രണ്ടു വര്‍ഷത്തിനിടെ നഷ്ടപ്പെട്ടത് 35 ലക്ഷം തൊഴില്‍; സംഘടിത മേഖലയും തളര്‍ച്ചയിലേക്ക്

രാജ്യത്തെ പത്ത് ശതമാനം മാത്രമാണ് സംഘടിത മേഖലയുടെ തൊഴില്‍ ശേഷി

രണ്ടു വര്‍ഷത്തിനിടെ നഷ്ടപ്പെട്ടത് 35 ലക്ഷം തൊഴില്‍; സംഘടിത മേഖലയും തളര്‍ച്ചയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ സംഘടിത മേഖലയിലെ തൊഴില്‍ സൃഷ്ടി രണ്ടു വര്‍ഷമായി താഴോട്ടാണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എകോണമി (സി.എം.ഐ.ഇ) പഠനം. ഇക്കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി വര്‍ദ്ധിച്ചതായും അണ്‍ എംപ്ലോയ്‌മെന്റ് റേറ്റ് ഇന്‍ ഇന്ത്യ എന്ന പഠനത്തില്‍ (ഡാറ്റബേസ്) പറയുന്നു.

2017 ജൂണില്‍ രാജ്യത്ത് 40.85 കോടിയായിരുന്നു സംഘടിത മേഖലയില്‍ തൊഴിലെടുത്തിരുന്നവര്‍. 2019 ജൂണിലെത്തുമ്പോള്‍ അത് 40.5 കോടിയായി ചുരുങ്ങി. 35 ലക്ഷം തൊഴില്‍ ഇക്കാലയളവില്‍ നഷ്ടപ്പെട്ടു എന്നാണ് പഠനം പറയുന്നത്.

രാജ്യത്തെ പത്ത് ശതമാനം മാത്രമാണ് സംഘടിത മേഖലയുടെ തൊഴില്‍ ശേഷി.ബാക്കി തൊഴിലുകള്‍ അസംഘടിത മേഖലയിലാണ്. മേഖലയില്‍ തൊഴില്‍ ഇല്ലാതാകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയുടെ മുന്നറിയിപ്പാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും വലിയ സംഘടിത മേഖലയില്‍ ഒന്നായ വാഹന മേഖലയില്‍ പത്തു ലക്ഷം പേരുടെ തൊഴിലാണ് പ്രതിസന്ധിയില്‍ നില്‍ക്കുന്നതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) പുറത്തു വിട്ട കണക്കുകള്‍ പറയുന്നു.

36 ശതമാനമാണ് പാസഞ്ചര്‍ കാറുകളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായത്. മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പനയില്‍ 16.82 ശതമാനം കുറവാണ് ഉണ്ടായത്. 19 വര്‍ഷത്തിനിടെ ആദ്യമായാണ് കാര്‍ വില്‍പ്പന ഇത്രയും താഴേക്കു പോകുന്നത്.

ഓട്ടോ മൊബൈല്‍ മേഖലയില്‍ നിന്നു മാത്രം മൂന്ന് ലക്ഷം പേരെയാണ് ഏതാനും മാസങ്ങളില്‍ പിരിച്ചുവിട്ടത് എന്ന് കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2018ല്‍ മാത്രം 11 ദശലക്ഷം പേര്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടതായി സി.എം.ഐ.ഇയുടെ മറ്റൊരു പഠനം കണ്ടെത്തിയിരുന്നു.

അതിനിടെ, ഇക്കാലയളവില്‍ തൊഴില്‍ മേഖലയില്‍ 5.2 ശതമാനം വര്‍ദ്ധന നേടിയതായി കെയര്‍ റേറ്റിങ് എന്ന ഏജന്‍സി നടത്തിയ പഠനം പറയുന്നു. 33 മേഖലകളില്‍ മേഖലകളിലുള്ള 969 കമ്പനികളില്‍ പഠനം നടത്തിയാണ് കെയര്‍ റേറ്റിങ് പഠനം തയ്യാറാക്കിയത്.

Read More >>