'ചുളുവിലയ്ക്ക്' പുതിയ റോയൽ എൻഫീൽഡ്; ക്ലാസിക് 350 എസ് വിപണിയിൽ

വില വർദ്ധനവ് കാരണം വാഹനം വാങ്ങിക്കാൻ മടിച്ചവർക്ക് ആശ്വാസമാണ് പുതിയ മോഡൽ.

ചെന്നൈ: യുവാക്കളുടെ ഹരമായ റോയൽ എൻഫീൽഡിന്റെ പുത്തൻ മോഡൽ വിപണിയിൽ. ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലാസിക് സീരിയസിൽ 350 സിസി വിഭാഗത്തിലാണ് പുതിയ മോഡൽ. ക്ലാസിക് 350 എസ് എന്നു പേരിട്ട മോഡൽ വിലക്കുറവിലാണ് എത്തിയിരിക്കുന്നത്. 1.45 ലക്ഷം രൂപയാണ് വാഹനത്തിന്റെ ചെന്നൈ എക്സ്ഷോറൂം വില.

സ്്റ്റാന്റേർഡ് ക്ലാസിക് 350 മോഡലിനെക്കാൾ 9000 രൂപയോളം കുറവാണ് പുതിയ ക്ലാസിക് 350 എസിന്. വില കുറയ്ക്കുന്നതിന്റെ ഭാഗമായി മുൻമോഡലിൽനിന്ന് ചില മാറ്റങ്ങളും ക്ലാസിക് എസിൽ വരുത്തിയിട്ടുണ്ട്. ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ.എസ് എന്നിവയുടെ വില കുറഞ്ഞ മോഡലുകളും അടുത്തിടെ റോയൽ എൻഫീൽഡ് വിപണിയിലെത്തിച്ചിരുന്നു. ഈ വർഷമാദ്യം ഇന്ത്യയിൽ നടപ്പിലാക്കിയ ഇരുചക്രവാഹന പരിഷ്‌കാരങ്ങക്കനുസരിച്ചു (125 സിസി ഡിസ്‌പ്ലേസ്മെന്റിനു മുകളിലുള്ള എല്ലാ ബൈക്കുകൾക്കും എ.ബി.എസ് നിർബന്ധം) ക്ലാസിക് 350-യിൽ മാറ്റങ്ങൾ ചേർത്തപ്പോൾ വില അല്പം വർദ്ധിച്ചിരുന്നു.

വില വർദ്ധനവ് കാരണം വാഹനം വാങ്ങിക്കാൻ മടിച്ചവർക്ക് ആശ്വാസമാണ് പുതിയ മോഡൽ. തുടക്കത്തിൽ ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുത്ത ഷോറുമുകളിൽ മാത്രമാണ് ക്ലാസിക് എസ് ലഭിക്കുക. വൈകാതെ കൂടുതൽ നഗരങ്ങളിലേക്കും വില കുറഞ്ഞ ക്ലാസിക് അവതരിപ്പിക്കുമെന്നാണ് കമ്പനി നൽകുന്ന വിവരം. പ്യൂർ ബ്ലാക്ക്, മെർക്കുറി സിൽവർ എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ക്ലാസിക് 350 എസ് ലഭ്യമാണ്.

ക്ലാസിക് 350 എസിന്റെ വില കുറയ്ക്കാൻ ബോഡിയിലെ ക്രോം ഫിനിഷിങ് ഒഴിവാക്കിയിട്ടുണ്ട്. ഫ്യുവൽ ടാങ്ക് ഒഴികെ പ്രധാന ഭാഗങ്ങളെല്ലാം കറുപ്പ് നിറത്തിലാണ്. ഫ്യുവൽ ടാങ്കിലെ ലോഗോയും സിംപിളാക്കി.കൂടാതെ ടാങ്ക് ഗ്രിപ് പാടുകൾ ഒഴിവാക്കിയിട്ടുണ്ട്.

ഡ്യുവൽ ചാനൽ എ.ബി.എസും പുതിയ ക്ലാസിക്കിലില്ല. മുന്നിൽ ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിൾ ചാനൽ എ.ബി.എസ്സുമുണ്ട്. (ക്ലാസിക് 350 ശ്രേണിയിലെ മറ്റുള്ള മോഡലുകളിലെല്ലാം ഇപ്പോൾ ഡ്യുവൽ-ചാനൽ എബിഎസ്സാണ് ഘടിപ്പിച്ചിരിക്കുന്നത്. ക്ലാസിക് 350 എസ് എന്ന പേരിലെ എസ് എന്ന അക്ഷരം ഈ സിംഗിൾ-ചാനൽ എബിഎസ്സിനെയാണ് സൂചിപ്പിക്കുന്നത്. )

പിന്നിൽ ഡിസ്‌ക് ബ്രേക്കിനു പകരം ഡ്രം ബ്രേക്കാണ്. (പുതിയ 350സിസി മോഡലുകൾക്ക് പിന്നിലും ഡിസ്‌ക് ബ്രേക്കുണ്ട്. )മെർക്കുറി സിൽവർ, പ്യുവർ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാകും.

മെക്കാനിക്കൽ ഫീച്ചേഴ്സിൽ മാറ്റമില്ല. 5250 ആർ.പി.എമ്മിൽ 19.8 ബി.എച്ച്.പി പവറും 4000 ആർ.പി.എമ്മിൽ 28 എൻ.എം ടോർക്കുമേകുന്ന 346 സി.സി സിംഗിൾ സിലിണ്ടർ എൻജിനാണ് ക്ലാസിക്ക് 350 എസിലും. 5 സ്പീഡാണ് ഗിയർബോക്സ്. 192 കിലോഗ്രാം മുതലാണ് ക്ലാസിക് 350 ബൈക്കുകളുടെ ഭാരം. 13.5 ലിറ്ററാണ് ഇന്ധന ടാങ്ക് കപ്പാസിറ്റി.

Read More >>