മുസ്‌ലിംലീഗ് സംഘം നാളെ ഡല്‍ഹിയിലേക്ക്; ഇരകളെയും അമിത് ഷായെയും കാണും

വിഷയത്തിന്റെ യഥാർഥ വസ്തുത അറിയാനും ആഭ്യന്തര മന്ത്രിയെ അടക്കം കാണാനും മുസ് ലിം ലീഗ് പ്രതിനിധി സംഘം നാളെ രാവിലയോടെ ഡൽഹിയിലെത്തും

മുസ്‌ലിംലീഗ് സംഘം നാളെ ഡല്‍ഹിയിലേക്ക്; ഇരകളെയും അമിത് ഷായെയും കാണും

കോഴിക്കോട്: ഡൽഹിയിൽ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നിയമവാഴ്ചയും ആഭ്യന്തരവകുപ്പും പൂർണമായും പരാജയപ്പെട്ടതിന്റെ നേർക്കാഴ്ചയാണ് ഡൽഹിയിൽ കാണുന്നത്. ഗുജറാത്തിൽ മോദിയും അമിത് ഷായും ഒന്നിച്ച പോലെ ഡൽഹിയിലും ഒന്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ മൗനാനുവാദത്തോടെയാണ് കലാപം നടക്കുന്നത്. പൊലീസ് നോക്കിനിൽക്കെ കലാപകാരികൾ വേണ്ടതൊക്കെ ചെയ്തു. ട്രംപ് രാജ്യത്ത് എത്തിയ സമയത്ത് തന്നെ നടന്ന കലാപത്തിലൂടെ ലോകത്തിന് മുന്നിൽ നമ്മൾ നാണം കെട്ടൂവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ബി.ജെ.പി ആസൂത്രണം ചെയ്ത കലാപത്തിൽ കോൺഗ്രസ് എന്ത് ചെയ്യാനാണ്. കോൺഗ്രസ് പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞുപരത്തുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇത് തിരിച്ചറിയണമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തിന്റെ യഥാർഥ വസ്തുത അറിയാനും ആഭ്യന്തര മന്ത്രിയെ അടക്കം കാണാനും മുസ് ലിം ലീഗ് പ്രതിനിധി സംഘം നാളെ രാവിലയോടെ ഡൽഹിയിലെത്തും. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലേക്ക് പോകുന്നത്.

ഡൽഹിയിലെ സംഭവ വികാസങ്ങളിൽ അടിയന്തരമായി ഇടപെടാനും സമാധാനം പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടുകൊണ്ട് അമിത്ഷാ ക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും കത്തയച്ചതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Next Story
Read More >>