ഭക്ഷണമില്ല, മരുന്നില്ല; കൊടുംപട്ടിണിയില്‍ റോഹിങ്ക്യകള്‍; നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി

റാഖിനെ സ്റ്റേറ്റില്‍ ആറു ലക്ഷ്യം റോഹിങ്ക്യകളാണ് അവശേഷിക്കുന്നത്

ഭക്ഷണമില്ല, മരുന്നില്ല; കൊടുംപട്ടിണിയില്‍ റോഹിങ്ക്യകള്‍; നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി

റങ്കൂണ്‍: മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യാ ഭീഷണി നേരിടുന്നു എന്ന് വസ്തുതാ പഠന സംഘം. നേരത്തെയുള്ള ഭീഷണി ഇപ്പോഴും അതു പോലെ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് സമിതി ചെയര്‍മാന്‍ മര്‍സൂഖി ദറുസ്മാന്‍ പറഞ്ഞു.

2016ല്‍ റാഖിനെ സ്‌റ്റേറ്റില്‍ ആരംഭിച്ച ഓപറേഷന്‍ 2017ഓടെ ശക്തിപ്രാപിച്ചു. ഇനിയും ആ ഭീഷണി നിലനില്‍ക്കുന്നു. ഓപറേഷനില്‍ ആയിരക്കണക്കിന് രോഹിന്‍ഗ്യകളാണ് കൊല്ലപ്പെട്ടത്. 740,000 പേര്‍ കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യാനും നിര്‍ബന്ധിതരായി.

റാഖിനെ സ്റ്റേറ്റില്‍ ആറു ലക്ഷ്യം റോഹിങ്ക്യകളാണ് അവശേഷിക്കുന്നത്. ഇവരുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ വെല്ലുവിളി നേരിടുന്നുണ്ട്. വിദ്യാഭ്യാസം നേടാനോ ചികിത്സിക്കാനോ പ്രാര്‍ത്ഥിക്കാനോ സംഘം ചേരാനോ ഇവര്‍ക്ക് കഴിയാത്ത സ്ഥിതിയാണുള്ളത്.

കൊലപാതകം, മാനഭംഗം, കൂട്ടമാനഭംഗം, പീഡനം, മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ മ്യാന്മര്‍ സൈന്യവും മറ്റു ഭരണസംവിധാനങ്ങളും നടത്തുന്നുണ്ട്.

കന്നുകാലികള്‍, ആടുകള്‍, കോഴികള്‍ എന്നിവയെ കൊല്ലുന്നതും അവരുടെ ജീവിതോപാധി മുടക്കുന്നതും പതിവാണ്. പണവും അനുമതിയും കൂടാതെ ഇവയെ ഇവിടെ നിന്ന് എടുത്തു കൊണ്ടു പോകുന്നു. വന്‍ ഭക്ഷ്യപ്രതിസന്ധിയാണ് റോഹിങ്ക്യകള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

കൃഷി ഭൂമിയില്‍ വിത്തിറക്കുന്നതിനും നിരോധമുണ്ട്. കൊടുംപട്ടിണിയുടെ മുമ്പിലാണ് ഇവരെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

പ്രദേശത്ത് അന്താരാഷ്ട്ര ഭക്ഷ്യപദ്ധതി, ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് എന്നിവയ്ക്ക് മാത്രമാണ് ഭക്ഷണം വിതരണം ചെയ്യാനുള്ള അനുമതിയുള്ളത്.

>കൂട്ടപ്പലായനം

യു.എന്നിന്റെ കണക്കു പ്രകാരം 2017 ഓഗസ്റ്റ് 25 വരെ 723,000 റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് അഭയാര്‍ത്ഥികളായി കുടിയേറിയത്. അതിര്‍ത്തിയിലെ നാഫ് നദി കടന്ന്് തീരനഗരമായ കോക്‌സസ് ബസാറിനടുത്താണ് മിക്ക അഭയാര്‍ത്ഥികളും താമസമാക്കിയിട്ടുള്ളത്. ടാര്‍പോളിന്‍, തകര ഷീറ്റുകള്‍ കൊണ്ട് മറച്ച കുടിലുകളിലാണ് ഇവരുടെ താമസം. ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളിലൊന്നായി കോക്‌സസ് ബസാറിലെ ചതുപ്പുകള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്് യു.എന്നിന്റെയും സന്നദ്ധ സംഘടനകളുടെയും അവശ്യസഹായങ്ങള്‍ മാത്രമാണ് ഇവരുടെ ഏക ആശ്രയം. അഭയാര്‍ത്ഥികളുടെ പുനരധിവാസം ബംഗ്ലാദേശ് ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കുകയും ചെയ്യുന്നു. മേഘ്‌ന നദിയില്‍ രൂപപ്പെട്ട ദ്വീപിലേക്ക് ഇവരെ മാറ്റിപ്പാര്‍പ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Read More >>