പി. ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി അജയ് കുമാര്‍ കുഹാറാണ് വിധി പറഞ്ഞത്.

പി. ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. 26 വരെയാണ് കസ്റ്റഡി കാലാവധി. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി അജയ് കുമാര്‍ കുഹാറാണ് വിധി പറഞ്ഞത്.

സി.ബി.ഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ എതിര്‍പ്പ് മറികടന്ന് ചിദംബരത്തെ കോടതി സംസാരിക്കാന്‍ അനുവദിച്ചു. തനിക്ക് വിദേശബാങ്കില്‍ അക്കൗണ്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മകന്‍ കാര്‍ത്തിക്ക് വിദേശത്ത് അക്കൗണ്ട് തുടങ്ങാന്‍ അനുമതി ഉണ്ട്. ഇക്കാര്യങ്ങള്‍ സി.ബി.ഐയോട് വിശദീകരിച്ചിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിദംബരത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് അഭിഷേക് സിങ് സിംഗ്‌വിയാണ് ആവശ്യപ്പെട്ടത്. ഇത് തുഷാര്‍ മേത്ത ശക്തമായി എതിര്‍ക്കുയായിരുന്നു.

ചിദംബരത്തിന് വലിയ കഴിവുകളുണ്ട്. നല്ല ബുദ്ധിയും. അതു കൊണ്ടു തന്നെ കേസുമായി സഹകരിക്കുന്നില്ല. ഉത്തരങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതു കൊണ്ട് കസ്റ്റഡി അത്യാവശ്യമാണ്. കേസിന്റെ അടിവേര് അറിയേണ്ടതുണ്ട്- തുഷാര്‍ മേത്ത പറഞ്ഞു.

അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മുന്‍ മന്ത്രിയെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു മേത്തയുടെ ആവശ്യം. 'എല്ലാ ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്‍കുന്നില്ല. മിണ്ടാതിരിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. എന്നാല്‍ അദ്ദേഹം സഹകരിക്കുന്നില്ല' - തുഷാര്‍ മേത്ത പറഞ്ഞു. കേസിലെ മറ്റു പ്രതികളോടൊത്ത് ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു.

കോടതിയില്‍ എത്തിയ ഉടന്‍ പാര്‍ട്ടി നേതാക്കളും മുതിര്‍ന്ന അഭിഭാഷകരുമായ കപില്‍ സിബല്‍, അഭിഷേക് സിങ് സിങ്‌വി, വിവേക് തന്‍ഖ എന്നിവരുമായി ചിദംബരം ആശയവിനിമയം നടത്തി.

ഭാര്യ നളിനി, മകന്‍ കാര്‍ത്തി തുടങ്ങിയവര്‍ കോടതി മുറിയില്‍ സന്നിഹിതരായിരുന്നു. വന്‍സുരക്ഷയാണ് കോടതിക്ക് അകത്തും പുറത്തും ഒരുക്കിയിരുന്നത്.

ജോര്‍ബാഗിലെ വീട്ടിന്റെ മതില്‍ ചാടിക്കടന്ന് ബുധനാഴ്ച രാത്രിയാണ് ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്നത്. തന്റെ ഭാഗം വിശദീകരിക്കാന്‍ എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പങ്കെടുത്താണ് അദ്ദേഹം വീട്ടിലെത്തിയത്.

2017 മെയ് 15ന് എഫ്.ഐ.ആറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരത്തിന്റെ അറസ്റ്റ്. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് മുന്‍ മന്ത്രിയുടെ അറസ്റ്റിന് വഴിയൊരുങ്ങിയത്. ചൊവ്വാഴ്ച വൈകിട്ടും ബുധനാഴ്ച രാവിലെയും സി.ബി.ഐ.യും ഇ.ഡി.യും ചിദംബരത്തിന്റെ വീട്ടിലെത്തിയിരുന്നു. അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. കാണാതെവന്നതോടെ രണ്ടുമണിക്കൂറിനുള്ളില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ആര്‍. പാർഥസാരഥിക്കുമുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് വീടിനുമുന്നില്‍ സി.ബിഐ നോട്ടീസ് പതിച്ചു.

ഒന്നാം യുപിഎയുടെ കാലത്ത് ഐ.എന്‍.എക്‌സ്. മീഡിയയ്ക്ക് വിദേശത്തുനിന്ന് 305 കോടിരൂപയുടെ നിക്ഷേപത്തിനായി വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്ന പരാതിയാണ് കേസിന് ആധാരം. 2007-ല്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവത്തില്‍ അന്നത്തെ ധനമന്ത്രി ചിദംബരം വഴിവിട്ട സഹായം നല്‍കിയെന്നാണ് ആരോപണമുള്ളത്.

Read More >>