തൊഴില്‍ വിസയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ സൗദി; കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയ്ക്കാരെ

സൂക്ഷ്മ പരിശോധനയുടെ ഭാഗമായി തൊഴില്‍ പരീക്ഷയും വരുന്നുണ്ട്

തൊഴില്‍ വിസയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ സൗദി; കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയ്ക്കാരെ

റിയാദ്: അവിദഗ്ദ്ധ തൊഴില്‍ വിസയില്‍ വലിയ പരിഷ്‌കരണങ്ങള്‍ നടത്താന്‍ സൗദി ഭരണകൂടം. ഇത്തരം വിസകളില്‍ പ്രൊഫഷണല്‍ സൂക്ഷ്മ പരിശോധന നടത്താനാണ് സൗദി ഒരുങ്ങുന്നത്. വിസ വെരിഫിക്കേഷന്‍ ഡയറക്ടര്‍ ഡോ. നായിഫ് അല്‍ ഉമൈര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാര്‍ജയില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വര്‍ക്ക് ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത മാസം മുതല്‍ പരീക്ഷണാടിസ്്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സൂക്ഷ്മ പരിശോധന നടത്താന്‍ തീരുമാനമായതായി ഉമൈര്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തിന് ശേഷം ഇത് നിര്‍ബന്ധമാക്കും.

സൗദിയിലേക്ക് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ എത്തുന്ന ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഇന്തൊനേഷ്യ, ഈജിപ്ത്, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ വിസകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുക. 400-600 റിയാലാണ് വെരിഫിക്കേഷന്‍ ചാര്‍ജ്.

ആമില്‍ എന്ന് മാത്രമുള്ള ജോലിക്കാരുടെ ഇഖാമയാണ് മാറ്റത്തിന് വിധേയമാകുന്നത്. സൂക്ഷ്മ പരിശോധനയുടെ ഭാഗമായി തൊഴില്‍ പരീക്ഷയും വരുന്നുണ്ട്. അവിദഗദ്ധ തൊഴില്‍ മേഖല ആയതിനാല്‍ ഏതു തരത്തിലുള്ള പരീക്ഷയാണ് നടത്തുക എന്നതില്‍ വ്യക്തതയില്ല.

പ്ലംബര്‍, ഇലക്ട്രീഷ്യന്‍ വിസകളിലാണ് ആദ്യഘട്ടത്തില്‍ ഇതിന് നടപ്പാക്കുന്നത്. എയര്‍ കണ്ടീഷനിങ്, ഓട്ടോ ഇലക്ട്രീഷ്യന്‍, മെക്കാനിക്, കാര്‍പന്റര്‍, നിര്‍മാണ തൊഴിലാളികള്‍ എന്നിവരിലേക്കും ഇതു വ്യാപിപ്പിക്കും.

Read More >>