പ്രതിഷേധം പൊട്ടി; കശ്മീരില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം

നിരവധി പേര്‍ക്ക് സേനാ നടപടിയില്‍ പരിക്കേറ്റതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു

പ്രതിഷേധം പൊട്ടി; കശ്മീരില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം

ശ്രീനഗര്‍: നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കിയതിനു പിന്നാലെയുണ്ടായ പ്രതിഷേധങ്ങളില്‍ കശ്മീര്‍ താഴ്‌വര വീണ്ടും പുകയുന്നു. പ്രതിഷേധം പൊട്ടിയതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വീണ്ടും ബ്ലോക് ചെയ്തു.

ശനിയാഴ്ച നിരോധനാജ്ഞയില്‍ നല്‍കിയ ഇളവിനു പിന്നാലെ ശ്രീനഗറിലെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പന്ത്രണ്ടോളം സ്ഥലങ്ങളില്‍ പ്രതിഷേധമുണ്ടായതായും നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായും എ.ബി.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാഴ്ചയിലെ നിരോധനാജ്ഞയ്ക്കു ശേഷം തിങ്കളാഴ്ച സ്‌കൂളുകള്‍ തുറക്കാനിരിക്കെയാണ് വീണ്ടും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 190 സ്‌കൂളുകള്‍ തിങ്കളാഴ്ച തന്നെ തുറക്കുമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. 35 പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയതെന്ന് സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍ പറഞ്ഞു. ആറു സ്ഥലങ്ങളിലാണ് പ്രതിഷേധമുണ്ടായതായും എട്ടു പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിരവധി പേര്‍ക്ക് സേനാ നടപടിയില്‍ പരിക്കേറ്റതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ജമ്മു മേഖലയിലെ വിവിധ ഭാഗങ്ങളില്‍ നല്‍കിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു.

Read More >>