തുഷാറിനു വേണ്ടി മിന്നല്‍ ഇടപെടലെന്തിന്? അമ്പരന്ന് അണികൾ

സംഘപരിവാർ മുന്നേറ്റത്തെ പ്രതിരോധിക്കാനുള്ള സമഗ്ര ചർച്ചകൾക്കായി സംസ്ഥാന കമ്മിറ്റി-സെക്രട്ടറിയേറ്റ് യോഗങ്ങള്‍ നടക്കുന്നതിനിടെയാണ് തുഷാറിന്റെ വിഷയത്തിൽ സത്വര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചത്.

തുഷാറിനു വേണ്ടി മിന്നല്‍ ഇടപെടലെന്തിന്? അമ്പരന്ന് അണികൾ

സി.വി.ശ്രീജിത്ത്

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസിൽ യു.എ.ഇയിൽ ജയിലിലായ എൻ.ഡി.എ സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെട്ടത് വിവാദത്തില്‍. ചെക്ക് മടങ്ങിയ കേസിൽ അറസ്റ്റിലായി അജ്മാൻ ജയിലിൽ അടയ്ക്കപ്പെട്ട തുഷാറിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ചും നിയമനടപടികളിൽ സഹായം അഭ്യർത്ഥിച്ചും കേന്ദ്ര വിദേശകാര്യ മന്ത്രി എ.ജയശങ്കറിനു മുഖ്യമന്ത്രി കത്തയച്ചത്, രാഷ്ട്രീയ എതിരാളികളേക്കാൾ സി.പി.എം അണികളെയാണ് അമ്പരപ്പിച്ചത്.

സംഘപരിവാർ മുന്നേറ്റത്തെ പ്രതിരോധിക്കാനുള്ള സമഗ്ര ചർച്ചകൾക്കായി എ.കെ.ജി സെന്ററിൽ അഞ്ചു ദിവസമായി സംസ്ഥാന കമ്മിറ്റി-സെക്രട്ടറിയേറ്റ് യോഗങ്ങള്‍ നടക്കുന്നതിനിടെയാണ് തുഷാറിന്റെ വിഷയത്തിൽ സത്വര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചത്. മുഖ്യമന്ത്രിയുടെ നടപടിയിൽ പാർട്ടി നേതാക്കൾക്കുൾപ്പെടെ അതൃപ്തിയുണ്ട്. വ്യവസായമന്ത്രി ഇ.പി ജയരാജൻ മാത്രമാണ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി രംഗത്തുവന്നത്. തുഷാറിന്റെ കാര്യത്തിൽ അസ്വാഭാവികതയുള്ളതിനാൽ മുഖ്യമന്ത്രി ഇടപെട്ടു എന്ന ന്യായീകരണമാണ് ഇ.പി നൽകിയത്. മറ്റു നേതാക്കൾക്കും ഘടകകക്ഷികൾക്കും മുഖ്യമന്ത്രിയുടെ നടപടിയിൽ നീരസമുണ്ട്. അതു പരസ്യമാക്കാൻ തയ്യാറല്ലെന്നു മാത്രം.

അതേസമയം എൻ.ഡി.എ കൺവീനർക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലും അതിനെ ന്യായീകരിച്ച മന്ത്രി ഇ.പി ജയരാജന്റെ നടപടിയും സി.പി.എം അണികളിൽ പ്രതിഷേധത്തിനിടയാക്കി. സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം പുകയുകയാണ്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനാണെന്ന പരിഗണനയിൽ സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന തുഷാറിനു വേണ്ടി തിടുക്കം കാട്ടിയത് ശരിയായില്ലെന്ന വികാരമാണ് അണികൾ പങ്കുവയ്ക്കുന്നത്. എൻ.ഡി.എ സംസ്ഥാന കൺവീനറുടെ പദവിയിലിരിക്കുന്ന ഒരാൾക്കുവേണ്ടി എന്തിനായിരുന്നു ധൃതിപിടിച്ചുള്ള കത്തയക്കൽ എന്നാണ് ചിലർ ചോദിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ടു ബി.ജെ.പിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കളോ എൻ.ഡി.എയിലെ മറ്റു ഘടകകക്ഷികളോ പ്രതികരിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി എടുത്തുചാടി ഇടപെട്ടതാണ് വിവാദത്തിനു വഴിവച്ചത്. ബി.ജെ.പിക്കും എൻ.ഡി.എയ്ക്കുമെതിരേ ശക്തമായ ആശയപ്രചാരണത്തിനു മുൻകൈ എടുക്കാൻ അണികളെ ആഹ്വാനം ചെയ്യുന്ന നേതാക്കൾ തന്നെ എൻ.ഡി.എ നേതാക്കൾക്കു വേണ്ടി വഴിവിട്ട ഇടപെടൽ നടത്തുന്നതിനെ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ചോദ്യം ചെയ്യുകയാണ്.

പ്രമുഖവ്യക്തി എന്ന നിലയിൽ മാത്രമാണ് മുഖ്യമന്ത്രി ഇടപെട്ടതെന്ന വിശദീകരണമാണ് സി.പി.എം നേതൃത്വവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. വിദേശകാര്യമന്ത്രിക്ക് കത്തയച്ചതിൽ അസ്വാഭാവികതയില്ലെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ സാമ്പത്തികവിഷയവുമായി ആയിരക്കണക്കിനു പ്രവാസികൾ വിവിധ ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്നും ഇവരുടെ കാര്യത്തിൽ കാണിക്കാത്ത അമിതതാൽപര്യം തുഷാറിന്റെ കാര്യത്തിൽ കാണിച്ചതെന്തിനെന്നും വിമർശനമുയർന്നിട്ടുണ്ട്.

Read More >>