ജോളിയുടെ കാറില്‍ രഹസ്യ അറ; സയനൈഡ് എന്ന് തോന്നിക്കുന്ന വിഷവസ്തു കണ്ടെടുത്തു- കാര്‍ കസ്റ്റഡിയില്‍

കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ജോളിയുടെ കാറില്‍ രഹസ്യ അറ; സയനൈഡ് എന്ന് തോന്നിക്കുന്ന വിഷവസ്തു കണ്ടെടുത്തു- കാര്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖകന്‍

വടകര: കൂടത്തായി ദുരൂഹമരണക്കേസിലെ പ്രതി ജോളിയുടെ കാറില്‍ നിന്ന് വിഷ വസ്തു കണ്ടെത്തി. കാറിനുള്ളില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇത്. ഡ്രൈവര്‍ സീറ്റിന്റെ ഇടതു ഭാഗത്താണ് രഹസ്യ അറയുണ്ടായിരുന്നത്.

അറയിലെ പഴ്‌സില്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു വിഷവസ്തു സൂക്ഷിച്ചിരുന്നത്. ഇത് പരിശോധനക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അതിനിടെ, ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവിനും പിതാവ് സഖറിയാസിനുമെതിരെ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി സൂചനയുണ്ട്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തില്‍ ഇരുവരുടേയും പങ്ക് സ്ഥിരീകരിക്കുന്ന തെളിവുകളാണ് ലഭിച്ചത്. സിലിയുടേയും മകള്‍ ആല്‍ഫൈനിന്റേയും ഉള്‍പ്പെടെ ആറ് കൊലപാതകങ്ങളെക്കുറിച്ചും ഷാജുവിന് കൃത്യമായ അറിവുണ്ടായിരുന്നതായി ജോളി നേരത്തെ തന്നെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇന്നലെയും ഇന്നുമായി നടന്ന മാരത്തോണ്‍ ചോദ്യം ചെയ്യലില്‍ ജോളി ഷാജുവിനും സഖറിയക്കും ഒപ്പം ജോണ്‍സണെതിരെയും മൊഴി നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും അന്വേഷണസംഘത്തിലെ ഡിവൈ.എസ്.പി കെ.ബി.വേണുഗോപാല്‍, ബി.കെ സിജു എന്നിവര്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇരുവരേയും ഇന്ന് രാവിലെ മുതല്‍ വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യുന്നത്. ബി.എസ്.എന്‍.എല്‍ ജീവനക്കാരനും ജോളിയുടെ ഉറ്റസുഹൃത്തുമായ ജോണ്‍സണെ നാളെ ചോദ്യം ചെയ്യും.

അതേസമയം അന്നമ്മയുടേയും സിലിയുടേയും സ്വര്‍ണം ജോണ്‍സണ്‍ മുഖേന മൂന്ന് ബാങ്കുകളിലായി പണയം വച്ചതായി ജോളി മൊഴി നല്‍കി. താമരശ്ശേരി എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, കൂടത്തായി കോ ഓപറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിലാണ് സ്വര്‍ണം പണയം വച്ചത്. നാളെ ജോണ്‍സണെ ചോദ്യം ചെയ്യുന്നതിലൂടെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ജോളി നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ ഷാജുവിനേയും സഖറിയാസിനേയും ഒരുമിച്ചും അല്ലാതെയുമാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം ഇരുവരേയും അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രദേശം വിട്ടു പോകരുതെന്ന് ഇരുവര്‍ക്കും പൊലീസ് നിര്‍ദ്ദേശം നല്‍കി.

അതിനിടയില്‍ ഉത്തര മേഖലാ ഐ.ജിയുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് കാര്യാലയത്തില്‍ അന്വേഷണ സംഘത്തിന്റെ യോഗം ചേര്‍ന്നു. റൂറല്‍ എസ്.പി കെ.ജി സൈമണ്‍, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍ ഹരിദാസ്, ഡിവൈ.എസ്.പിമാരായ കെ.ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.

Read More >>