പി.എസ്.സി പരീക്ഷാതട്ടിപ്പ്; ഉത്തരങ്ങള്‍ മുഴുവന്‍ ഹൈടെക് സെല്‍ വീണ്ടെടുത്തു- നിര്‍ണായക തെളിവുകള്‍

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഹൈടെക് സെല്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്

പി.എസ്.സി പരീക്ഷാതട്ടിപ്പ്; ഉത്തരങ്ങള്‍ മുഴുവന്‍ ഹൈടെക് സെല്‍ വീണ്ടെടുത്തു- നിര്‍ണായക തെളിവുകള്‍

തിരുവനന്തപുരം ബ്യൂറോ

തിരുവനന്തപുരം: പി.എസ്.സി ക്രമക്കേടുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പരീക്ഷ നടന്ന ദിവസം പ്രതികള്‍ എസ്.എം.എസിലൂടെ കൈമാറിയ ഉത്തരങ്ങള്‍ പൂര്‍ണ്ണമായും ഹൈടെക് സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തു.

പ്രതികളായ ഗോകുലും സഫീറും ശിവരഞ്ജിത്, പ്രണവ്, നസീം എന്നിവര്‍ക്കയച്ച സന്ദേശങ്ങളാണ് ക്രൈം ബ്രാഞ്ചിന് കിട്ടിയത്. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ സന്ദേശങ്ങള്‍ വീണ്ടെടുക്കുക ശ്രമകരമായിരുന്നു. പ്രതികള്‍ മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഹൈടെക് സെല്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ കോപ്പിയടിക്ക് നിര്‍ണ്ണായക തെളിവാണ് ക്രൈംബ്രാഞ്ചിന് കിട്ടിയിരിക്കുന്നത്.

പരീക്ഷാഹാളില്‍ നിന്നും ഇവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയവരെ കുറിച്ചും പൊലീസിന് വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്. സംശയിക്കുന്ന ആള്‍ നിലവില്‍ ഒളിവിലാണ്. ക്രമക്കേടില്‍ പങ്കുളള മറ്റ് ചിലരേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. കേസിലെ കൂടുതല്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും.

പ്രതികളായ ശിവരഞ്ജിത്തിന്റേയും നസീമിന്റേയും ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസില്‍ കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പി.എസ്.സി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പ്രതികള്‍ക്ക് പുറത്തിറങ്ങാനാകൂ.

Read More >>