രാജ്യവ്യാപക എന്‍.ആര്‍.സിയില്ലെന്ന് മോദി ഉറപ്പു നല്‍കി: ഉദ്ധവ് താക്കറെ

സി.എ.എ വിഷയത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസും എന്‍.സി.പിയും സേനയോട് മഹാരാഷ്ട്രയില്‍ ഇടഞ്ഞു നില്‍ക്കുകയാണ്.

രാജ്യവ്യാപക എന്‍.ആര്‍.സിയില്ലെന്ന് മോദി ഉറപ്പു നല്‍കി: ഉദ്ധവ് താക്കറെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉടനീളം ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാറിന് പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. ഡല്‍ഹിയില്‍ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉദ്ധവ്.

പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ദേശവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമന്റില്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിറകോട്ടു പോകുകയായിരുന്നു.

' സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ വിഷയങ്ങളെല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്തു. വിഷയത്തില്‍ എന്റെ നിലപാട് ഞാന്‍ കൃത്യമായി അറിയിച്ചിട്ടുണ്ട്. സി.എ.എയില്‍ ഭയക്കേണ്ട കാര്യമൊന്നുമില്ല. അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്കാണ് അതിന്റെ ഗുണം കിട്ടുക. രാജ്യത്തുടനീളം എന്‍.ആര്‍.സി നടപ്പാക്കില്ല. പൗരന്മാര്‍ക്ക് എന്തെങ്കിലും അപകടം ഉണ്ടാകുന്നുവെങ്കില്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ അതിനെ എതിര്‍ക്കും' - താക്കറെ വ്യക്തമാക്കി.

സി.എ.എ വിഷയത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസും എന്‍.സി.പിയും സേനയോട് മഹാരാഷ്ട്രയില്‍ ഇടഞ്ഞു നില്‍ക്കുകയാണ്. ഈ വേളയിലാണ് സേനാ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

Next Story
Read More >>