രഘുറാം രാജനും പറയുന്നു; സാമ്പത്തിക മാന്ദ്യം ആകുലപ്പെടുത്തുന്നു

2008ലേതു പോലുള്ള സാമ്പത്തിക മാന്ദ്യത്തിന് നിലവില്‍ സാദ്ധ്യതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

രഘുറാം രാജനും പറയുന്നു; സാമ്പത്തിക മാന്ദ്യം ആകുലപ്പെടുത്തുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം ഉത്കണ്ഠാജനകമാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരമായി പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്നും ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. സ്വകാര്യ മേഖലയിലെ നിക്ഷേപം കൂടുതല്‍ ഊര്‍ജ്ജ്വസ്വലമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.എന്‍.ബി.സി ടിവി 18 ചാനലിനോട് സംസാരിക്കവെയാണ് രാജന്‍ ഇക്കാര്യത്തില്‍ മനസ്സു തുറന്നത്. 2013-16 കാലയളവില്‍ ആര്‍.ബി.ഐ ഗവര്‍ണറായിരുന്ന ഇദ്ദേഹം 2008ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച അപൂര്‍വ്വം സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളാണ്. ആര്‍.ബി.ഐയില്‍ രണ്ടാമൂഴം പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും നരേന്ദ്രമോദി സര്‍ക്കാര്‍ രാജന് അവസരം നിഷേധിക്കുകയായിരുന്നു.

'സ്വകാര്യ മേഖലയില്‍ വിവിധ വളര്‍ച്ചാ പ്രതീക്ഷകളുണ്ട്. ഇതില്‍ മിക്കതിന്റെ വളര്‍ച്ചയും സര്‍ക്കാറിന്റെ പ്രതീക്ഷകള്‍ക്കും പ്രവചനങ്ങള്‍ക്കും താഴെയാണ്. സാമ്പത്തിക മേഖലയിലെ ഈ മാന്ദ്യം ഉത്കണ്ഠാജനകം തന്നെയാണ് എന്നാണ് എനിക്കു തോന്നുന്നത്' - അദ്ദേഹം പറഞ്ഞു.

2018-19ല്‍ 6.8 ശതമാനമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. 2014-15ന് ശേഷമുള്ള ഏറ്റവും മോശം വളര്‍ച്ചയാണിത്. ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ മുന്നോട്ടു വെച്ച ഏഴു ശതമാനം വളര്‍ച്ച കൈവരിക്കാനാകില്ലെന്ന് സ്വകാര്യ വിദഗ്ദ്ധരും കേന്ദ്രബാങ്കും പ്രവചിച്ചിട്ടുണ്ട്. കഴിഞ്ഞ ദശാബ്ദത്തിലെ തന്നെ ഏറ്റവും ആഴമേറിയ പ്രതിസന്ധിയാണ് വാഹനവ്യവസായം നേരിടുന്നത്. അതിവേഗ ഉപഭോക്തൃ സാധനങ്ങളുടെ വളര്‍ച്ചയും സംഘടിത മേഖലയിലെ വളര്‍ച്ചയും താഴോട്ടാണ്.

' സമഗ്രമായ പരിഷ്‌കരണ അജണ്ടയാണ് ഇപ്പോള്‍ വേണ്ടത്. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് കടമെടുക്കുക എന്നത് പരിഷ്‌കാരമല്ല, എങ്കിലും തന്ത്രപരമായ നീക്കമാണ്. ഊര്‍ജ്ജം, ബാങ്കേതര ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങളാണ് അടിയന്തരമായി പരിഹരിക്കേണ്ടത്. അത് ഇന്നലെ ചെയ്യേണ്ടതായിരുന്നു. അടുത്ത ആറു മാസം കൊണ്ട് അതു ചെയ്തിട്ട് കാര്യമില്ല' - അദ്ദേഹം ചൂണ്ടിക്കാട്ടി.

' കൂടുതല്‍ സ്വകാര്യ നിക്ഷേപം വരേണ്ടതുണ്ട്. നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഇളവുകള്‍ നല്‍കി ദീര്‍ഘകാലത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാകണം. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ക്ക് പകരം ചിന്തിച്ചുറപ്പിച്ചുള്ള തീരുമാനങ്ങളാണ് എടുക്കേണ്ടത്' - അദ്ദേഹം വ്യക്തമാക്കി.

ബാങ്കുകളെല്ലാം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ 2008ലേതു പോലുള്ള സാമ്പത്തിക മാന്ദ്യത്തിന് നിലവില്‍ സാദ്ധ്യതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ സാമ്പത്തി മാന്ദ്യം വരികയാണെങ്കില്‍ അത് ബാങ്കിങ് മേഖലയില്‍ നിന്നല്ല, മറ്റു സ്രോതസ്സില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.

Next Story
Read More >>