ഇന്ത്യയ്ക്ക് തിരിച്ചടി; കശ്മീര്‍ വിഷയത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങളുടെ യോഗം വിളിക്കാന്‍ സൗദി- ബന്ധം മോശമാകും

പൗരത്വ ഭേദഗതി വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുസ്‌ലിം രാഷ്ട്ര കൂട്ടായ്മ കശ്മീരിലും ഇടപെടുന്നത്.

ഇന്ത്യയ്ക്ക് തിരിച്ചടി; കശ്മീര്‍ വിഷയത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങളുടെ യോഗം വിളിക്കാന്‍ സൗദി- ബന്ധം മോശമാകും

റിയാദ്: ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ളബന്ധത്തെ ബാധിക്കാന്‍ ഇടവരുത്തുന്ന നീക്കങ്ങളിലൊന്നില്‍, കശ്മീര്‍ വിഷയത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങളുടെ യോഗം വിളിച്ച് സൗദി അറേബ്യ. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി) രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാരെയാണ് സൗദി വിളിച്ച കൂട്ടുന്നത്. പാകിസ്താന്റെ ഏറെക്കാലമായുള്ള ആവശ്യമാണിത്.

മലേഷ്യയില്‍ കഴിഞ്ഞയാഴ്ച നടന്ന ഒ.ഐ.സി യോഗത്തിലും പാകിസ്താന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ വിഷയം അന്താരാഷ്ട്ര വത്കരിക്കാനുള്ള പാകിസ്താന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമായാണ് അവര്‍ വിഷയത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നത്. ഈയാഴ്ച ഇസ്‌ലാബാദ് സന്ദര്‍ശിക്കുന്ന സൗദി വിദേശകാര്യമന്ത്രി ഫൈല്‍ ബിന്‍ ഫര്‍ഗഹാന്‍ അല്‍ സൗദിനെയും പാകിസ്താന്‍ വിഷയങ്ങള്‍ ധരിപ്പിക്കും.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ, വിശേഷിച്ചും മുസ്‌ലിംകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെച്ചാണ് കശ്മീരിന്റെ ഭരണഘടനാ പദവി എടുത്തു കളഞ്ഞത് എന്നാണ് പാകിസ്താന്റെ വാദം.

ഡിസംബര്‍ 22ന് പൗരത്വ ഭേദഗതി വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുസ്‌ലിം രാഷ്ട്ര കൂട്ടായ്മ കശ്മീരിലും ഇടപെടുന്നത്.

'ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന സമീപകാല സംഭവവികാസങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പൗരത്വ അവകാശ വിഷയം, ബാബരി മസ്ജിദ് കേസ് എന്നിവയില്‍ ആശങ്ക അറിയിക്കുന്നു. ഇന്ത്യയിലെ മുസ്ലിംകളുടെയും മുസ്ലിം വിശുദ്ധ സ്ഥലങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്' - ഒ.ഐ.സി ജനറല്‍ സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവന ആവശ്യപ്പെട്ടു.

യു.എന്‍ ചാര്‍ട്ടറിന് കീഴില്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ക്കു അനുസൃതമായി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കണം. അതില്‍ വിവേചനങ്ങള്‍ അരുത്. ഈ നയത്തിന് വിരുദ്ധമായ എന്തും സംഘര്‍ഷത്തിലേക്കാണ് എത്തിച്ചേരുക. മേഖലയിലെ സമാധാനത്തെയും സുരക്ഷയെയും ബാധിക്കുകയും ചെയ്യും- ജിദ്ദ ആസ്ഥാനമായ സംഘടന പറഞ്ഞു.

നിയമം മുസ്ലിംകള്‍ക്ക് എതിരല്ല എന്ന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. മുസ്ലിം രാഷ്ട്രങ്ങള്‍ തന്നെ ആദരിച്ച കാര്യവും പ്രസംഗത്തില്‍ മോദി എടുത്തു പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഒ.ഐ.സി കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നത്.

അഞ്ചു ദശാബ്ദത്തിനിടെ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയ്ക്ക് ഒ.ഐ.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു. ഗസ്റ്റ് ഓഫ് ഓണര്‍ എന്ന നിലയില്‍ അന്തരിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നത്.

Next Story
Read More >>