മന്ത്രി ജലീലിനെതിരെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍; സര്‍വകലാശാല തീരുമാനത്തില്‍ ഇടപെടാന്‍ മന്ത്രിക്ക് അധികാരമില്ല- സര്‍ക്കാര്‍ വെട്ടില്‍

മാര്‍ക്കുദാന വിവാദം ഉയര്‍ന്നപ്പോള്‍ താനോ തന്റെ ഓഫീസോ ഇടപെട്ടിട്ടില്ലെന്നും പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തിട്ടില്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്.

മന്ത്രി ജലീലിനെതിരെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍; സര്‍വകലാശാല തീരുമാനത്തില്‍ ഇടപെടാന്‍ മന്ത്രിക്ക് അധികാരമില്ല- സര്‍ക്കാര്‍ വെട്ടില്‍

തിരുവനന്തപുരം: മാര്‍ക്ക് ദാനവിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് എതിരെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍. സര്‍വകലാശാലാ തീരുമാനത്തില്‍ ഇടപെടാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് കൗണ്‍സില്‍ ഉപാദ്ധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കള്‍ വ്യക്തമാക്കി.

പരീക്ഷാ ഫലത്തിന് ശേഷം മാര്‍ക്കില്‍ ഇടപെടാന്‍ സര്‍ക്കാറിന് അധികാരമില്ല. അദാലത്തില്‍ മന്ത്രിയുടെ സ്റ്റാഫ് പങ്കെടുത്തത് നിയമവിരുദ്ധമാണ്. പരീക്ഷാ കണ്‍ട്രോളര്‍ക്ക് മാത്രമാണ് അതിന് അധികാരമുള്ളത്. പരീക്ഷാ ഫലത്തിന് ശേഷം മാര്‍ക്കില്‍ ഇടപെടാന്‍ സിന്‍ഡിക്കേറ്റിനും അധികാരമില്ല- അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ വി.സി ഡോ.ജാന്‍സി ജെയിംസും രംഗത്തെത്തി.

കെ.ടി ജലീലിന് എതിരെ പ്രതിപക്ഷം ആരോപണം കടുപ്പിച്ച വേളയിലാണ് മന്ത്രിക്കെതിരെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും രംഗത്തെത്തിയത്.

മന്ത്രി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും പദവിയൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ ജലീല്‍ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ആരോപണം ആവര്‍ത്തിച്ചും പുതിയ തെളിവുകള്‍ പുറത്തുവിട്ടും മന്ത്രിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

അതേസമയം, ഒന്നിനു പിറകെ മറ്റൊന്നായി ആരോപണങ്ങള്‍ ഉയരുന്നതു മന്ത്രിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എം.ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തിനു പിന്നാലെ കേരള സര്‍വ്വകലാശാലയിലെ അക്കാദമിക്-പരീക്ഷാ കലണ്ടറുകളില്‍ മാറ്റം വരുത്താന്‍ മന്ത്രി ഇടപെട്ടതിന്റെ തെളിവും പുറത്തുവന്നു. ഇതിനു പിന്നാലെയാണ് കോളജ് മാറ്റത്തിനായി മന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതായി ആരോപണമുയര്‍ന്നത്.

മാര്‍ക്കുദാന വിവാദം ഉയര്‍ന്നപ്പോള്‍ താനോ തന്റെ ഓഫീസോ ഇടപെട്ടിട്ടില്ലെന്നും പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തിട്ടില്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്. എന്നാല്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ മുഴുനീളെ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആരോപണങ്ങള്‍ നിഷേധിക്കുന്നതിനിടെ കൂടുതല്‍ തെളിവുകളുമായി പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതു മന്ത്രിയെ തീര്‍ത്തും വെട്ടിലാക്കുകയാണ്.

>ജുഡീഷ്യല്‍ അന്വേഷണം വേണം-ചെന്നിത്തല

മാര്‍ക്കുദാന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചട്ടവിരുദ്ധമായി മാര്‍ക്കു ദാനം നടത്തിയതിനു പുറമെ സര്‍വ്വകലാശാലകളുടെ അക്കാദമിക്-പരീക്ഷാ കലണ്ടറുകള്‍ മാറ്റാനും മന്ത്രിയും മന്ത്രിയുടെ ഓഫീസും ശ്രമിച്ചതായി തെളിവുകള്‍ പുറത്തുവന്നു. ഇതിനെല്ലാം പുറമെ കോളജ് മാറ്റത്തിനും മന്ത്രി ഇടപെട്ടതായാണ് പുതിയ ആരോപണം. സര്‍വ്വകലാശാലയുടെയും ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെയും വിശ്വാസ്യത മന്ത്രി കളഞ്ഞുകുളിച്ചിരിക്കുകയാണ്. മന്ത്രി നടത്തിയത് അധികാര ദുര്‍വിനിയോഗമാണ്. തെളിവുകള്‍ നിരത്തിയുള്ള ഒരു ആരോപണത്തിനും മന്ത്രിയോ മുഖ്യമന്ത്രിയോ മറുപടി പറയുന്നില്ല. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ കാത്തിരിക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

>വി.സിയുടെ റിപ്പോര്‍ട്ടു കാത്ത് ഗവര്‍ണര്‍

തിരുവനന്തപുരം: ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.കെ.ടി ജലീലിനെതിരായ മാര്‍ക്ക് ദാന വിവാദത്തില്‍ വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ടു കിട്ടിയശേഷം നിലപാടു വ്യക്തമാക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. പരാതികള്‍ ലഭിച്ചാല്‍ റിപ്പോര്‍ട്ടു തേടുന്നത് സ്വാഭാവികമായ നടപടിയാണ്. ഇക്കാര്യത്തിലും റിപ്പോര്‍ട്ടു ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നു ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എം.ജി സര്‍വകലാശാലാ വൈസ് ചാന്‍സലറോടു ഇന്നലെയാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ടു ആവശ്യപ്പെട്ടത്.

Read More >>