ആരാംകോ ആക്രമണം; ഇന്ത്യയില്‍ പെട്രോള്‍ വില കുതിക്കും- ലിറ്ററിന് 5-6 രൂപ വര്‍ദ്ധന

സ്ഥിതി ഗള്‍ഫ് യുദ്ധകാലത്തേതിനേക്കാള്‍ ഭീതിതം.

ആരാംകോ ആക്രമണം; ഇന്ത്യയില്‍ പെട്രോള്‍ വില കുതിക്കും- ലിറ്ററിന് 5-6 രൂപ വര്‍ദ്ധന

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ ആരാംകോ എണ്ണക്കമ്പനിയുടെ സംസ്‌കരണ കേന്ദ്രവും എണ്ണപ്പാടവും ലക്ഷ്യമാക്കി ഹൂഥി വിമതര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ധന വില കൂടുന്നു. ഇന്ത്യയില്‍ പെട്രോളിന് ലിറ്ററിന് 5-6 രൂപ വരെ വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇതോടെ ആഭ്യന്തര തലത്തിലും വില വര്‍ദ്ധിപ്പിക്കാതെ കഴിയില്ല എന്ന നിലപാടാണ് എണ്ണക്കമ്പനികള്‍ക്ക്.

ആക്രമണത്തിന് ശേഷം ബാരല്‍ ഒന്നിന് 20 ശതമാനത്തിന് മുകളിലാണ് വില വര്‍ദ്ധിച്ചത്. ആക്രമണം മൂലം ഒരു ദിവസം 5.7 ദശലക്ഷം ബാരലിന്റെ ഉത്പാദനക്കുറവ് വന്നതായി ആരാംകോ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉത്പാദക കമ്പനിയാണ് ആരാംകോ.

നിലവിലെ സ്ഥിതിയില്‍ എണ്ണ വില തുടരുകയാണ് എങ്കില്‍ വില വര്‍ദ്ധിപ്പിക്കുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ പറഞ്ഞു. ആവശ്യമുള്ള എണ്ണയുടെ 70 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.

അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 75 യു.എസ് ഡോളര്‍ കടക്കുമെന്നാണ് ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ വിലയിരുത്തല്‍.

*ചരിത്രത്തിലെ ഏറ്റവും വലിയ തടസ്സം

1979ലെ ഇറാന്‍ വിപ്ലവത്തിന് ശേഷം ഇത്രവലിയ തോതില്‍ എണ്ണ വിതരണം തടസ്സപ്പെടുന്നത് ആദ്യമായാണ്. നിലവില്‍ പ്രതിദിനം 5.7 ദശലക്ഷം ബാരലാണ് ഉത്പാദനത്തിലെ കുറവ്. ഇറാന്‍ വിപ്ലവകാലത്ത് ഇത് 5.6 ദശലക്ഷം ബാരലായിരുന്നു.

കുവൈത്തിലേക്കുള്ള ഇറാഖ് അധിനിവേശ കാലത്താണ് (ഗള്‍ഫ് യുദ്ധം) അതിനു മുമ്പ് ഏറ്റവും വലിയ തടസ്സപ്പെടല്‍ ഉണ്ടായത്. പ്രതിദിനം 4.3 ദശലക്ഷം ബാരല്‍ കുറവാണ് അന്നുണ്ടായത്. 74ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ 4.1 ദശലക്ഷം ബാരല്‍ കുറവുണ്ടായി.

ശനിയാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു ഹൂഥികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. സൗദിയുടെ കിഴക്കന്‍ മേഖലായ ദമാമിനടുത്ത അബ്ഖുയൈഖ്, ഹിജ്‌റാത് ഖുറൈയ്‌സ് എണ്ണപ്പാടം എന്നിവിടങ്ങളിലായിരുന്നു ഡ്രോണ്‍ ആക്രമണമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ, ന്യൂയോര്‍ക്ക് മെര്‍ക്കന്റൈല്‍ എക്സ്ചേഞ്ചില്‍ യു എസ് ക്രൂഡ് ഓയിലിന്റെ വിലയില്‍ 10.2 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

നിലവില്‍ ശരാശരി 60 യു.എസ് ഡോളറിന് മുകളിലാണ് ക്രൂഡ് ഓയിലിന്റെ വില. ബ്രന്‍ഡ് ക്രൂഡ് ഓയിലിന് 80 ഡോളര്‍ വരെ ഉയരാമെന്ന് ഓയില്‍ പ്രൈസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 20 ശതമാനം വര്‍ദ്ധനയാണ് ബ്രന്‍ഡ് ക്രൂഡ് ഓയിലിന് ഉണ്ടായിരുന്നത്.

Read More >>