മാമല്ലപുരം കടല്‍ത്തീരത്ത് പ്ലാസ്റ്റിക് പെറുക്കി മോദി; വൈറലായി പ്ലോഗിങ് വീഡിയോ

വീഡിയോ പ്രധാനമന്ത്രി തന്റെ പേഴ്‌സണല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു.

മാമല്ലപുരം കടല്‍ത്തീരത്ത് പ്ലാസ്റ്റിക് പെറുക്കി മോദി; വൈറലായി പ്ലോഗിങ് വീഡിയോ

ചെന്നൈ: തമിഴ്‌നാട്ടില്‍ ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ങുമായുള്ള കൂടിക്കാഴ്ചയുടെ രണ്ടാം ദിനം പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ചത് പ്ലോഗിങിലൂടെ. മാമല്ലപുരത്തെ ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യമെല്ലാം കവറിലാക്കിയായിരുന്നു മോദിയുടെ പ്ലോഗിങ്. മുപ്പത് മിനിറ്റ് നീണ്ട പെറുക്കലിന് ഒടുവില്‍ കവര്‍ ഹോട്ടല്‍ ജീവനക്കാരന് പ്രധാനമന്ത്രി നല്‍കി.

വീഡിയോ പ്രധാനമന്ത്രി തന്റെ പേഴ്‌സണല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു. നമ്മുടെ പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കാം, ആരോഗ്യപൂര്‍ണ്ണമായി ഇരിക്കാം എന്ന സന്ദേശവും പ്രധാനമന്ത്രി കൈമാറി.

ബീച്ചില്‍ ഒറ്റയ്ക്കായിരുന്നു പ്രധാനമന്ത്രിയുടെ പ്രഭാത നടത്തം. കറുത്ത ട്രാക് സ്യൂട്ടും ടീഷര്‍ട്ടുമാണ് അദ്ദേഹം ധരിച്ചിരുന്നത്. തിരമാലകളില്‍ കാലിട്ടു നടക്കുന്നതിന്റെയും പാറക്കെട്ടില്‍ ഇരിക്കുന്നതിന്റെയും ചിത്രങ്ങള്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ജോഗിങ് ചെയ്യുകയും അതോടൊപ്പം മാലിന്യം ശേഖരിക്കുകയും ചെയ്യുന്ന വ്യായമമായാണ് പ്ലോഗിങ് അറിയപ്പെടുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സ്വീഡനില്‍ 2016ലാണ് ഇതിന് പ്രചാരം വന്നത്.

പ്രധാനമന്ത്രിയുടെ വീഡിയോ കേന്ദ്രമന്ത്രിമാര്‍ അടക്കം നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.

Read More >>