സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍; നായകത്വം പ്രിയങ്കയ്ക്ക് -സമിതിക്ക് രൂപം നല്‍കി കോണ്‍ഗ്രസ്

അടുത്തായി വരുന്ന രാഷ്ട്രദിനാഘോഷങ്ങളില്‍ ഭരണഘടനയുടെ ആമുഖം വായിച്ചുള്ള പ്രതിഷേധങ്ങള്‍ പാര്‍ട്ടി ആസൂത്രണം ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍; നായകത്വം പ്രിയങ്കയ്ക്ക് -സമിതിക്ക് രൂപം നല്‍കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പൗരത്വ ഭേഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, സാമ്പത്തിക മാന്ദ്യം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വന്‍ പ്രതിഷേധ സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് ആലോചന. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കാണ് സമരത്തിന്റെ ചുമതല. ചൊവ്വാഴ്ച നടന്ന പാര്‍ട്ടി ഉന്നതാധികാര സമിതിക്ക് ശേഷമാണ് അനൗദ്യോഗികമായ ഇത്തരമൊരു സമിതിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയത്.

ക്വിക്ക് റെസ്‌പോണ്‍സ് കമ്മിറ്റി എന്നാണ് സമിതിയുടെ പേര്. അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, ശക്തിസിങ് ഗോഹില്‍, രാജീവ് സതവ്, ദീപേന്ദര്‍ ഹൂഡ, ജിതിന്‍ പ്രസാദ, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് അംഗങ്ങള്‍.

അടുത്തായി വരുന്ന രാഷ്ട്രദിനാഘോഷങ്ങളില്‍ ഭരണഘടനയുടെ ആമുഖം വായിച്ചുള്ള പ്രതിഷേധങ്ങള്‍ പാര്‍ട്ടി ആസൂത്രണം ചെയ്യുന്നുണ്ട്. ജനുവരി 23ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികം, 26ന് റിപ്പബ്ലിക് ഡേ, 30ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനം എന്നിവയാണ് അടുത്തു വരുന്ന പ്രധാന ദിനങ്ങള്‍.

സി.എ.എ വിരുദ്ധ സമരങ്ങളില്‍ മറ്റേതു കോണ്‍ഗ്രസ് നേതാവിനേക്കാളും സജീവമാണ് പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശിലെ പൊലീസ് വേട്ടയിലെ ഇരകളുമായി അവര്‍ നടത്തിയ കൂടിക്കാഴ്ച വന്‍ മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന എ.ബി.വി.പി ആക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ അവര്‍ അര്‍ദ്ധ രാത്രി എയിംസ് ആശുപത്രിയിലുമെത്തിയിരുന്നു.

Read More >>