താമരശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങള്‍; ജോളിയുടെ വക്കാലത്ത് ഏറ്റെടുത്ത ആളൂരിനെതിരെ അഭിഭാഷക പ്രതിഷേധം

ജോളിയുടെ വക്കാലത്ത് ആളൂർ ഏറ്റെടുത്തത് പ്രതിയുടെ അറിവോടെയല്ലെന്ന് സംശയിക്കുന്നതായി അഭിഭാഷകർ കോടതിയിൽ പറഞ്ഞു

താമരശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങള്‍; ജോളിയുടെ വക്കാലത്ത് ഏറ്റെടുത്ത ആളൂരിനെതിരെ അഭിഭാഷക പ്രതിഷേധം

താമരശ്ശേരി: കൂടത്തായി കൂട്ടക്കൊലയിൽ ഉൾപ്പെട്ട റോയി വധക്കേസിൽ പ്രതികളായ ജോളി ജോസഫ്, എം.എം മാത്യു, പ്രജുകുമാർ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൂവരുടേയും ജാമ്യാപേക്ഷ തള്ളിയത്. റോയി വധക്കേസ് കോടതി പരിഗണനയ്ക്ക് എടുത്ത ഘട്ടത്തിൽ നാടകീയ രംഗങ്ങളാണ് താമരശ്ശേരി കോടതിയിൽ ഇന്നുണ്ടായത്. ജോളിയുടെ വക്കാലത്ത് ഏറ്റെടുത്ത ബി.എ ആളൂരിനെതിരെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ജോളിയുടെ വക്കാലത്ത് ആളൂർ ഏറ്റെടുത്തത് പ്രതിയുടെ അറിവോടെയല്ലെന്ന് സംശയിക്കുന്നതായി അഭിഭാഷകർ കോടതിയിൽ പറഞ്ഞു. താമരശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്റ് എ.ടി രാജുവാണ് ഇക്കാര്യം കോടതിയിൽ ഉന്നയിച്ചത്. വിഷയത്തിൽ കോടതി ഇടപെടണമെന്നും സ്വന്തം പ്രശസ്തിക്കായി ആളൂർ ജോളിയെ ഉപയോഗിക്കുന്നതായി സംശയമുണ്ടെന്നും കോടതിയിൽ അഭിഭാഷകർ ആവശ്യപ്പെട്ടു.

സ്വന്തമായി വക്കീലിനെ നിയമിക്കാൻ പ്രാപ്തിയില്ലാത്ത പ്രതിക്ക് ആവശ്യമെങ്കിൽ നിയമസഹായം നൽകാൻ നിയമമുണ്ട്. എന്നാൽ സൗജന്യ നിയമസഹായം നൽകാൻ ആളെ നിയമിക്കേണ്ടത് കോടതിയാണെന്നും വിദ്യാസമ്പന്നയായ ജോളിക്ക് തന്റെ അഭിഭാഷകന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രാപ്തിയുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. ജോളിയുടെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഇതേക്കുറിച്ച് ഇനി ചോദിക്കേണ്ടതില്ലെന്ന നിലപാടാണ് ജഡ്ജി സ്വീകരിച്ചത്.

റോയി വധക്കേസിൽ ജോളി, മാത്യു, പ്രജുകുമാർ എന്നീ പ്രതികളെ രണ്ടാഴ്ച കൂടി ജുഡീഷ്യൽ റിമാൻഡിൽ വിട്ടിട്ടുണ്ട്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയെ കസ്റ്റഡിയിൽ വിട്ടുതരണമെന്ന ആവശ്യവുമായി തിങ്കളാഴ്ച അന്വേഷണസംഘം കോടതിയെ സമീപിച്ചേക്കും എന്നാണ് സൂചന.

Read More >>