സിന്ധ് വംശത്തെ സ്വതന്ത്രരാക്കൂ; പാക് സൈന്യത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കൂ: മോദിയോട് ആക്ടിവിസ്റ്റ്

അരലക്ഷത്തിലേറെ ഇന്ത്യക്കാർ പങ്കെടുക്കുന്ന ഹൂസ്റ്റണിലെ 'ഹൗഡി മോദി' സംഗമത്തിൽ പങ്കെടുക്കാൻ മോദി ഇന്ന് രാവിലെ ഹൂസ്റ്റണിൽ എത്തി

സിന്ധ് വംശത്തെ സ്വതന്ത്രരാക്കൂ; പാക് സൈന്യത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കൂ: മോദിയോട് ആക്ടിവിസ്റ്റ്

ഹൂസ്റ്റൺ: പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ സിന്ധ് വംശത്തെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് സിന്ധ് ആക്ടിവിസ്റ്റ് സഫർ. പാകിസ്താൻ സൈനികർ സിന്ധ് വംശജരെ നിരന്തരം ഉപദ്രവിക്കുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഈ വംശജർക്ക് നേരിടേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ' സിന്ധി ജനങ്ങൾ ഹൂസ്റ്റണിൽ എത്തിയത് ഒരു സന്ദേശവുമായാണ്. മോദി ഈ വഴിയിലൂടെ രാവിലെ കടന്ന് പോകുമ്പോൾ ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന സന്ദേശം ഞങ്ങൾ പറയും. മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഞങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'-സഫർ പറഞ്ഞു.

1971 ൽ പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ഇന്ത്യ ബംഗ്ലാദേശിനെ സഹായിച്ചു. അതുപോലെ പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കാൻ ഡൽഹി സിന്ധ് സമൂഹത്തെയും സഹായിക്കണമെന്നും സഫർ കൂട്ടിച്ചേർത്തു. ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ചതുപോലെ ഇന്ത്യയുടെ സഹായത്തോടെ സിന്ധ് സമൂഹത്തിനും പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കാൻ സഹായം ആവശ്യമാണ്.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തകർക്കാൻ ഇസ്ലാമാബാദ് ഇസ്‌ലാമിക തീവ്രവാദത്തെ ഉപയോഗിക്കുന്നുണ്ടെന്നും സഫർ ആരോപിച്ചു. മോദിയും ട്രംപും പാകിസ്താനെതിരെ പ്രവർത്തിക്കണമെന്നും പാക് സൈന്യത്തെയും ഐഎസിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കണമെന്നും സഫർ ആവശ്യപ്പെട്ടു.

നേരത്തെ ഹൂസ്റ്റണിലെത്തിയ കശ്മീരി പണ്ഡിതരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയെ പണ്ഡിതർ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

അരലക്ഷത്തിലേറെ ഇന്ത്യക്കാർ പങ്കെടുക്കുന്ന ഹൂസ്റ്റണിലെ 'ഹൗഡി മോദി' സംഗമത്തിൽ പങ്കെടുക്കാൻ മോദി ഇന്ന് രാവിലെ ഹൂസ്റ്റണിൽ എത്തി. നരേന്ദ്ര മോദി ടെക്സസിലെ ഇന്ത്യൻ വംശജരായ അമേരിക്കക്കാരോടു സംസാരിക്കുന്ന വേദിയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പങ്കെടുക്കുന്നത് ആവേശം ഇരട്ടിയാക്കിയിട്ടിട്ടുണ്ട്. ടെക്സസിൽ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ പരിപാടിയെ ബാധിക്കില്ലെന്നു സംഘാടകർ വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി ന്യൂഡൽഹിയിൽ നിന്നു പുറപ്പെട്ട മോദി ഇന്നലെ പുലർച്ചെ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ രണ്ടു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് ഹൂസ്റ്റണിലേക്ക് എത്തിയത്. 27 വരെ നീളുന്ന മോദിയുടെ യു.എസ് പര്യടനത്തിൽ ഹൗഡി മോദിക്കും പ്രമുഖ കോർപറേറ്റ് സി.ഇ.ഒമാരുമായുള്ള കൂടിക്കാഴ്ചയ്ക്കും പുറമേ 14 ഉഭയകക്ഷി ചർച്ചകളുമുണ്ട്. ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാരക്കരാർ ഹൗഡി മോദി വേദിയിൽ ട്രംപ് പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. യു.എന്നിൽ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന മോദി കാലാവസ്ഥാ ഉച്ചകോടിയിലും മഹാത്മാഗാന്ധിയുടെ 150 ാം ജന്മദിനാചരണച്ചടങ്ങിലും പങ്കെടുക്കും.

Read More >>