സാനിയയ്ക്ക് സ്വപ്‌ന തുല്യമായ തിരിച്ചുവരവ്; ഹോബാര്‍ട്ടില്‍ ഡബ്ള്‍സ് കിരീടം

സഖ്യത്തിന് 13580 യു.എസ് ഡോളര്‍ സമ്മാനമായി ലഭിക്കും

സാനിയയ്ക്ക് സ്വപ്‌ന തുല്യമായ തിരിച്ചുവരവ്; ഹോബാര്‍ട്ടില്‍ ഡബ്ള്‍സ് കിരീടം

ഹൊബാര്‍ട്ട്: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ ടെന്നിസ് സൂപ്പര്‍ താരം സാനിയ മിര്‍സയ്ക്ക് ഡബ്യൂ.ടി.എ ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഡബ്ള്‍സ് കിരീടം. നാദിയ കിചെനോക്കുമായി ചേര്‍ന്ന സഖ്യം ഫൈനലില്‍ ചൈനയുടെ ഷുവൈ പെങ്-ഷുവൈ ഴാങ് സഖ്യത്തെയാണ് കീഴടക്കിയത്. സ്‌കോര്‍ 6-4, 6-4.

ഒരു മണിക്കൂര്‍ 21 മിനിട്ട് നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു സാനിയ സഖ്യത്തിന്റെ ജയം. മകന്‍ ഇഷാന് ജന്മം നല്‍കിയ ശേഷമുള്ള 33 കാരിയുടെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. ഇതോടെ, മുന്നിലുള്ള ഒളിംപിക്‌സ്, ഓസ്‌ട്രേലിയന്‍ ഓപണ്‍ എന്നീ പ്രധാന ടൂര്‍ണമെന്റുകളിലേക്കുള്ള സാനിയയുടെ മുന്നൊരുക്കം കൂടുതല്‍ ഊര്‍ജ്ജ്വസ്വലമാകും.

ഡബ്ള്‍സില്‍ സാനിയയുടെ 42-ാം കിരീടനേട്ടമാണിത്. 2007 അമേരിക്കന്‍ പങ്കാളി ബെഥാനി മാറ്റക് സാന്‍ഡ്‌സിനൊപ്പം ബ്രിസ്ബണ്‍ ഇന്റര്‍നാഷണലാണ് ഇന്ത്യന്‍ താരം ആദ്യ കിരീടം നേടിയത്.

ഫൈനില്‍ ആദ്യഘട്ടത്തില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ചൈനീസ് സഖ്യത്തെ പരിചയസമ്പത്തു കൊണ്ടാണ് സാനിയ സഖ്യം നേരിട്ടത്. ആദ്യ ഗെയിമില്‍ ഒരുഘട്ടത്തില്‍ 4-4 ആയിരുന്നു സ്‌കോര്‍. എന്നാല്‍ നിര്‍ണായകമായ ബ്രേക്ക് നേടിയ സഖ്യം പിന്നീട് കളി കൈവിട്ടില്ല. ഒന്നാം ഗെയിമിന് സമാനമായിരുന്നു രണ്ടാം ഗെയിമും. 4-4ന് ഒപ്പം നിന്ന ശേഷമാണ് എട്ടാം ഗെയിമില്‍ സഖ്യം കളി പിടിച്ചെടുത്തത്.

സഖ്യത്തിന് 13580 യു.എസ് ഡോളര്‍ സമ്മാനമായി ലഭിക്കും. അന്താരാഷ്ട്ര റാങ്കിങില്‍ ഓരോരുത്തര്‍ക്കും 280 പോയിന്റ് വീതവും.

Next Story
Read More >>