മട്ടന്‍ ഉലര്‍ത്തിയത്, തഞ്ചാവൂര്‍ കോഴിക്കറി, ആട് ബിരിയാണി... ഷി ജിന്‍പിങിന് മോദി ഒരുക്കിയത് കിടിലന്‍ നോണ്‍ വെജ് അത്താഴം

മലബാര്‍ കൊഞ്ച്, ചിക്കന്‍ കൊണ്ടുണ്ടാക്കിയ കോറി കെംപു, തേങ്ങാക്കൊത്തിട്ട് ഉലര്‍ത്തിയ മട്ടണ്‍....

മട്ടന്‍ ഉലര്‍ത്തിയത്, തഞ്ചാവൂര്‍ കോഴിക്കറി, ആട് ബിരിയാണി... ഷി ജിന്‍പിങിന് മോദി ഒരുക്കിയത് കിടിലന്‍ നോണ്‍ വെജ് അത്താഴം

ചെന്നൈ: ശുദ്ധ വെജിറ്റേറിയനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ മെനുബുക്കില്‍ ഇഷ്ടവിഭവങ്ങളെല്ലാം വെജിറ്റേറിയന്‍ തന്നെ.

എന്നാല്‍ തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങിനായി മോദി ഒരുക്കിയത് നല്ല ഇടിവെട്ട് നോണ്‍ വെജ് ഭക്ഷണങ്ങളാണ്. ഉച്ചകോടിയുടെ ആദ്യദിനമായ വെള്ളിയാഴ്ച താജ് ഫിഷര്‍മാന്‍ കോവ് റിസോര്‍ട്ട് ആന്‍ഡ് സ്പാ റിസോര്‍ട്ടില്‍ വിളമ്പിയ അത്താഴമെനു പുറത്തു വന്നു.

തക്കാളി രസമാണ് മെനുവിലെ ആദ്യത്തെ ഇനം. മലബാര്‍ കൊഞ്ച്, ചിക്കന്‍ കൊണ്ടുണ്ടാക്കിയ കോറി കെംപു, തേങ്ങാക്കൊത്തിട്ട് ഉലര്‍ത്തിയ മട്ടണ്‍ എന്നിവയാണ് രണ്ടാമത്.

കറിവേപ്പില ഇട്ട് മീന്‍ വറുത്തത്, തഞ്ചാവൂര്‍ കോഴിക്കറി, മട്ടണ്‍ കൊണ്ടുണ്ടാക്കുന്ന യെറച്ചി ഗെട്ടി കുഴമ്പ്, ബീറ്റ്‌റൂട്ട് ചോപ്, അരച്ചുണ്ടാക്കിയ സാമ്പാര്‍, ആന്ധ്ര ശൈലിയില്‍ ഉണ്ടാക്കിയ ആട് ബിരിയാണി എന്നിവയാണ് അടുത്ത വിഭവങ്ങള്‍.

അടപ്രഥമനും ഹല്‍വയും മുക്കാനി ഐസ്‌ക്രീമും ഭക്ഷണ ശേഷം സേവിക്കനായി ഉണ്ട്. തൊട്ടുപിന്നാലെ ചായ, കോഫി, മസാല ചായ എന്നിവ.


അതിനിടെ, അതിനിര്‍ണായകമായ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാതെ ദ്വിദിന അനൗദ്യോഗിക ഉച്ചകോടി അവസാനിച്ചു.

ലോകത്തെ അതിവേഗം വളര്‍ന്നു കൊണ്ടിരുന്ന സമ്പദ് വ്യവസ്ഥകളായ ഇരുരാഷ്ട്രങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയെ അന്താരാഷ്ട്ര സമൂഹം താത്പര്യത്തോടെയാണ് വീക്ഷിച്ചത്.

ഇന്ത്യാ-ചൈന ബന്ധത്തിലെ പുതുയുഗപ്പിറവിയാണ് മഹാബലിപുരം അനൗപചാരിക ഉച്ചകോടിയില്‍ സാദ്ധ്യമായതെന്ന് നരേന്ദ്രമോദി പറഞ്ഞു. വിശ്വാസത്തിലൂന്നിയ സൗഹൃദത്തിന്റെ തുടക്കമാണിത്.

ആഴത്തിലുള്ള ചര്‍ച്ചകള്‍ ഇന്ത്യയുമായുള്ള അനൗദ്യോഗിക ഉച്ചകോടിയ്ക്കിടെ നടന്നെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങും പറഞ്ഞു.

നയതന്ത്രബന്ധത്തില്‍ ഹൃദയം തുറന്നുള്ള ചര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരം മുതല്‍ ഭീകരവാദം വരെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഭീകരവാദത്തിനും മതമൗലികവാദത്തിനുമെതിരെ ഇന്ത്യയും ചൈനയും ഒന്നിച്ചു പോരാടും. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒരു തരത്തിലും വര്‍ദ്ധിക്കില്ല. നയതന്ത്രതലത്തിലുള്ള ആശയവിനിമയം ശക്തിപ്പെട്ടു. ആഗോളതലത്തില്‍ ഇന്ത്യയും ചൈനയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി അറിയിച്ചു.

അനൗദ്യോഗിക ഉച്ചകോടിയായതിനാല്‍ സംയുക്ത പ്രസ്താവന ഒഴിവാക്കി ഇരുനേതാക്കളും വെവ്വേറെ പ്രസ്താവനകളാണ് നടത്തിയത്. മോദിക്കൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറാണെന്ന് ഷി ജിന്‍ പിങ് അറിയിച്ചു. നരേന്ദ്രമോദി ദേശീയതലത്തിലുള്ള കാഴ്ചപ്പാടുകളും ഭരണപരമായ കാര്യങ്ങളും കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു.

ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യയിലെത്താന്‍ വിസാ ചട്ടങ്ങളില്‍ ഇന്ത്യ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തേക്കുള്ള വിസാ ചൈനീസ് പൗരന്മാര്‍ക്ക് നല്‍കുമെന്നാണ് ഇന്ത്യയുടെ പ്രഖ്യാപനം.

മോദിയും ഷി ജിന്‍ പിങ്ങും തമ്മിലുള്ള രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിയാണിത്. അഞ്ച് വര്‍ഷത്തിനിടെ 17 തവണ ഉഭയകക്ഷി ബന്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

Read More >>