കൈയടിക്കെടാ, പ്രതിഫലത്തുക മുഴുവന്‍ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കി സഞ്ജു സാംസണ്‍

ഈ കളിയുടെ എല്ലാ ക്രഡിറ്റും അവര്‍ക്കുള്ളതാണ്. കാരണം അവരെക്കൊണ്ടു മാത്രമാണ് കളിക്കാന്‍ കഴിഞ്ഞത്

കൈയടിക്കെടാ, പ്രതിഫലത്തുക മുഴുവന്‍ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കി സഞ്ജു സാംസണ്‍

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെയുള്ള മത്സരത്തില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സംസണിന്റെ ചിറകിലേറിയാണ് ഇന്ത്യ എ വിജയം കണ്ടത്. 48 പന്തില്‍ നിന്ന് 91 റണ്‍സ് നേടിയ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേത്. മഴയെ തുടര്‍ന്ന് 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ 204 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത് 168 റണ്‍സ്. സഞ്ജു തന്നെ മാന്‍ ഓഫ് ദ മാച്ച്.

തട്ടുതകര്‍പ്പന്‍ ഇന്നിങ്‌സിനേക്കാള്‍ മനോഹരമായ മറ്റൊരു കാര്യം കൂടി ആ മത്സരത്തിലുണ്ടായി. തനിക്ക് മാച്ച് ഫീയായി ലഭിച്ച ഒന്നര ലക്ഷം രൂപയും ഗ്രൗണ്ട് സ്റ്റാഫിന് നല്‍കിയാണ് സഞ്ജു ആരാധകരുടെ ഹൃദയം കവര്‍ന്നത്.

നന്നായി മഴ പെയ്ത കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം കളിക്കായി സജ്ജമായത് ഗ്രൗണ്ട് സ്റ്റാഫിന്റെ കൈമെയ് മറന്നുള്ള പ്രവര്‍ത്തനം മൂലമായിരുന്നു.

'ഈ കളിയുടെ എല്ലാ ക്രഡിറ്റും അവര്‍ക്കുള്ളതാണ്. കാരണം അവരെക്കൊണ്ടു മാത്രമാണ് കളിക്കാന്‍ കഴിഞ്ഞത്. അവിടെയും ഇവിടെയും നനവുണ്ടായിരുന്നെങ്കില്‍ കളി നടക്കില്ലായിരുന്നു. അവര്‍ക്ക് നന്ദി പറയണം. അതു കൊണ്ടാണ് മാച്ച് ഫീ അവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്' - ഇന്ത്യന്‍ എക്‌സ്പ്രസിനോട് സഞ്ജു പറഞ്ഞു.

കളിക്കു ശേഷം ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാനും ഗ്രൗണ്ട് സ്റ്റാഫിനൊപ്പം നിന്ന് ഫോട്ടോ എടുത്തു.

Read More >>