രാജ്യസ്‌നേഹം ആരും കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ട, അതിന് ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റും വേണ്ട- തുറന്നടിച്ച് മന്‍മോഹന്‍

സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാനുള്ള ബി.ജെ.പി നീക്കത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

രാജ്യസ്‌നേഹം ആരും കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ട, അതിന് ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റും വേണ്ട- തുറന്നടിച്ച് മന്‍മോഹന്‍

മുംബൈ: കോണ്‍ഗ്രസിനെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ടത് മുന്‍ പ്രധാനമന്ത്രിയും വിഖ്യാത സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. മന്‍മോഹന്‍സിങ്. ദേശസുരക്ഷയില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തു എന്ന ബി.ജെ.പി ആരോപണങ്ങളോടാണ് മന്‍മോഹന്‍സിങിന്റെ പ്രതികരണം.

'പാര്‍ലമെന്റില്‍ കശ്മീരിന്റെ പ്രത്യേക സ്വഭാവം റദ്ദാക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തതാണ് കോണ്‍ഗ്രസ്. 370-ാം വകുപ്പ് താല്‍ക്കാലിക സംവിധാനമാണ് എന്ന് കോണ്‍ഗ്രസിനറിയാം. എന്നാല്‍ ഒരു മാറ്റം കൊണ്ടുവരുമ്പോള്‍ അത് ജനങ്ങളുടെ ആഗ്രഹം കൂടി നോക്കിയാകണം' - മുംബൈയില്‍ വ്യാപാരി സമൂഹവുമായുള്ള ആശയവിനിമയത്തില്‍ അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ആ പാര്‍ട്ടിക്ക് ബി.ജെ.പിയുടെയോ ആര്‍.എസ്.എസിന്റെയോ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാനുള്ള ബി.ജെ.പി നീക്കത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

' സവര്‍ക്കറുടെ ഓര്‍മയ്ക്കായി സ്റ്റാംപ് പുറത്തിറക്കിയത് ഇന്ദിരാഗാന്ധിയാണ്. സവര്‍ക്കര്‍ജിയുടെ ഹിന്ദുത്വ ആശയത്തിന് എതിരെയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ ബില്‍ രാജ്യത്തെ സമുദായത്തെ വിഭജിക്കാനുള്ള നീക്കമാണെന്നും വിശ്വാസത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. അസമില്‍ പൗരത്വ ബില്‍ കൊണ്ടുവന്നത് മുസ്‌ലിംകളെ പുറന്തള്ളാനായിരുന്നു. എന്നാല്‍ പൗരത്വപട്ടികയില്‍ ഉള്‍പ്പടാത്ത 19 ലക്ഷത്തില്‍ 12 ലക്ഷവും ബംഗാളി ഹിന്ദുക്കളാണ്. ഇത്തരം വിഷയങ്ങള്‍ മാനുഷിക പരിഗണനയോടെ കാണാനുള്ളതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ആശയവിനിമയത്തിന്റെ സിംഹഭാഗവും സാമ്പത്തിക കാര്യങ്ങള്‍ പറയാനാണ് സിങ് വിനിയോഗിച്ചത്.

അഞ്ചു ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയായുക എന്ന കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം നിലവിലെ വളര്‍ച്ചാ നിരക്കില്‍ അസാദ്ധ്യമാണെന്നും മന്‍മോഹന്‍ പറഞ്ഞു.

' ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം മുതലെടുത്തത് ചൈനയാണ്. അഞ്ചു വര്‍ഷത്തിനിടെ, ചൈനയില്‍ നിന്നുള്ള ഇറക്കുമതി 1.22 ലക്ഷം കോടിയാണ് വര്‍ദ്ധിച്ചത്. സര്‍ക്കാര്‍ ഹെഡ്ലൈന്‍ മാനേജ്മെന്റില്‍ മാത്രമാണ് വിശ്വസിക്കുന്നത്. കൃത്യമായ പരിഹാരം അവര്‍ക്ക് ആവശ്യമില്ല. ഇതാണ് മൗലികമായ പ്രശ്നം.' - അദ്ദേഹം വ്യക്തമാക്കി.

' അഞ്ചു ട്രില്യണ്‍ ഡോളര്‍ എന്ന സമ്പദ് വ്യവസ്ഥയിലേക്കുള്ള ലക്ഷ്യത്തിന് ഇപ്പോഴത്തെ വളര്‍ച്ച പോര. കഴിഞ്ഞ പാദത്തില്‍ അഞ്ചു ശതമാനം വളര്‍ച്ച മാത്രമാണ് കൈവരിക്കാനായത്. 10-12 ശതമാനം വളര്‍ച്ചയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഈ ലക്ഷ്യം നേടാനാകൂ. നിലവിലെ മാന്ദ്യം ദശലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷയെയും ഭാവിയെയുമാണ് ബാധിക്കുന്നത്' - ഡോ. സിങ് ചൂണ്ടിക്കാട്ടി.

Read More >>