അമിത് ഷാക്ക് മറുപടിയുമായി രാഹുല്‍; വൈവിധ്യം ഇന്ത്യയുടെ ബഹീനതയല്ല, ശക്തിയാണ്

മിക്കവാറും എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കളും ഷായുടെ നിലപാടിനെതിരെ രംഗത്തുവന്നിരുന്നു.

അമിത് ഷാക്ക് മറുപടിയുമായി രാഹുല്‍; വൈവിധ്യം ഇന്ത്യയുടെ ബഹീനതയല്ല, ശക്തിയാണ്

ന്യൂഡല്‍ഹി: ഹിന്ദിയെ രാഷ്ട്രഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യയ്ക്ക് ഒരുപാട് ഭാഷകളുണ്ട് എന്നത് രാജ്യത്തിന്റെ ബലഹീനതയല്ല എന്ന് ട്വിറ്ററില്‍ രാഹുല്‍ കുറിച്ചു.

രാജ്യത്ത് ഷെഡ്യൂള്‍ ചെയ്യപ്പെട്ട 23 ഭാഷകളുടെ പേരുകള്‍ അദ്ദേഹം ട്വീറ്റ് ചെയ്തു. ഒറിയ മുതല്‍ മണിപ്പൂരി വരെയുള്ള ഭാഷകള്‍ക്കൊപ്പമെല്ലാം ഇന്ത്യയുടെ പതാകയും ചേര്‍ത്തിട്ടുണ്ട്. പോസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറിന് അകം നാല്‍പ്പതിനായിരം പേര്‍ ട്വീറ്റ് ലൈക്ക് ചെയ്തു. പതിനായിരത്തോളം പേര്‍ റിട്വീറ്റ് ചെയ്തിട്ടുണ്ട്.

സെപ്തംബര്‍ 14ന് ആചരിക്കുന്ന ഹിന്ദി ദിവസ് ആഘോഷത്തിലാണ് ഹിന്ദിക്കു വേണ്ടി അമിത് ഷാ രംഗത്തെത്തിയിരുന്നത്.

ഹിന്ദിയെ രാഷ്ട്രഭാഷയാക്കണം എന്നത് മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്നമാണ്. രാജ്യത്ത് ധാരാളമായി സംസാരിക്കപ്പെടുന്ന ഭാഷയാണ് ഹിന്ദി. അതു കൊണ്ട് രാഷ്ട്രത്തെ ഏകീകരിക്കാനുള്ള ശേഷി അതിനുണ്ട്- എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

മിക്കവാറും എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കളും ഷായുടെ നിലപാടിനെതിരെ രംഗത്തുവന്നിരുന്നു. കര്‍ണാടകയിലെ ബി.ജെ.പി മുഖ്യമന്ത്രിയും ഹിന്ദിയല്ല വലുത് എന്ന് വ്യക്തമാക്കിയിരുന്നു.

>ഹിന്ദി സംസാരിക്കുന്നത് എത്രപേര്‍

നാല്‍പ്പത്തിനാല് ശതമാനം പേര്‍ ഹിന്ദി സംസാരിക്കുന്നു എന്നതാണ് ആ ഭാഷ രാഷ്ട്രഭാഷയാക്കണമെന്ന് ഷാ ആവശ്യപ്പെടാനുള്ള ന്യായങ്ങളില്‍ ഒന്ന്. എന്നാല്‍ 56 ശതമാനം പേര്‍ സംസാരിക്കുന്നത് ഹിന്ദിയല്ല എന്ന യാഥാര്‍ത്ഥ്യം മറുഭാഗത്ത് നില്‍ക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ ജനങ്ങളില്‍ 68 കോടി പേരും ഹിന്ദി സംസാരിക്കുന്നില്ല. 64.28 പേര്‍ സംസാരിക്കുന്നത് ഷെഡ്യൂള്‍ ചെയ്യപ്പെട്ട 21ല്‍ ഏതെങ്കിലും ഭാഷയാണ് (ഉദാ.മലയാളം,തമിഴ് തുടങ്ങിയവ). 3.98 കോടി പേര്‍ സംസാരിക്കുന്നത് ഷെഡ്യൂള്‍ ചെയ്യപ്പെടാത്ത 99 മറ്റു ഭാഷകളിലാണ് എന്ന് 2011ലെ സെന്‍സസ് പറയുന്നു.

Read More >>