ഒരു മാസം മുമ്പെ രാഹുല്‍ മുന്നറിയിപ്പ് നല്‍കി; വരുന്നത് സങ്കല്‍പ്പത്തിനും അപ്പുറത്തുള്ള വേദന- അന്ന് ചെവി കൊടുക്കാതെ സര്‍ക്കാര്‍

ദ ഹവാര്‍ഡ് ഗസറ്റിലെ ലേഖനം റിട്വീറ്റ് ചെയ്താണ് രാഹുല്‍ കൊറോണയെ കുറിച്ചുള്ള പ്രവചനം നടത്തിയിരുന്നത്.

ഒരു മാസം മുമ്പെ രാഹുല്‍ മുന്നറിയിപ്പ് നല്‍കി; വരുന്നത് സങ്കല്‍പ്പത്തിനും അപ്പുറത്തുള്ള വേദന- അന്ന് ചെവി കൊടുക്കാതെ സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രവചനങ്ങള്‍ ചര്‍ച്ചയാകുന്നു. വരാനിരിക്കുന്നത് വന്‍ വിപത്താണെന്നും അതിനെ നേരിടാനായി സര്‍ക്കാര്‍ ഗൗരവതരമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട് എന്നും രാഹുല്‍ ഫെബ്രുവരി 12ന് തന്നെ ആവശ്യപ്പെട്ടിരുന്നു എങ്കിലും സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല.

ദ ഹവാര്‍ഡ് ഗസറ്റിലെ ലേഖനം റിട്വീറ്റ് ചെയ്താണ് രാഹുല്‍ കൊറോണയെ കുറിച്ചുള്ള പ്രവചനം നടത്തിയിരുന്നത്.

'കൊറോണ വൈറസ് അങ്ങേയറ്റം ഗൗരവതരമാണ്. നമ്മുടെ ജനങ്ങള്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയാണ്. സര്‍ക്കാര്‍ ഈ ഭീഷണിയെ ഗൗരവമായി കാണുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. സമയപൂര്‍വ്വമുള്ള ഇടപെടല്‍ ഗൗരവമേറിയതാണ്' എന്ന് പറഞ്ഞാണ് രാഹുല്‍ ഈ ലേഖനം ട്വീറ്റ് ചെയ്തത്.

ആല്‍വിന്‍ പവല്‍ എന്നയാളുടെ ലേഖനമാണ രാഹുല്‍ പങ്കുവച്ചത്. ആഗോള തലത്തില്‍ 17,400 പേര്‍ക്ക് മാത്രം അസുഖം ബാധിച്ച ഘട്ടമായിരുന്നു അത്. ഇന്ന് രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചു കഴിഞ്ഞു. പത്തുലക്ഷത്തിലേറെ പേര്‍ക്ക് അസുഖം ബാധിക്കുമെന്ന് ആ ലേഖനം പ്രവചിക്കുന്നുണ്ട്.

രാഹുല്‍ ഈ ലേഖനം പങ്കുവയ്ക്കുന്ന വേളയില്‍ കൊറോണയ്‌ക്കെതിരെ ഒരു മുന്‍കരുതല്‍ പോലും കേന്ദ്രം സ്വീകരിച്ചിരുന്നില്ല. അന്ന് രാജ്യത്ത് ഒരു പോസിറ്റീവ് കേസും റിപ്പോര്‍ട്ട് ചെയ്തിരുന്നുമില്ല. ആഗോള തലത്തില്‍ തന്നെ കുറച്ചു രാഷ്ട്രങ്ങളില്‍ മാത്രമാണ് അതുണ്ടായിരുന്നത്. ഇന്ന് 160ലേറെ രാഷ്ട്രങ്ങള്‍ കൊറോണ ഭീതിയിലാണ്.

മാര്‍ച്ച് രണ്ടാം വാരത്തില്‍ രാഹുല്‍ വീണ്ടും കൊറോണയെ കുറിച്ച് സംസാരിച്ചു. മാദ്ധ്യമങ്ങളോടായിരുന്നു രാഹുലിന്റെ പ്രതികരണം.

'അടുത്ത ആറു മാസം സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര വേദനകളിലൂടെയാണ് രാജ്യത്തെ ജനങ്ങള്‍ കടന്നു പോകാനുള്ളത് എന്ന് പറയുന്നതില്‍ എനിക്ക് ദുഃഖമുണ്ട്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകരും. ഈ രാജ്യം അനുഭവിക്കാന്‍ പോകുന്ന വേദനയെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ല. അതു വരികയാണ്. ഇത് സുനാമി വരുന്നത് പോലെയാണ്. സുനാമി വരുന്നതിന് മുമ്പ്, സംഭവിച്ചത് ഞാന്‍ പറയാം. ആന്‍ഡമാന്‍ നിക്കോബാറില്‍ സുനാമി വരുന്നതിന് മുമ്പ് വെള്ളം ഉള്ളിലേക്ക് പോയി. അപ്പോള്‍ എല്ലാവരും മീന്‍പിടിക്കാന്‍ പോയി. ആ വേളയില്‍ വെള്ളം വീണ്ടും വന്നു. അതു കൊണ്ടു തന്നെ വെള്ളം വരികയാണ്. ഞാന്‍ സര്‍ക്കാറിന് മുന്നറിയിപ്പു നല്‍കുകയാണ്, ഒരു വലിയ സുനാമിയാണ് വരുന്നത്. അവര്‍ക്ക് ഇതേക്കുറിച്ച് അറിയില്ല. എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയില്ല. ഇന്ത്യ സ്വയം സജ്ജമാകണം. കോവിഡ് വൈറസിനെതിരെ മാത്രമല്ല, അതിനു ശേഷമുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ചയ്ക്കുമെതിരെ. ഞാന്‍ വീണ്ടും വീണ്ടും പറയുന്നു. ആരും എന്നെ ശ്രദ്ധിക്കുന്നില്ല. മൂഡിസിന്റെ, സ്റ്റാന്‍ഡേര്‍ ആന്‍ഡ് പുവറിന്‍െ, ട്രംപിന്റെ റേറ്റിങുകള്‍ മാത്രമാണ് ജനത്തിന് വേണ്ടത്. ആ റേറ്റിങുകളെ ഞാന്‍ കാര്യമാക്കുന്നില്ല. എനിക്ക് നമ്മുടെ ശക്തിയറിയാം. അതു കൊണ്ട് ഞാന്‍ പറയുന്നു. നമ്മുടെ ശക്തി സജ്ജമാക്കുക. ഒരു പ്രതിരോധ സാഹചര്യം സൃഷ്ടിക്കുക. അങ്ങനെയല്ല എങ്കില്‍ ഇവിടെ, തകര്‍ച്ചയുണ്ടാകും' - എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.

കഴിഞ്ഞ ദിവസം വെന്റിലേറ്റര്‍, സര്‍ജിക്കല്‍ മാസ്‌ക് തുടങ്ങിയ അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതി തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ നിരോധിക്കാത്തത് എന്തു കൊണ്ടാണ് എന്ന് രാഹുല്‍ ചോദിച്ചിരുന്നു.

Next Story
Read More >>