പത്മശ്രീയുടെ നിറവിൽ ഒരു ചായക്കടക്കാരന്‍

"പഠനകാലത്ത് ഞാൻ സാമാന്യേന പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നു. ഫുട്‌ബോളായിരുന്നു എന്റെ ഇഷ്ട വിനോദം. ഒരു ഡോക്ടറാകാൻ ആഗ്രഹിച്ചുവെങ്കിലും വിധി എന്നെ ചായക്കടക്കാരനാക്കി"

പത്മശ്രീയുടെ നിറവിൽ ഒരു ചായക്കടക്കാരന്‍

ഭുവനേശ്വർ: 54 വയസ്സുവരെ ഞാൻ വെറും ചായക്കടക്കാരൻ മാത്രമായിരുന്നു. എന്നാൽ ഇന്ന് പത്മശ്രീ ചായ വില്പനക്കാരനായിരിക്കുന്നു. 61കാരനായ ഒഡീഷ സ്വദേശി പ്രകാശ് റാവുവിന്റെ കണ്ണിൽ ഇതുപറയുമ്പോൾ അഭിമാനത്തിന്റെ തിളക്കം. ഈ റിപ്പബ്ലിക് ദിനത്തിലാണ് പ്രകാശ് റാവു പത്മശ്രീ പ്രകാശ് റാവുവായത്. ഒരു സാധാരണക്കാരൻ എങ്ങനെ പത്മശ്രീയുടെ നിറവിലെത്തി?

ആറാം വയസ്സിൽ തന്നെ റാവു അച്ഛന്റെ കൂടെ ചായക്കടയിൽ ജോലി ചെയ്തു തുടങ്ങിയിരുന്നു. ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ആളാണ് റാവുവിന്റെ അച്ഛൻ. എന്നാൽ യുദ്ധം കഴിഞ്ഞപ്പോൾ കട്ടക്കിലെ വീട്ടിൽ തിരിച്ചെത്തിയ അച്ഛന് കാര്യമായ ജോലിയൊന്നും ലഭിച്ചില്ല. യുദ്ധത്തിലൊക്കെ പങ്കെടുത്ത ആളായത് കൊണ്ട് അത്തരത്തിൽ എന്തെങ്കിലും ജോലി സർക്കാർ നൽകുമെന്നായിരുന്നു വിചാരിച്ചത്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നീക്കവും നടന്നില്ല. ദൈനംദിന കാര്യങ്ങൾ മുമ്പോട്ടുകൊണ്ടുപോവാൻ തന്നെ ബുദ്ധിമുട്ടിലായി. ദാരിദ്ര്യം വലച്ചപ്പോൾ അഞ്ച് രൂപ നിക്ഷേപത്തിൽ അദ്ദേഹം ഒരു ചായക്കട ആരംഭിച്ചു. അമ്പതുവർഷമായി റാവു നടത്തികൊണ്ടുപോവുന്ന അതേ ചായക്കട.

തെരുവുകളിൽ ജോലി ചെയ്യുന്നതിനാൽ ഞാൻ അനേകം ജീവിതങ്ങളെ കണ്ടിട്ടുണ്ട്. മുതിർന്നവരേക്കാൾ അവർ കുട്ടികളെ വച്ചാണ് അന്നന്നത്തെ കാര്യങ്ങൾ മുമ്പോട്ട് കൊണ്ടുപോവുന്നത്. കുട്ടികളെകൊണ്ട് ഭിക്ഷ എടുപ്പിച്ചും ഹോട്ടലുകളിലും മറ്റും ജോലി ചെയ്തും അവർ എന്തെങ്കിലുമൊക്കെ സമ്പാദിക്കും. അവിടെ നിന്നു കിട്ടുന്ന തുക അവരുടെ വീട്ടിലെ ആണുങ്ങൾ വാങ്ങുകയും മദ്യത്തിനും മറ്റുമായി അവ ചെലവഴിക്കുകയും ചെയ്യും. മാത്രവുമല്ല വീട്ടിലുള്ളവരെ അവർ പീഡിപ്പിക്കുകയും ചെയ്യും. ഓരോ ദിവസവും ഈ കാഴ്ചകളെന്നെ അലട്ടുമായിരുന്നു- പ്രാകശ് റാവു പറയുന്നു.എനിക്ക് യാതൊരു അവസരവുമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ ഈ കുട്ടികൾക്കും ഇതേ വിധി ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഓരോ ചായയിൽ നിന്നും കിട്ടുന്ന തുകയുടെ പകുതി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വകയിരിത്താൻ റാവു തീരുമാനിക്കുന്നത്. വിദ്യാഭ്യാസത്തിനും അവരുടെ ചികിത്സയ്ക്കും വേണ്ടി അവ ചെലവഴിച്ചു. മുറിയിൽ നാലു കുട്ടികളെ താമസിപ്പിക്കുകയും ചെയ്തു. എന്നാൽ അവരുടെ മാതാപിതാക്കൾ ഇതിനൊടൊന്നും യോജിച്ചില്ല. എന്തിനാണ് ഞങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത്. അവർ ദിവസവും ജോലി ചെയ്ത് 700 രൂപ കൊണ്ടുതരുന്നു. പിന്നെന്തിനാണ് അവരെ പഠിപ്പിച്ച് ഞങ്ങളെ പട്ടിണിക്കിടുന്നത് എന്നാണ് അവരുടെ പരാതി. എന്നാൽ ഇതിനൊന്നും റാവു ചെവികൊടുത്തില്ല. മെല്ലെ മെല്ലെ കുട്ടികളുടെ എണ്ണം കൂടി. ഇന്ന് അദ്ദേഹത്തിന്റെ സ്‌കൂളിൽ നൂറു കുട്ടികളാണ് പഠിക്കുന്നത്. അതിലൂടെ അവരുടെ ജീവിതം തന്നെ മാറി. അന്ന് പരാതി പറഞ്ഞ മാതാപിതാക്കൾ അന്ന അവരുടെ കുട്ടികൾ സ്‌കൂളിൽ പോവുന്നത് അഭിമാനത്തോടെ കാണുന്നു.

കുട്ടികൾക്ക് വിദ്യാഭ്യാസം മാത്രമല്ല റാവു നൽകുന്നത്. നല്ല പോഷകാഹാരവും നൽകണമെന്നാണ് റാവുവിന്റെ പക്ഷം. അതിനും വക കണ്ടെത്തുന്നുണ്ട് റാവു. ഞാൻ ദിനവും അവർക്ക് ഭക്ഷണം പാകം ചെയ്ത് നൽകും. പരിപ്പും അരിയും ചേർത്ത ഭക്ഷണം. അത് നൽകുമ്പോൾ ഈ ലോകത്ത് ഞാനാണ് ഏറ്റവും സന്തോഷവാൻ- റാവു പറയുന്നു. അഞ്ചു മാസങ്ങൾക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി റാവുവിന്റെ സ്‌കൂളിലെത്തിയപ്പോൾ തെരുവിന്റെ കുട്ടികൾക്ക് വെളിച്ചമാണ് റാവു എന്നാണ് വിശേഷിപ്പിച്ചത്.

ഈ അറുപത്തിയൊന്നാമത്തെ വയസ്സിലും ലോകത്തിലെ ഏറ്റവും സന്തോഷവാനും ധനികനും ഞാനാണ്. മറ്റെന്ത് ധനം കിട്ടിയതിലും സന്തോഷം എനിക്ക് ഇതിലൂടെ ലഭിക്കുന്നു. ഒറ്റ രാത്രികൊണ്ട് ധനികനാവാനുള്ള ഓട്ടത്തിലാണ് ഇപ്പോഴത്തെ ചെറുപ്പക്കാർ. നിങ്ങൾ ജീവിച്ചോളൂ...എന്നാൽ മറ്റുള്ളവർക്കു സഹായം ചെയ്യാനും മടിക്കരുത്. അപ്പോൾ മാത്രമേ നിങ്ങൾ ഉയരങ്ങളിലെത്തുകയുള്ളൂ.. ചെറുപ്പക്കാർക്കുള്ള സന്ദേശമായി റാവു പറയുന്നു.

Read More >>