പത്തനംതിട്ട; തീർത്തും പ്രവചനാതീതം

പത്തനംതിട്ട ദേശീയശ്രദ്ധ ആർജജിച്ചത് കൊണ്ടും വിജയം മൂന്ന് മുന്നണികൾക്കും പ്രധാനം. മൂന്നു മുന്നണികൾക്കും അടിയൊഴുക്കുകളും നിർണ്ണായകമാവും. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ രണ്ടാംഘട്ട പ്രചാരണങ്ങളിലേക്ക് കടന്നു

പത്തനംതിട്ട; തീർത്തും പ്രവചനാതീതം

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം രൂപംകൊണ്ട ശേഷം ഇതുപോലൊരു മത്സരം മുമ്പുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പൊതു അഭിപ്രായം. ശബരിമലയിലെ യുവതീപ്രവേശം കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് ചർച്ചാ വിഷയങ്ങളിൽ ഒന്നായപ്പോൾ പത്തനംതിട്ടയ്ക്ക് ഇക്കുറി ദേശീയതലത്തിലും കൂടുതൽ ശ്രദ്ധ കൈവന്നു. ശബരിമല സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന നിലയിൽ യുവതീപ്രവേശ വിധിയെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങളുടെ കേന്ദ്രം പത്തനംതിട്ടയായിരുന്നു. ഈ വിഷയം സംസ്ഥാന രാഷ്ട്രീയത്തിൽ എന്ത് പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും പത്തനംതിട്ടയിലെ ജനവിധിയിലൂടെ അറിയാം. ഹാട്രിക് വിജയം ലക്ഷ്യമിട്ട് യു.ഡി.എഫിൽ നിന്ന് സിറ്റിങ് എം.പിയായ ആന്റോ ആന്റണിയും മത്സരിക്കുന്നു. എൽ.ഡി.എഫിൽ നിന്ന് ആറൻമുള എം.എൽ.എ വീണാ ജോർജ്ജും എൻ.ഡി.എ സ്ഥാനാർത്ഥിയായി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്. മണ്ഡല രൂപീകരണത്തിന് ശേഷം രണ്ടു തവണ നടന്ന തെരഞ്ഞെടുപ്പിലും ഫല പ്രവചനം ഒട്ടൊക്കെ സാദ്ധ്യമായിരുന്നു. കാർഷിക പ്രാധാന്യമാർന്ന മണ്ഡലത്തിൽ ഒട്ടേറെ തീർത്ഥാടന കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗത്തിന് നിർണ്ണായക സ്വാധീനമാണ് മണ്ഡലത്തിലുള്ളത്. എൻ.എസ്.എസ്, എസ്.എൻ.ഡി.പി വോട്ടുകളും പ്രധാനമാണ്. ശബരിമല വിഷയത്തിൽ ഹിന്ദു വോട്ടുകൾ എവിടെ കേന്ദ്രീകരിക്കപ്പെടുമെന്നതും തെരഞ്ഞെടുപ്പ് വിജയത്തിൽ നിർണ്ണായകമാകും.

പത്തനംതിട്ട ദേശീയശ്രദ്ധ ആർജജിച്ചത് കൊണ്ടും വിജയം മൂന്ന് മുന്നണികൾക്കും പ്രധാനം. ദേശീയ വിഷയങ്ങൾക്കൊപ്പം ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉയർത്തി കോൺഗ്രസ് പ്രചാരണം നടത്തുമ്പോൾ മണ്ഡലത്തിലെ വികസന പ്രശ്നങ്ങളിലാണ് എൽ.ഡി.എഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശബരിമല വിഷയം തന്നെയാണ് ബി.ജെ.പിയുടെ പ്രചാരണായുധം. മൂന്നു മുന്നണികൾക്കും അടിയൊഴുക്കുകളും നിർണ്ണായകമാവും. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ രണ്ടാംഘട്ട പ്രചാരണങ്ങളിലേക്ക് കടന്നു. അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ബി.ജെ.പി ശബരിമലയാണ് പ്രധാന പ്രചാരണ വിഷയമാക്കുന്നത്. ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് അപ്പുറം വിശ്വാസികളുടെ വോട്ടുകളിലാണ് പത്തനംതിട്ടയിൽ ബി.ജെ.പിയുടെ കണ്ണ്. ആർ.എസ്.എസും അരയുംതലയും മുറുക്കി പത്തനംതിട്ടയിലുണ്ട്. പരമാവധി വോട്ടുകൾ സമാഹരിക്കാനുള്ള കരുത്ത് കെ. സുരേന്ദ്രനുണ്ടെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. പത്തനംതിട്ടയിൽ കോൺഗ്രസ്-സി.പി.എം സ്ഥാനാർത്ഥികൾക്കെതിരെ അതത് മുന്നണികളിലും വികാരമുണ്ട്. ആന്റോ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഡി.സി.സി പ്രസിഡന്റു തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. ആറൻമുള എം.എൽ.എ ആയ വീണ ജോർജിന് സീറ്റു കൊടുത്തതിൽ സി.പി.എം പ്രാദേശിക ഘടകങ്ങളിലും മുറുമുറുപ്പ് മാറിയിട്ടില്ല. ഇതെല്ലാം സുരേന്ദ്രന് വോട്ടായി മാറുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ശബരിമല സമരനായകനെന്ന പരിവേഷവുമായി കെ സുരേന്ദ്രൻ എത്തുമ്പോൾ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ഉറപ്പാണെന്ന് പരിവാറുകാരും കരുതുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ മൂന്നു മുന്നണികളെയും വിറപ്പിച്ച പി.സി ജോർജ് കെ.സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതും അനുകൂല തരംഗം ആകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂർ, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങൾ ചേർന്ന പത്തനംതിട്ടയിൽ 2016 ലെ നിയമസഭാ തെരഞ്ഞടുപ്പ് ഫലം അനുസരിച്ച് നാലു നിയമസഭ സീറ്റുകൾ കൈവശമുളള ഇടതുമുന്നണിയാണ് മുന്നിൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥിതി വ്യത്യസ്തമാണ്. 2009 ൽ മണ്ഡലം രൂപീകൃതമായതിനു ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു വിജയം. ഇടുക്കി, മാവേലിക്കര മണ്ഡലങ്ങളുടെ ഭാഗമായിരുന്ന കാലത്തും കോൺഗ്രസ് രാഷ്ട്രീയം തന്നെയാണ് മണ്ഡലത്തിൽ സ്വാധീനം ചെലുത്തിയത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വോട്ടുകളാണ് ഇത്തവണ ഇരുമുന്നണികളെയും ചിന്തിപ്പിക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന ചരിത്രത്തിൽ തന്നെ പത്തനംതിട്ട മണ്ഡലത്തിൽ കരുത്തു പ്രകടമാക്കിയിരുന്നു.

Read More >>