കോണ്‍ഗ്രസ് ആസ്ഥാനത്തെ ബോര്‍ഡും മാറി; രാഹുലിന് പകരം ഇനി സോണിയ

തന്റെ രാജിയോടെ, വര്‍ഷങ്ങളായി പ്രവര്‍ത്തകസമിതിയില്‍ തുടരുന്ന പല മുതിര്‍ന്ന നേതാക്കളും രാജിവയ്ക്കുമെന്ന് രാഹുല്‍ പ്രതീക്ഷിച്ചിരുന്നു

കോണ്‍ഗ്രസ് ആസ്ഥാനത്തെ ബോര്‍ഡും മാറി; രാഹുലിന് പകരം ഇനി സോണിയ

ന്യൂഡല്‍ഹി: പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തതിന് പിന്നാലെ ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്ന് രാഹുല്‍ഗാന്ധിയുടെ നെയിംപ്ലേറ്റ് എടുത്തു മാറ്റി. പകരം സോണിയാ ഗാന്ധിയുടെ പേര് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ക്കൂടി വീണ്ടുമെത്തി.

കഴിഞ്ഞയാഴ്ചയാണ് ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ രാഹുലിന് പകരം സോണിയാ ഗാന്ധി വീണ്ടും പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തിരുന്നത്. സംഘടനാ തെരഞ്ഞെടുപ്പുകള്‍ കഴിയും വരെയാണ് സോണിയയുടെ കാലാവധി.

രാഹുല്‍ അദ്ധ്യക്ഷ പദം ഏറ്റെടുക്കും മുമ്പ് 1998 മുതല്‍ 2017 വരെ കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്നു സോണിയ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുല്‍ സ്ഥാനം രാജിവെച്ചിരുന്നത്. പ്രസിഡണ്ടായി തുടരണമെന്ന് മുതിര്‍ന്ന നേതാക്കള്‍ പലവുരു ആവശ്യപ്പെട്ടിരുന്നെങ്കിലും രാഹുല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയിരുന്നില്ല.

തല മാറിയതോടെ കോണ്‍ഗ്രസില്‍ പഴയ പടക്കുതിരകളുടെ സ്വാധീനം വര്‍ദ്ധിച്ചതായാണ് വിലയിരുത്തല്‍. രാഹുലുമായി അടുപ്പമുള്ള യുവനേതാക്കളുടെ ശബ്ദങ്ങള്‍ ദുര്‍ബലമാകുകയും ചെയ്യും.

ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആള്‍ വേണ്ട ഇനി അദ്ധ്യക്ഷ പദത്തില്‍ എന്ന രാഹുലിന്റെ കടുംപിടുത്തം അട്ടിമറിച്ചാണ് സോണിയ നേതൃത്വത്തിലെത്തിയത്.

തന്റെ രാജിയോടെ, വര്‍ഷങ്ങളായി പ്രവര്‍ത്തകസമിതിയില്‍ തുടരുന്ന പല മുതിര്‍ന്ന നേതാക്കളും രാജിവയ്ക്കുമെന്ന് രാഹുല്‍ പ്രതീക്ഷിച്ചിരുന്നു. അവരെ ഒഴിവാക്കി പാര്‍ട്ടിയെ ഊര്‍ജസ്വലമാക്കണമെന്നും രാഹുലിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ രാഹുലിന്റെ പ്രതീക്ഷ തെറ്റിച്ച് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ആരും രാജിക്ക് തയ്യാറായില്ല. പകരം, രാഹുലിന്റെ രാജി സ്വീകരിക്കില്ലെന്നു വാശി പിടിച്ചു. രാഹുലിനോട് അടുപ്പമുള്ള യുവനേതാക്കള്‍ രാജി പ്രഖ്യാപിച്ച് മുതിര്‍ന്നവരില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അതും ഫലം കണ്ടില്ല.

Read More >>