിമബംഗാളില്‍ നിന്ന് അരിയും മദ്ധ്യപ്രദേശില്‍ നിന്ന് പയറു വര്‍ഗങ്ങളും ബിഹാറില്‍ എത്തേണ്ടതായിരുന്നു. രാജസ്ഥാനില്‍ നിന്ന് എണ്ണയും കടുകും. ട്രക്കുകള്‍ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ പിടിച്ചിട്ടിരിക്കുകയാണ്' - അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ട്രക്കുകള്‍ കടത്തിവിടാത്ത സാഹചര്യമുണ്ടായാല്‍ അത് അവശ്യ സേവനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് പ്രസിഡണ്ട് കുല്‍തരന്‍ സിങ് അത്‌വാള്‍ മുന്നറിയിപ്പു നല്‍കി. വിലക്കയറ്റത്തിന് സാദ്ധ്യതയുണ്ടെന്ന സൂചനയാണ് വിപണികള്‍ നല്‍കുന്നത്.

ആഭ്യന്തര വിമാനങ്ങള്‍ വഴിയുള്ള ചരക്കു കടത്തിന് ഇളവുണ്ട്. എന്നാല്‍ യാത്രക്കാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ആകാശമാര്‍ഗ്ഗം വഴിയുള്ള ചരക്കു കടത്ത് ലാഭകരമല്ല. തുറമുഖങ്ങളില്‍ തൊഴിലാളികളുടെ കുറവുണ്ട്. ഡ്രൈവര്‍മാരെ കിട്ടാനില്ലാത്തതിനാല്‍ ട്രക്കുകളുടെ സേവനവും ലഭ്യമല്ല. ചൈന, സിംഗപൂര്‍ എന്നിവിടങ്ങളില്‍ നിന്നു വന്ന കപ്പലുകളിലെ ചരക്കുകള്‍ കൊറോണ ഭീതി മൂലം ഇതുവരെ കരയില്‍ ഇറക്കിയിട്ടില്ല.

ഓണ്‍ലൈന്‍ ഗ്രോസറി വില്‍പ്പനക്കാരായ ഗ്രോഫര്‍, ബിഗ് ബാസ്‌കറ്റ്, ആമസോണ്‍ തുടങ്ങിയവരെയും നിയന്ത്രണങ്ങള്‍ ബാധിച്ചു. പലയിടങ്ങളിലും പൊലീസ് ഇവരെ തടഞ്ഞു വയ്ക്കുന്നുണ്ട്. തങ്ങളുടെ ഡെലിവറി വിതരണക്കാര്‍ക്ക് ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, ലഖ്‌നൗ, ബംഗളൂരു എന്നിവിടങ്ങളില്‍ മര്‍ദ്ദനമേറ്റതായി ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനിയായ ഫസ്റ്റ് എം.ജിസ് സഹ ഉടമ പ്രശാന്ത് ടാണ്ടന്‍ പറഞ്ഞു. വിതരണക്കാര്‍ക്കു നേരെ ആക്രണമുണ്ടായതായി ഫ്‌ളിപ്കാര്‍ട്ടും വെളിപ്പെടുത്തി.

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിവിധ നഗരങ്ങളില്‍ ജോലിക്കെത്തിയ ദശലക്ഷക്കണക്കിന് തൊഴിലാളികളും വീട്ടില്‍ പോകാനാകാതെ കുഴങ്ങി.

Next Story
Read More >>