നിലമ്പൂരില്‍ മണല്‍ക്കടത്ത് തടയാൻ പൊലീസെത്തി; അരലക്ഷം കൈക്കൂലി വാങ്ങി മടങ്ങി!

ആദ്യം 40,000 രൂപ നൽകാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ വഴങ്ങിയില്ല

നിലമ്പൂരില്‍ മണല്‍ക്കടത്ത് തടയാൻ പൊലീസെത്തി; അരലക്ഷം കൈക്കൂലി വാങ്ങി മടങ്ങി!

സ്വന്തം ലേഖകന്‍

നിലമ്പൂർ: പൊലീസ് വാഹനത്തിലിടിച്ച മണൽ ലോറിക്കെതിരേ കേസെടുക്കാതെ അര ലക്ഷം രൂപ വാങ്ങി മണൽ സ്ക്വാഡില്‍ ഉൾപ്പെട്ട പൊലിസുകാരുടെ കേസ് ഒതുക്കൽ. നിലമ്പൂർ മമ്പാടാണ് സംഭവം. പണം വാങ്ങിയ രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി സസ്പെന്റ് ചെയ്തു. അന്വേഷണത്തിന് സ്പെഷൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി.

മമ്പാട് എ.ആർ ക്യാമ്പിലെ ഹാരിസ്, മനുപ്രസാദ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽകരീം സസ്പെന്റ് ചെയ്തത്. ഇവർ ലോറിയുടമകളിൽ നിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പൊലീസുകാർ സഞ്ചരിച്ച സ്വകാര്യ ബൈക്കിനെ ഇടിച്ചിട്ട മണൽ ലോറി ഉടമയിൽ നിന്ന് പൊലീസുകാർ ചേർന്ന് അര ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. നാലം​ഗ സംഘമാണ് പരിശോധനക്ക് പോയത്.

രണ്ട് ബൈക്കുകളിലായിരുന്നു പൊലീസുകാരുടെ യാത്ര. കൈകാണിച്ചെങ്കിലും മണൽലോറി നിർത്തിയില്ലെന്ന് മാത്രമല്ല പൊലീസുകാർ സഞ്ചരിച്ച ബൈക്ക് ഇടിച്ചിടുകയും ചെയ്തു. കേസാവാതിരിക്കാൻ മണൽ കടത്ത് സംഘം പൊലീസുകാരെ സമീപിക്കുകയും അര ലക്ഷം രൂപ നൽകി സംഭവം ഒതുക്കുകയുമായിരുന്നു. ആദ്യം 40,000 രൂപ നൽകാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ വഴങ്ങിയില്ല. തുടർന്ന് 10000രൂപ കൂടി നൽകുകയായിരുന്നു. മണൽ കടത്തിന് കേസെടുത്തെങ്കിലും വാഹനത്തിലിടിച്ചത് രേഖപ്പെടുത്താതെയാണ് സംഭവം ഒതുക്കിയത്.

മലപ്പുറം സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വാസുദേവനാണ് അന്വേഷണ ചുമതല. ഇദ്ദേഹം ഇന്നുരാവിലെ മമ്പാട് എത്തി മണൽ ലോറി ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. സ്പെഷൽ ബ്രാഞ്ച് നിയോ​ഗിച്ച സംഘത്തിലെ പൊലീസുകാരാണ് ഇവരെന്ന് ജില്ലാ പൊലീസ് മധാവി യു.അബ്ദുൽകരീം തത്സമയത്തോട് പറഞ്ഞു.

Read More >>