ഇത് കൂറ്റന്‍ പരിപാടിയാകുമെന്ന് മോദി ഉറപ്പു നല്‍കിയെന്ന് ട്രംപ്; ഇന്ത്യയിലേക്ക് തിരിച്ചു

ഭാര്യ മെലാനിയക്ക് പുറമേ, മകള്‍ ഇവാന്‍ക ട്രംപ്, മരുമകനും സീനിയര്‍ ഉപദേഷ്ടാവുമായ ജെറദ് കുഷ്‌നര്‍ അടക്കം 12 പേരാണ് യാത്രാ സംഘത്തിലുള്ളത്.

ഇത് കൂറ്റന്‍ പരിപാടിയാകുമെന്ന് മോദി ഉറപ്പു നല്‍കിയെന്ന് ട്രംപ്; ഇന്ത്യയിലേക്ക് തിരിച്ചു

വാഷിങ്ടണ്‍: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ദ്വിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിനായി യാത്ര തിരിച്ചു. ഇന്ത്യയില്‍ 'സുഹൃത്ത്' നരേന്ദ്രമോദി ഒരുക്കുന്നത് കൂറ്റന്‍ സ്വീകരണ പരിപാടിയാണെന്നും യാത്ര തിരിക്കവെ ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മെലാനിയയ്‌ക്കൊപ്പം ഇന്ത്യയിലേക്ക് തിരിക്കുന്നു എന്ന് യു.എസ് പ്രസിഡണ്ട് ട്വിറ്ററില്‍ കുറിക്കുകയും ചെയ്യുന്നു.

ഭാര്യ മെലാനിയക്ക് പുറമേ, മകള്‍ ഇവാന്‍ക ട്രംപ്, മരുമകനും സീനിയര്‍ ഉപദേഷ്ടാവുമായ ജെറദ് കുഷ്‌നര്‍ അടക്കം 12 പേരാണ് യാത്രാ സംഘത്തിലുള്ളത്. അഹമ്മദാബാദില്‍ തിങ്കളാഴ്ചയെത്തുന്ന ട്രംപ് അവിടെ നിന്ന് ആഗ്രയിലേക്കും പിന്നീട് ഡല്‍ഹിയിലേക്കും തിരിക്കും.

അതിനിടെ, ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി നടന്ന അവസാനവട്ട ചര്‍ച്ചകളിലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യ കരാര്‍ രൂപപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. കരാര്‍ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ഒരു തിയ്യതി കരാറിനായി വയ്ക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു.

അമേരിക്കയെ ആഞ്ഞുവെട്ടുന്ന രാജ്യമാണ് ഇന്ത്യയെന്നും ഇപ്പോഴില്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം ഭാവിയില്‍ വിശാലമായ കരാര്‍ രൂപപ്പെടുത്താമെന്നും ട്രംപ് അറിയിച്ചിരുന്നു.

അഹമ്മദാബാദില്‍ ട്രംപിനായി ഒരുക്കുന്ന നമസ്‌തെ ട്രംപ് എന്ന പരിപാടിയാണ് സന്ദര്‍ശനത്തിലെ പ്രധാന ഇനം. തന്നെ സ്വീകരിക്കാനായി 70 ലക്ഷം പേര്‍ ഉണ്ടാകുമെന്ന് മോദി പറഞ്ഞു എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ ഒരു ലക്ഷം പേരാണ് യു.എസ് പ്രസിഡണ്ടിനെ സ്വീകരിക്കാനായി ഉണ്ടാകുക എന്ന് അഹമ്മാദാബാദ് മുനിസിപ്പര്‍ കോര്‍പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story
Read More >>