മോദി സര്‍ക്കാറിനെ പിന്തുണച്ച് വീണ്ടും കെജ്‌രിവാള്‍; പിഴ കുത്തനെ കൂട്ടിയത് അപകടം കുറയ്ക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിരന്തരം വിമര്‍ശിച്ചിരുന്ന അദ്ദേഹം കുറച്ചുകാലമായി ബി.ജെ.പിയോട് അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സ്വീകരിക്കുന്നത്

മോദി സര്‍ക്കാറിനെ പിന്തുണച്ച് വീണ്ടും കെജ്‌രിവാള്‍; പിഴ കുത്തനെ കൂട്ടിയത് അപകടം കുറയ്ക്കും

ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്ത്, കര്‍ണാടക അടക്കമുള്ള ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ പിഴയില്‍ സര്‍ക്കാറിനെ പഴിക്കുന്ന വേളയിലാണ് കെജ്‌രിവാള്‍ കേന്ദ്രത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

' പുതിയ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ഡല്‍ഹിയിലെ ട്രാഫികില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ജനത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ പരിശോധിക്കും. അതു കുറയ്ക്കുകയും ചെയ്യും' - അദ്ദേഹം പറഞ്ഞു.

നേരത്തെ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ വിഷയത്തിലും കെജരിവാള്‍ കേന്ദ്രത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ, സാമ്പത്തിക മാന്ദ്യം മോദി നന്നായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിരന്തരം വിമര്‍ശിച്ചിരുന്ന അദ്ദേഹം കുറച്ചുകാലമായി ബി.ജെ.പിയോട് അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സ്വീകരിക്കുന്നത്.

അതിനിടെ, ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ വീണ്ടും ഒറ്റ-ഇരട്ട അക്കവാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. നവംബര്‍ നാലു മുതല്‍ 15 വരെയാണ് നിയന്ത്രണം.

Next Story